'രാജ്യത്തെ കോവിഡ് സ്ഥിതി പൂര്‍ണമായും നിയന്ത്രണാതീതമാകും'; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

കോവിഡിന് അനുയോജ്യമായ പെരുമാറ്റം പാലിക്കുന്നതില്‍ ജനങ്ങളുടെ പരാജയം പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന് കൂടുതല്‍ കാരണമായെന്ന് അദ്ദേഹം പറഞ്ഞു

ഡോ. രണ്‍ദീപ് ഗുലേറിയ

ഡോ. രണ്‍ദീപ് ഗുലേറിയ

 • Share this:
  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. രാജ്യത്ത് ഇത്തവണ അണുബാധ അതിവേഗം പടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  കോവിഡിന് അനുയോജ്യമായ പെരുമാറ്റം പാലിക്കുന്നതില്‍ ജനങ്ങളുടെ പരാജയം പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന് കൂടുതല്‍ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. 'ഫെബ്രുവരിയില്‍ കോവിഡ് കേസുകളില്‍ കുറവുണ്ടാകാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തി. ഇപ്പോള്‍ എല്ലാവരും രോഗത്തെ നിസ്സാരമായി കാണുന്നു. തിരക്കേറിയതും ആളുകള്‍ നിറയുന്നതുമായ റെസ്‌റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, കടകള്‍ എന്നിവ സൂപ്പര്‍ സ്പ്രഡര്‍ ആണ്' ഡോ. ഗുലേറിയ പറഞ്ഞു.

  നേരത്തെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അവരുടെ കോണ്‍ടാക്ടിലുള്ള 30 ശതമാനം ആളുകളില്‍ രോഗം ബാധിക്കുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ ആളുകളിലേക്ക് കോവിഡ് എത്താന്‍ കഴിയും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍ ഇപ്പോള്‍ കാണപ്പെടുന്ന തരത്തില്‍ കോവിഡ് വ്യാപന നിരക്ക് വര്‍ദ്ധിച്ചാല്‍ രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ വലിയ ആഘാതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

  കോവിഡിന് അനുയോജ്യമായ പെരുമാറ്റങ്ങള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'ജനങ്ങള്‍ തിരക്ക് കുറയ്ക്കണം, ഒത്തുചേരല്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കോവിഡിന് അനുയോജ്യമായ പെരുമാറ്റം കര്‍ശനമായി നടപ്പാക്കേണ്ടത് ഉറപ്പുവരുത്തണം'അദ്ദേഹം പറഞ്ഞു. രാജ്യത്ത് യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ ഉള്‍പ്പെടെ sars-cov-2 വൈറസിന്റെ പല വകഭേദങ്ങളും രാജ്യത്ത് പ്രചാരണത്തിലുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു.

  ഈ സാഹചര്യം മനുഷ്യരാശിക്ക് ബുദ്ധിമുട്ടുള്ള സമയമാണെന്ന് എയിംസ് മേധാവി അഭിപ്രായപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയും അതില്‍ മാറ്റം വരുത്താതിരിക്കുകയും ചെയ്താല്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യം നിയന്ത്രണതീതമായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

  കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ട് രോഗം ബാധിക്കുന്നത് തടയാന്‍ കഴിയില്ല. എന്നാല്‍ രോഗത്തിന്റെ വ്യാപ്തിയെ തടഞ്ഞ് കടുത്ത രൂപത്തിലേക്ക് എത്തുന്നത് തടയാന്‍ കഴിയും. അതുവഴി മരണനിരക്ക് കുറയ്ക്കുകയും ചെയ്യാമെന്നും അതിനാല്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും ഡോ. ഗുലേറിയ പറഞ്ഞു. അതേസമയം രാജ്യത്ത് റഷ്യന്‍ വാക്‌സിനായ സ്പൂട്‌നിക് V വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി.
  Published by:Jayesh Krishnan
  First published:
  )}