HOME » NEWS » Corona » COVID 19 IN INDIA CORONA VIRUS CONFIRMED IN 41506 PEOPLE IN 24 HOURS

Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 41506 പേർക്ക് കോവിഡ്; മരണം 895

കഴിഞ്ഞ അഞ്ചു ദിവസമായി പ്രതിദിന കേസുകളുടെ എണ്ണം നാല്പതിനായിരത്തിന് മുകളില്‍ തുടരുകയാണ്

News18 Malayalam | news18-malayalam
Updated: July 11, 2021, 11:15 AM IST
Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 41506 പേർക്ക് കോവിഡ്; മരണം 895
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളമായി 895 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 30,837,222 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രകുറിപ്പിൽ അറിയിച്ചു.

രണ്ടാം തരംഗം രൂക്ഷമായതോടെ ഒരുഘട്ടത്തിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി പ്രതിദിന കേസുകളുടെ എണ്ണം നാല്പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. 895 പേര്‍ മരണപ്പെട്ടതോടെ ആകെ മരണം 4,08,040 ആയി. രാജ്യവ്യാപകമായി 37,60,32,586 പേരാണ് ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളത്. 4,54,118 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2,99,75,064 പേര്‍ രോഗമുക്തി നേടി.

രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം പതിന്നാലായിരത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എണ്ണായിരത്തിലേറെ രോഗികളാണ് മഹാരാഷ്ട്രയിൽ പുതിയതായി ഉള്ളത്.

അതിനിടെ കേരളത്തിലെയും മഹാരാഷ്ട്രയിലേയും കോവിഡ് നിരക്കുകളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം നടന്ന കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് യോഗത്തിലാണ് രോഗികളുടെ എണ്ണം കുറയാത്തതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്.

രാജ്യത്തെ പലഭാഗങ്ങളിലും ജനങ്ങൾ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇടപെടുന്നത് കാണാനാകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിലെ കാഴ്ച ഭയപ്പെടുത്തുന്നതാണ്. കോവിഡിനെ ചെറുത്ത് തോൽപ്പിക്കാൻ ആരോഗ്യ പ്രവർത്തകരും മുൻനിര പോരാളികളും അശ്രാന്ത പരിശ്രമം തുടരുകയാണ്.
അതിനിടയിൽ അശ്രദ്ധയ്‌ക്കോ അലംഭാവത്തിനോ ഇടമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ ഒരു തെറ്റ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും കോവിഡിനെ മറികടക്കാനുള്ള പോരാട്ടത്തെ ദുർബലമാക്കുകയും ചെയ്യും.


വൈറസ് വകഭേദങ്ങളെ ഗൗരവത്തോടെ കാണണം. വാക്സിനേഷൻ  വേഗത്തിലാക്കണം. ഉയർന്ന ജനസംഖ്യയാണെങ്കിലും എല്ലാവരിലും വാക്സിൻ എത്തിക്കണം. അതിലൂടെ വരും കാലങ്ങളിൽ ഈ മഹാമാരിയെ മറികടക്കാൻ നമുക്ക് കഴിയും.  മന്ത്രിമാർ എന്ന നിലയിൽ, സാധ്യമായ എല്ലാ മുൻകരുതലുകളും തുടരാൻ ജനങ്ങളോട് അഭ്യർത്ഥിക്കണം. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി മുന്നോട്ടുള്ള പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും പ്രധാനമന്തി മന്ത്രിമാർക്ക് നിർദ്ദേശം നൽകി.

കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജിന്  കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.15000 കോടി രൂപയാണ് കേന്ദ്രസർക്കാർ വിഹിതം. 8000 കോടി സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം.ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പണം പ്രധാനമായും ചെലവഴിക്കുക.


അതേസമയം കേരളത്തില്‍ ശനിയാഴ്ച 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി.

Also Read- Covid 19|  കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം

രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1829, തൃശൂര്‍ 1694, കോഴിക്കോട് 1518, എറണാകുളം 1432, കൊല്ലം 1342, പാലക്കാട് 761, തിരുവനന്തപുരം 875, ആലപ്പുഴ 834, കണ്ണൂര്‍ 680, കാസര്‍ഗോഡ് 667, കോട്ടയം 650, പത്തനംതിട്ട 349, വയനാട് 319, ഇടുക്കി 290 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Published by: Anuraj GR
First published: July 11, 2021, 11:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories