HOME » NEWS » Corona » COVID 19 DEFENSE TO STRENGTHEN IN SIX DISTRICTS WHERE TPR IS HIGH

Covid 19 | ടിപിആർ കുറയാത്ത ആറ് ജില്ലകളിൽ നിയന്ത്രണം ശക്തമാക്കും

ടി പി ആര്‍ കൂടിയ ജില്ലകളെല്ലാം ടെസ്റ്റിങ് ടാര്‍ഗറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ പരമാവധി കൂട്ടണമെന്നാണ് നിർദേശം

News18 Malayalam | news18-malayalam
Updated: July 6, 2021, 3:01 PM IST
Covid 19 | ടിപിആർ കുറയാത്ത ആറ് ജില്ലകളിൽ നിയന്ത്രണം ശക്തമാക്കും
News18 Malayalam
  • Share this:
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാൻ തീരുമാനം. ടി പി ആര്‍ കൂടുതലുള്ള ആറ് ജില്ലകളില്‍ കൂടുതൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തും. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വീടുകളില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു.

ടിപിആർ കുറയാതെ നിൽക്കുന്ന തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. വടക്കന്‍ കേരളത്തിലെ ഉദ്യോഗസ്ഥരുമായാണ് മന്ത്രി വീണ ജോര്‍ജ് അവലോകന യോഗം ചേർന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്രസംഘം കേരളം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് പൊതുവിൽ കോവിഡ് വ്യാപനം സങ്കീര്‍ണമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി.

വടക്കൻ കേരളത്തിലെ ജില്ലകളിൽ ടി പി ആർ കുറയാത്ത സാഹചര്യമാണ് പ്രത്യേകം പരിശോധിച്ചത്. ഇതുസംബന്ധിച്ച് വിദഗ്ദ്ധസംഘത്തിന്‍റെ റിപ്പോർട്ടും യോഗം ചർച്ച ചെയ്തു. ടി പി ആര്‍ കൂടിയ ജില്ലകളെല്ലാം ടെസ്റ്റിങ് ടാര്‍ഗറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ പരമാവധി കൂട്ടണമെന്നാണ് നിർദേശം. ക്വാറന്റൈനും കോണ്ടാക്‌ട് ട്രെയ്‌സിംഗും കൂടുതൽ കർശനമാക്കാൻ ആരോഗ്യമന്ത്രി നിർദേശിച്ചു. പരിശോധന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണം. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണമെന്നും മന്ത്രി ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 553 പേരാണ് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ സജീവ കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.17 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മുക്തി നിരക്ക്. മൊത്തം കേസുകളുടെ 1.52 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകള്‍. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. കഴിഞ്ഞ 15 ദിവസങ്ങളില്‍ മൂന്ന് ശതമാനത്തിന് താഴെയാണ് രാജ്യത്തെ ടി പി ആര്‍. അതേ സമയം കേരളത്തിലെ ടി പി ആര്‍ പത്തിന് മുകളില്‍ തന്നെ തുടരുകയാണ്.
 Also Read- World Zoonoses Day 2021: മഹാമാരി കാലത്തെ ജന്തുജന്യരോഗ ദിനാചരണത്തിന്റെ പ്രാധാന്യം അറിയാം

രാജ്യത്ത് 28 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. രണ്ട് മാസമായി രോഗം ഭേദമാവുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതലാണ്. ആശാവഹമായ കണക്കുകൾക്കിടയിൽ കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ് ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്കയായി നിലനിൽക്കുകയാണ്. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് ഒരു ലക്ഷത്തിന് അധികം ആളുകൾ നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത്.

Also Read- റദ്ദാക്കിയ ഐടി നിയമത്തിന് കീഴിൽ ഇപ്പോഴും കേസെടുത്ത് പൊലീസ്; വിശദീകരണം തേടി സുപ്രീംകോടതി

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8037 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 10.03 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Published by: Anuraj GR
First published: July 6, 2021, 3:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories