ബീജിങ്: ചൈനയില്‍ നോവെൽ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകയെ ജയിലില്‍ അടച്ചു. വുഹാന്‍ നഗരത്തില്‍ കോവിഡ് ലോക്ക്ഡൗണ്‍ സമയത്തെ ജനങ്ങൾ അഭിമുഖീകരിച്ച പ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത സിറ്റിസണ്‍ ജേണലിസ്റ്റ് സാങ്ങ് സാനെയാണ് നാല് വര്‍ഷം ജയിലിലടക്കാന്‍ കോടതി ഉത്തരവിട്ടത്. 37 കാരിയായ സാങ്ങ് സാന്‍ കുറ്റക്കാരിയാണെന്ന് തിങ്കളാഴ്ച രാവിലെ ഷാങ്ഹായ് പുഡോംഗ് ന്യൂ ഏരിയ പീപ്പിള്‍സ് കോടതി കണ്ടെത്തിയിരുന്നു.
അവരുടെ നിരീക്ഷണങ്ങളും ഫോട്ടോകളും വീഡിയോകളും വീചാറ്റ്, ട്വിറ്റർ, യൂട്യൂബ് എന്നിവയിൽ പോസ്റ്റുചെയ്തു - അവയിൽ രണ്ടെണ്ണം ചൈന ബ്ലോക്ക് ചെയ്തിരുന്നു. മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു, പ്രകോപനകരമായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നിവയാണ് ചുമത്തപ്പെട്ട കുറ്റങ്ങള്‍.
ലോക്ക്ഡൗണ്‍ സമയത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള ഘട്ടത്തിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ചുരുക്കം ചില മാധ്യമപ്രവർത്തകരിൽ ഒരാളാണ് സാങ്ങ് സാന്‍. മെയ് മുതല്‍ ഷാങ്ഹായിലെ പുഡോംഗ് ജില്ലയിലെ ഒരു തടങ്കല്‍ കേന്ദ്രത്തിലാണ് സാങ്ങ് സാനിനെ പാർപ്പിച്ചിരിക്കുന്നത്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച് ഇവർ നിരാഹാരത്തിലായിരുന്നു.
തടങ്കലിൽ കഴിയുമ്പോൾ അനാരോഗ്യം പിടിപെട്ടതിനെ തുടർന്ന് തിങ്കളാഴ്ച വീൽചെയറിലിരുന്നാണ് ഷാങ് ഹിയറിംഗിൽ പങ്കെടുത്തതെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു. “വുഹാൻ കോവിഡ് -19 പകർച്ചവ്യാധി സാഹചര്യത്തെ ദോഷകരമായി ഇളക്കിവിടാൻ” “വലിയ അളവിൽ വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിച്ചു” എന്നും റേഡിയോ ഫ്രീ ഏഷ്യ, എപോക് ടൈംസ് എന്നിവയുൾപ്പെടെയുള്ള വിദേശ മാധ്യമങ്ങളിൽ അവർ അഭിമുഖങ്ങൾ നൽകിയതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
അതേസമയം കോടതി നടപടിക്കിടെ കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കപ്പെടുന്ന വ്യാജ വിവരങ്ങളുടെ വ്യക്തമായ തെളിവുകളൊന്നും പ്രോസിക്യൂട്ടർമാർ പ്രദർശിപ്പിച്ചിട്ടില്ലെന്ന് ഷാങ്ങിന്റെ അഭിഭാഷകൻ പറഞ്ഞു. തന്റെ കക്ഷി വിചാരണ വേളയിൽ കുറ്റം സമ്മതിക്കാൻ വിസമ്മതിക്കുകയും ചെയ്തതായി അഭിഭാഷകൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.