തിരുവനന്തപുരം: പുന്നപ്രയില്‍ ആംബുലന്‍സ് ലഭിക്കാതെ രോഗിയെ ബൈക്കില്‍ കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികള്‍ക്ക് ബൈക്ക് ആംബുലന്‍സ് പകരമാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പുന്നപ്രയിലെ രണ്ടു ചെറുപ്പക്കാർ ചെയ്തത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പകരം വാഹനങ്ങൾ സജ്ജമാക്കണമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില തദ്ദേശ സ്ഥാപനങ്ങളില്‍ മതിയായ കോവിഡ് ചികിത്സാ സൗകര്യങ്ങളില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പല വാര്‍ഡ്തല സമിതികളും നിഷ്ക്രിയമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ ഉടന്‍ രൂപീകരിക്കണമെന്നും വീടുകള്‍ സന്ദര്‍ശിച്ച് സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ് തല കമ്മിറ്റികള്‍ ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളില്‍ ആവശ്യമായ ചികിത്സ ഒരുക്കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം. ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. അതിര്‍ത്തിയില്‍ നടക്കുന്ന വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ക്രമീകരണം ഉണ്ടാക്കണം.
കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം മറവുചെയ്യുന്നതിന് വേണ്ട സഹായവും പാലിക്കേണ്ട നടപടിക്രമങ്ങളും വാര്‍ഡ്തല സമിതികള്‍ ചെയ്തുകൊടുക്കണം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയില്‍ വാര്‍ഡ് തല സമിതി കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷനില്‍ വാര്‍ഡ് തല സമിതിയിലെ അംഗങ്ങള്‍ക്ക് ആദ്യപരിഗണന നല്‍കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം. ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ ഇന്ത്യയിൽ കോവിഡ് മരണ നിരക്കിൽ റെക്കോർഡ് വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 4,187 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.38 ലക്ഷമായി.
ഇന്നലെ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് രോഗികളുടെ എണ്ണം 4,01,078 ആണ്. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസ് നാല് ലക്ഷം കടക്കുന്നത്. അതേസമയം, രണ്ട് ദിവസമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് കാണുന്നതും ആശ്വാസകരമാണ്. വ്യാഴാഴ്ച്ച 4.12 ലക്ഷമായിരുന്നു കോവിഡ് രോഗികൾ. വെള്ളിയാഴ്ച്ച 4.14 ലക്ഷവുമായിരുന്നു.
പുതിയ കണക്കുകളോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,18,92,676 ആയി. 24 മണിക്കൂറിനിടയിൽ 3,18,609 പേർ ആശുപത്രി വിട്ടു. ഇതുവരെ 1,79,30,960 പേർ കോവിഡ് മുക്തരായതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 37,23,446 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.