കൊച്ചി: എറണാകുളം ജില്ലയിൽ
കോവിഡ് ബാധിതരാകുന്നതിൽ യുവാക്കൾ കൂടുതലെന്നു കണക്കുകൾ. ആകെയുള്ള രോഗികളിൽ 22.77% പേർ 21-31 വയസിനിടയിൽ പ്രായമുള്ളവരാണ്. 31-41 വയസിനിടയിലുള്ള 18.89% പേർ പോസിറ്റീവ് ആയി. ജില്ലയിൽ കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളിൽ 60.8% പേരും പുരുഷന്മാരാണ്.
60 വയസിനു മുകളിൽ പ്രായമുള്ളവർ 10 ശതമാനത്തിൽ താഴെ മാത്രമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ പഠനം.
റിവേഴ്സ് ക്വാറന്റൈൻ ഉൾപ്പടെയുള്ള കാര്യങ്ങൾ കർശനമായി പാലിക്കുന്നതിന്റെ നേട്ടമായാണ് ഇത് കണക്കാക്കുന്നത്. ഇതിൽ തന്നെ ഭൂരിപക്ഷം പേരും (ആകെ രോഗികളിൽ 7% പേർ) 70 വയസിൽ താഴെ പ്രായമുള്ളവരാണ്.
കോവിഡ് രോഗലക്ഷണമുള്ളവർക്കിടയിൽ പരിശോധന വ്യാപിപ്പിച്ചതിൻ്റെ ഫലമായി 100 പരിശോധനകളിൽ 8.24 പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നതായും ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. രോഗലക്ഷണമുള്ളവർ വീട്ടിലിരിക്കുകയും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇവർക്കിടയിൽ പരിശോധന വ്യാപിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് പോസിറ്റിവിറ്റി നിരക്ക് 8.24 ആയത്.
ജില്ലയിൽ ഇതുവരെ 1,41,000 സാമ്പിളുകൾ ആണ് പരിശോധനക്ക് വിധേയമാക്കിയത്. സർക്കാർ, സ്വകാര്യ ലാബുകളിലായാണ് ഈ പരിശോധന നടത്തിയിട്ടുള്ളത്. ശരാശരി 3,500 സാമ്പിളുകൾ ജില്ലയിൽ പ്രതിദിനം പരിശോധനക്ക് വിധേയമാക്കുന്നു. ഇതിൽ 1,300ഓളം സാമ്പിളുകൾ സർക്കാർ ലാബുകളിലാണ് പരിശോധിക്കുന്നത്.
ഓണക്കാലത്തിന് ശേഷം രോഗവ്യാപനം ശക്തമാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ശക്തമായ പ്രതിരോധ നടപടികളാണ് ജില്ലയിൽ സ്വീകരിക്കുന്നത്. രോഗലക്ഷണം ഉള്ള എല്ലാവർക്കും സെൽഫ് ക്വാറന്റൈൻ നിർബന്ധമാക്കുകയും അവരെ പരിശോധനക്ക് വിധേയരാക്കുകയും ചെയ്യുന്നുണ്ട്.
ജില്ലാ ഭരണകൂടത്തിന് കീഴിൽ ജില്ലാ സർവെയ്ലൻസ് യൂണിറ്റ് ആണ് കോവിഡ് സംബന്ധിച്ച നിരീക്ഷണങ്ങൾ നടത്തുന്നത്. വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണ് സർവെയ്ലൻസ് വിഭാഗം ഓരോ മാസത്തിലും പഠനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.