HOME » NEWS » Corona » ARE COVID VACCINES CAPABLE ENOUGH TO PROTECT AGAINST DELTA VARIANT GH

ഡെല്‍റ്റ പ്ലസ് വകഭേദം; കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ വാക്‌സിന്‍ പ്രതിരോധിക്കുമോ?

ഇന്ത്യയിൽ ഇതുവരെ 48 കോവിഡ് ബാധിതരിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിൽ 20 കേസുകളും മഹാരാഷ്ട്രയിൽ നിന്നുമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

News18 Malayalam | news18-malayalam
Updated: June 26, 2021, 12:58 PM IST
ഡെല്‍റ്റ പ്ലസ് വകഭേദം; കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ വാക്‌സിന്‍ പ്രതിരോധിക്കുമോ?
Corona vaccine
  • Share this:
കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ വ്യാപനം രാജ്യത്ത് ആശങ്കകൾ സൃഷ്ടിക്കുന്നു. ഇന്ത്യയിൽ ഇതുവരെ 48 കോവിഡ് ബാധിതരിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിൽ 20 കേസുകളും മഹാരാഷ്ട്രയിൽ നിന്നുമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. "കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ആശങ്ക ഉയർത്തുന്ന ആദ്യത്തെ വൈറസ് വകഭേദം യു.കെയിലാണ് കണ്ടെത്തിയത്. ഇപ്പോൾ ഇത്തരത്തിലുള്ള നാല് വകഭേദങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടന അവയ്ക്ക് പേര് നൽകിയിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ വകഭേദമാണ് ഡെൽറ്റ", ബയോടെക്‌നോളജി വകുപ്പിന്റെ സെക്രട്ടറി രേണു സ്വരൂപ് പറയുന്നു.

ഡെൽറ്റ വകഭേദത്തിൽ വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചതാണ് K417N. ഈ വകഭേദത്തെക്കുറിച്ച് ഗൗരവതരമായ പഠനങ്ങൾ നടന്നു വരുന്നു. "ഇന്ത്യയിൽ 300 സ്ഥലങ്ങളിൽ നിന്നായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 28 ലാബുകളിൽ അവയുടെ ജനിതക ശ്രേണീകരണം നടക്കുന്നുണ്ട്. ആശുപത്രികൾ രോഗത്തിന്റെ തീവ്രത സംബന്ധിച്ച വിവരങ്ങൾ ഞങ്ങൾക്ക് നൽകുകയും ഞങ്ങൾ അവരുമായി നേരിട്ടുള്ള ഏകോപനം നടത്തുകയും ചെയ്യുന്നുണ്ടെന്ന്", രേണു സ്വരൂപ് പറഞ്ഞു.

കൂടുതൽ പഠനങ്ങൾക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 65,000 സാമ്പിളുകൾ ശേഖരിച്ചതായാണ് വിവരം. ഒരു വകഭേദം പൊതുജനാരോഗ്യത്തെ ബാധിക്കാൻ തുടങ്ങിയാൽ രോഗവ്യാപനത്തെ പ്രതിരോധിക്കാൻ അതിന്റെ ജനിതക അടയാളങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ആശങ്ക ഉയർത്തുന്ന വകഭേദങ്ങൾ മൂലം രോഗബാധിതരായ 21,000-ത്തിലേറെ രോഗികൾ രാജ്യത്തെമ്പാടുമുണ്ടെന്നാണ് കേന്ദ്രം നൽകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

"ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരെ കോവിഷീൽഡ്‌, കോവാക്സിൻ എന്നീ വാക്സിനുകൾ പ്രതിരോധം നൽകും. നിലവിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം 12 രാജ്യങ്ങളിലാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇന്ത്യയിൽ 48 രോഗികളിൽ ഡെൽറ്റ പ്ലസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ പ്രാദേശിക തലത്തിൽ മാത്രമാണ് നിലകൊള്ളുന്നത്", ഐ സി എം ആറിന്റെ ഡയറക്റ്റർ ജനറൽ ബൽറാം ഭാർഗവ പറയുന്നു.

"ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ വകഭേദങ്ങളെ പോലെ ഡെൽറ്റ പ്ലസിനെയും വിശദമായി പഠിച്ചു വരികയാണ്. ഇതിനെതിരെ വാക്സിൻ എത്രത്തോളം ഫലപ്രദമാണ് എന്നത് സംബന്ധിച്ച ലബോറട്ടറി പരിശോധനകളും നടന്നു വരുന്നു. 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ നമുക്ക് ഇതിന്റെ ഫലം ലഭിക്കും", അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസിന് സംഭവിക്കുന്ന ജനിതക വ്യതിയാനം സസൂക്ഷ്‌മം നിരീക്ഷിക്കേണ്ടതുണ്ടെന്നും എങ്കിൽ മാത്രമേ അവ വാക്സിന്റെ പ്രതിരോധത്തെ മറികടക്കുന്നുണ്ടോ, കൂടുതൽ രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടോ, രോഗതീവ്രത കൂടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ നടത്തിയ ജനിതക (ജീനോമിക്) പഠനത്തിലാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ സ്രവത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പ്രസ്തുത രോഗികളും, ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരും നിലവില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
Published by: Sarath Mohanan
First published: June 26, 2021, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories