News 18 Exclusive | കേരളത്തെ പുകഴ്ത്തിയവർ എവിടെ? സ്ഥിതിഗതികൾ രൂക്ഷമായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ

'മുമ്പ് ദിവസവും വാർത്താ സമ്മേളനം നടത്തി കരുതൽ പഠിപ്പിച്ച മുഖ്യമന്ത്രിയെ ഇപ്പോൾ കാണാനില്ല. മുഖ്യമന്ത്രി ഉണ്ടോ എന്ന് പോലും അറിയില്ല'

വി മുരളീധരൻ, പിണറായി വിജയൻ

വി മുരളീധരൻ, പിണറായി വിജയൻ

  • Share this:
    ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍. ഒന്നാം തരംഗത്തില്‍ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്ത്തിയവര്‍ ഇപ്പോള്‍ എവിടെയെന്ന് മുരളീധരന്‍ ചോദിച്ചു. കേരളത്തിലെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടു. രോഗവ്യാപനം ഗുരുതരമായ അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    മുമ്പ് ദിവസവും വാർത്താ സമ്മേളനം നടത്തി കരുതൽ പഠിപ്പിച്ച മുഖ്യമന്ത്രിയെ ഇപ്പോൾ കാണാനില്ലെന്ന് വി മുരളീധരൻ പറഞ്ഞു. സ്ഥിതിഗതികൾ ഇത്രത്തോളം ഗുരുതരമായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. മുഖ്യമന്ത്രി ഉണ്ടോ എന്ന് പോലും അറിയില്ലെന്ന് മുരളീധരൻ പറഞ്ഞു.

    ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് വി മുരളീധരൻ പറഞ്ഞു. തെറ്റുകൾ ചൂണ്ടിക്കാടുമ്പോൾ കേന്ദ്രം കള്ളം പറയുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്. ഇത് ശരിയല്ലെന്നും വി മുരളീധരൻ പറഞ്ഞു. ഒന്നാം തരംഗത്തില്‍ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവര്‍ ഇപ്പോള്‍ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

    Also Read- കോവിഡ് 19: പൊതുചടങ്ങിൽ പങ്കെടുത്ത ഒരാൾ പോസിറ്റീവായാൽ എല്ലാവരെയും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

    സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നത് പ്രവാസി മലയാളികളെയാണ് സാരമായി ബാധിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവരാണെന്ന് പറയുമ്പോള്‍ വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ നെറ്റിചുളിക്കുകയാണ്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ചില സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയും ഡല്‍ഹിയും സാധാരണനനിലയിലേക്ക് മാറിയത് അവര്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ചതുകൊണ്ടാണെന്ന് വി മുരളീധരൻ ചൂണ്ടിക്കാട്ടി.

    കേരളം രാജ്യത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു. രാജ്യത്ത് ഇന്നലെ 46,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 31,000 കേസുകള്‍ കേരളത്തില്‍ നിന്നാണ്. ഇത് ആശങ്കജനകമായ സാഹചര്യമാണ്. 19 ശതമാനത്തിന് മുകളിലാണ് ടിപിആര്‍ നിരക്ക്. കേരളം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളം താരതമ്യേനെ മികച്ച നിലയിലായിരുന്ന കാലത്ത് വലിയ നേട്ടമായി അവതരിപ്പിച്ചവര്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

    Also Read- 'വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതു നിലയിലാണ് ഭഗത് സിങ്ങിന് തുല്യനാവുന്നത് ? 'എം.ബി രാജേഷിനോട് വി. മുരളീധരന്‍

    കേരളത്തിൽ ഒരാളിൽനിന്ന് നിരവധിയാളുകളിലേക്ക് രോഗം വ്യാപിക്കുന്ന സ്ഥിതിയാണുള്ളതെന്ന് വി മുരളീധരൻ പറഞ്ഞു. ഓണത്തിന് ശേഷം രോഗവ്യാപം കൂടുതൽ രൂക്ഷമാകും. ഇത് നേരിടാനുള്ള സംവിധാനങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ടോയെന്നും വി മുരളീധരൻ ചോദിച്ചു. കേന്ദ്രം സഹായിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ കോവിഡ് വാക്സിൻ എവിടെനിന്നാണ് ലഭിച്ചത്? കൃത്യമായി വാക്സിൻ കേന്ദ്രം നൽകിയിട്ടും വാക്സിനേഷനിൽ കേരളം പിന്നിലാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.
    Published by:Anuraj GR
    First published:
    )}