കോവിഡ്-19 പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നവർക്ക് സൗജന്യമായി 20 കിലോഗ്രാം അരി വാഗ്ദാനം ചെയ്ത് അരുണാചൽ പ്രദേശിലെ പ്രാദേശിക ഭരണകൂടം. ഗ്രാമീണ ജനങ്ങൾക്കിടയിൽ വാക്സിനേഷൻ എടുക്കുന്നതിനെതിരെ പ്രചാരണം ശക്തമായതോടെയാണ് സൗജന്യ വാഗ്ദാനങ്ങളുമായി ഉദ്യോഗസ്ഥർ എത്തിയത്. സൗജന്യ അരി പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥർക്കും കാര്യങ്ങൾ എളുപ്പമായിരിക്കുകയാണ്. പ്രഖ്യാപനത്തിനു ശേഷം 80ലധികം പേരാണ് വാക്സിൻ സ്വീകരിക്കാൻ എത്തിയത്.
വാക്സിൻ എടുക്കുന്നതിന് ആളുകൾ എത്താതിരുന്നപ്പോൾ ലോവർ സുബൻസിരി ജില്ലയിലെ യസാലി സർക്കിൾ ഓഫീസറായ താഷി വാങ്ചുക്ക് ആണ് പദ്ധതി വിഭാവനം ചെയ്തത്. 2016 ബാച്ചിലെ എപിസിഎസ് ഓഫീസർ കൂടിയാണ് അദ്ദേഹം. 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് വാക്സിനൊപ്പം സൗജന്യ അരി നൽകുന്നത്. മേഖലയിൽ വാക്സിൻ വിതരണം വ്യാപകമാക്കുന്നതിന് ഇതുപോലുള്ള കൂടുതൽ പദ്ധതികൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് താഷി വാങ്ചുക്ക് പറഞ്ഞു. ജൂൺ 20നകം യസാലി സർക്കിളിൽ മുഴുവൻ ആളുകൾക്കും വാക്സിൻ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
45 വയസിനു മുകളിലുള്ള 1399 പേരാണ് യസാലി സർക്കിളിൽ ഉള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സൗജന്യ അരി ലഭിക്കുമെന്നായതോടെ വാക്സിൻ എടുക്കുന്നതിനായി നിരവധി ആളുകൾ വളരെ ദൂരെയുള്ള ഗ്രാമങ്ങളിൽ നിന്ന് പോലും പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് കാൽനട ആയാണ് എത്തിയത്. എല്ലാ ഗ്രാമങ്ങളിലും വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും പ്രാദേശിക ഭരണകൂടം നടത്തുന്നുണ്ട്.
വെള്ളി, ശനി ദിവസങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും താഷി വാങ്ചുക്ക് പറഞ്ഞു. സൗജന്യ അരി നൽകുന്ന പദ്ധതി തുടരുമെങ്കിലും ഇനി മുതൽ 20 കിലോ 10 കിലോയായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
വിവേകാനന്ദ കേന്ദ്ര വിദ്യാലയത്തിലെ രണ്ടു പൂർവ വിദ്യാർത്ഥികളാണ് വാക്സിനേഷൻ സ്വീകരിക്കുന്നവർക്ക് നൽകാനുള്ള അരി സ്പോൺസർ ചെയ്തത്. അതേസമയം, കോവിഡ് വാക്സിനെ സംബന്ധിച്ച് നിരവധി കിംവദന്തികൾ അരുണാചൽ പ്രദേശിലെ ഗ്രാമീണ മേഖലയിൽ പ്രചരിക്കുന്നുണ്ട്. വാക്സിൻ എടുത്താൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും സൂക്ഷ്മമായ ട്രാക്കിംഗ് ഡിവൈസുകൾ വാക്സിനൊപ്പം കുത്തിവയ്ക്കുന്നു എന്നെല്ലാമുള്ള വ്യാജ പ്രചാരണങ്ങളാണ് വടക്കു കിഴക്കൻ മേഖലയിൽ പ്രചരിപ്പിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, സംസ്ഥാനത്ത് ഇതുവരെ 395445 പേർ വാക്സിൻ സ്വീകരിച്ചതായി സംസ്ഥാന ഇമ്മ്യൂണൈസേഷൻ ഓഫീസർ ദിമോങ് പാദുവ പറഞ്ഞു.
അരുണാചൽപ്രദേശിൽ ഇതുവരെ 30,850 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപോർട്ട് ചെയ്തത്. ഇതിൽ 27,438 പേർ രോഗ മുക്തരായി. കോവിഡ് ബാധിച്ച് 138 പേർ മരണപ്പെട്ടു. ഇതിനിടെ ഇന്നലെ മാത്രം സംസ്ഥാനത്ത് 358 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 288 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇന്നലെ അഞ്ചു പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.31 ശതമാനമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arunachal Pradesh, COVID-19 Vaccine, Free Rice for Vaccination