ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം ഔദ്യോഗിക വസതിയിൽ ക്വറന്‍റീനിലായി. സമ്പർക്കത്തിൽ വന്ന ഒരു എംപിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ബോറിസ് ജോൺസൻ കോവിഡ് ടെസ്റ്റിന് വിധേയനായത്.
അതേസമയം അദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും, ഔദ്യോഗിക ജോലികൾ വീട്ടിലിരുന്ന് നിർവ്വഹിക്കുമെന്നും സർക്കാർ വക്താവ് അറിയിച്ചു. ഏപ്രിലിൽ കോവിഡ് ബാധിതനായ ബോറിസ് ജോൺസൻ ഗുരുതരാവസ്ഥയിലായിരുന്നു. മൂന്നു ദിവസത്തിലേറെ അദ്ദേഹത്തിന് ഐസിയുവിൽ കഴിയേണ്ടിയും വന്നു.
ഒരിടവേളയ്ക്കുശേഷം രോഗവ്യാപനം വർദ്ധിച്ചതോടെ ഇംഗ്ലണ്ടിൽ വീണ്ടും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രി വീണ്ടും രോഗബാധിതനായത്. പ്രതിദിന രോഗനിരക്കും മരണനിരക്കും ബ്രിട്ടനിൽ കൂടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ലോകത്ത് ഇതിനോടകം 5.4 കോടി പേർക്ക് കോവിഡ് പിടിപെട്ടു. ഇതിൽ 13 ലക്ഷത്തോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. യൂറോപ്പിൽ ഉൾപ്പടെ മിക്ക രാജ്യങ്ങളിലും രോഗവ്യാപനം വീണ്ടും ഉയരുന്നത് ആശങ്കാജനകമാക്കിയിട്ടുണ്ട്. ഇതോടെ കൂടുതൽ രാജ്യങ്ങളിൽ വീണ്ടും ലോക്ക്ഡൌൺ ഏർപ്പെടുത്താൻ നീക്കം നടക്കുകയാണ്. മഹാമാരിയുടെ രണ്ടാം തരംഗമാണ് ഇപ്പോൾ യൂറോപ്പിലുള്ളതെന്ന് വിദഗ്ദ്ധർ പറയുന്നു.
രോഗനിയന്ത്രണ നടപടിക്രമങ്ങൾ ഇനിയും മാസങ്ങളോളം തുടരേണ്ടി വരുമെന്ന് ജർമ്മനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കർശനമായ നിയന്ത്രണ നടപടികൾ വൈറസ് വ്യാപനം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെങ്കിലും “ഞങ്ങൾ ഇതുവരെ വൈറസിനെതിരെ വിജയിച്ചിട്ടില്ല” എന്ന് ആരോഗ്യമന്ത്രി ഒലിവിയർ വെരാൻ മുന്നറിയിപ്പ് നൽകി. ഓസ്ട്രിയയിൽ ഉൾപ്പടെ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്.
ഹോങ്കോങ്ങിൽ, ബാറുകളിലും റെസ്റ്റോറന്റുകളിലുമുള്ള ആളുകളുടെ എണ്ണത്തിൽ തിങ്കളാഴ്ച മുതൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് ഏറ്റവും രൂക്ഷമായ ബാധിച്ച അമേരിക്കയിലും രോഗവ്യാപനത്തിൽ കുറവില്ല. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1.1 കോടി കവിഞ്ഞു. ഒരാഴ്ചയ്ക്കിടെ 10 ലക്ഷം പുതിയ കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boris Johnson Covid positive, British Prime Minister Boris Johnson, Covid positive