COVID 19| തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം ആശങ്കാജനകം; സൈന്യത്തിന്റെ സഹായം തേടണമെന്ന് വി.വി. രാജേഷ്

കോവിഡ് പടർന്നുപിടിച്ച ഡൽഹിയിലും ഗുജറാത്തിലും രോഗം നിയന്ത്രണവിധേയമാക്കുവാൻ പ്രതിരോധപ്രവർത്തനങ്ങളിലെ സൈന്യത്തിന്റെ സാന്നിധ്യം വളരെ ഗുണകരമായിട്ടുണ്ടെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

News18 Malayalam | news18-malayalam
Updated: July 24, 2020, 8:24 PM IST
COVID 19| തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം ആശങ്കാജനകം; സൈന്യത്തിന്റെ സഹായം തേടണമെന്ന് വി.വി. രാജേഷ്
News18 Malayalam
  • Share this:
തിരുവനന്തപുരം: ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സൈന്യത്തിന്റെ സഹായം തേടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. ജില്ലയിൽ രോഗവ്യാപനം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് സൈന്യത്തെ ഏൽപ്പിയ്ക്കുന്നതാണ് നല്ലത്. ആദ്യ ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു കൂടുതൽ രോഗവ്യാപനം എങ്കിൽ ഇപ്പോൾ ഗ്രാമീണ മേഖലകളിലും തുല്യമായ സാഹചര്യമാണുള്ളതെന്നും വി വി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

കോവിഡ് പടർന്നുപിടിച്ച ഡൽഹിയിലും ഗുജറാത്തിലും രോഗം നിയന്ത്രണവിധേയമാക്കുവാൻ പ്രതിരോധപ്രവർത്തനങ്ങളിലെ സൈന്യത്തിന്റെ സാന്നിധ്യം വളരെ ഗുണകരമായിട്ടുണ്ടെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

ജില്ലയിൽ രോഗം പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രണ്ടും മൂന്നും ദിവസങ്ങൾ കഴിഞ്ഞാണ് രോഗികളെ കൊണ്ടുപോകാൻ ആരോഗ്യവകുപ്പ് അധികൃതരും ആംബുലൻസും എത്തുന്നത്. ഇത് രോഗികൾക്കും ബന്ധുക്കൾക്കും ഉണ്ടാക്കുന്ന മാനസിക സമ്മർദം ചെറുതല്ല. ശ്രവ പരിശോധനയുടെ ഫലം വരാൻ ആറു ദിവസംവരെ താമസിക്കുന്നത് രോഗവ്യാപനത്തിന്റെ ആക്കം വർധിപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുഉള്ള രോഗികൾക്ക് മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ പോലും പലയിടത്തും ലഭ്യമല്ല. ശുചിമുറികളും ചികിത്സാ കേന്ദ്രങ്ങളും വൃത്തിയാക്കുവാൻ മതിയായ ജീവനക്കാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും പിപിഇ കിറ്റുകളും നിലവാരമുള്ള ഗ്ലൗസും മാസ്ക്കുകളും ലഭിക്കാത്തത് അവരെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭിക്കാത്തതും ഇടയ്ക്ക് വിശ്രമത്തിന് ആവശ്യമായ സമയം ലഭിക്കാത്തതും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തന ശേഷി കുറയ്ക്കുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും തുടർച്ചയായി അണുബാധ ഏൽക്കുന്നത് ഗുരുതരമായ സാഹചര്യത്തിൽ എത്തിക്കും.


സൈന്യത്തിന്റെ സഹായത്തോടെ ദിവസങ്ങൾ കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രി തയാറാക്കാൻ ഡൽഹിയിൽ സാധിച്ചു. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും മരുന്നുകളും എത്തിക്കുവാനും ആയിരക്കണക്കിന് കിടക്കകളുള്ള താൽക്കാലിക ആശുപത്രികളും നൂറുകണക്കിന് ശുചിമുറികളും ദിവസങ്ങൾ കൊണ്ടുതന്നെ നിർമിക്കാനുമുള്ള ശേഷി സൈന്യത്തിനുണ്ട്. ജനപ്രതിനിധികൾ പലരും കോവിഡ് ചികിത്സയിലും നിരീക്ഷണത്തിലും ആയതുകൊണ്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ജനങ്ങൾക്ക് ആശ്രയിക്കുവാൻ ആരുമില്ലാത്ത സ്ഥിതി ഉടലെടുത്തു കഴിഞ്ഞു.
TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]

ലോക്ക് ഡൗൺ പ്രദേശങ്ങളിൽ സൈന്യത്തിന്റെ ഹെല്പ് ഡെസ്കുകൾ വഴി ഭക്ഷണവും മരുന്നും നൽകാനാരംഭിച്ചാൽ ജനങ്ങൾക്ക് വളരെ വലിയ ആശ്വാസമാകും. ആശുപത്രികളിലും ക്വറന്റീൻ‌ കേന്ദ്രങ്ങളിലും പരിശീലനം ലഭിച്ച സൈനികരായ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ വിന്യസിക്കുന്നത് പരിപാലനത്തിലെ കാര്യക്ഷമത വർധിപ്പിക്കും. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഗുജറാത്തും ഡൽഹിയും പ്രതിസന്ധി തരണം ചെയ്തത് കേന്ദ്ര സർക്കാർ വഴി സൈനിക സഹായം തേടിയാണ്. ഗതാഗത നിയന്ത്രണവും മറ്റ് ക്രമസമാധാനപാലനവും മാത്രം കേരള പൊലീസ് കൈകാര്യം ചെയ്യുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സൈന്യത്തെ ഏൽപ്പിക്കുകയും ചെയ്യുന്നത് വരും ദിവസങ്ങളിൽ വളരെ ഗുണം ചെയ്യും.തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഈ ഘട്ടം തരണം ചെയ്യാം എന്ന് ചിന്തിക്കുന്നത് അപകടകരമാണ്. മുഖ്യമന്ത്രിയുടെ 6 മണിക്കുള്ള വാർത്താസമ്മേളനം കൊണ്ടുമാത്രം കോവിഡിനെ പ്രതിരോധിക്കാം എന്ന് ചിന്തിക്കുന്നത് ജനങ്ങളുടെ ജീവൻ പന്താടുന്നതിന് സമാനമായിരിയ്ക്കും. ഇക്കാര്യങ്ങൾ മുഖവിലക്കെടുത്ത് അടിയന്തരമായി തിരുവനന്തപുരം ജില്ലയിലെ യഥാർത്ഥ സാഹചര്യം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി സൈന്യത്തിന്റെ സാന്നിധ്യം പ്രതിരോധ പ്രവർത്തനമേഖലയിൽ ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു.
Published by: Rajesh V
First published: July 24, 2020, 8:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading