COVID 19 KERALA GETS 10 LAKHS DOSES OF VACCINE AR TV
Covid 19 | വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം; 10 ലക്ഷം ഡോസ് എത്തി
18 വയസിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും ഈ മാസം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കാനാണ് സംസ്ഥാന ആരോഗ്യവകുപ്പ് ശ്രമിയ്ക്കുന്നത്. എന്നാല്‍ വാക്‌സിന്റെ വിതരണം മുടങ്ങിയതോടെ ഇത് വെല്ലുവിളിയായിട്ടുണ്ട്
കൊച്ചി: കേരളത്തിലെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് കൊണ്ടുവന്നത്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇവ എത്തിച്ചത്.
കൊച്ചിയില്‍ 3.99 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് എത്തിച്ചത്. ഇതില്‍ 80500 ഡോസ് എറണാകുളം ജില്ലയ്ക്കാണ് അനുവദിച്ചിരിയ്ക്കുന്നത്. കൊച്ചിയില്‍ കൊണ്ടുവന്ന വാക്‌സിന്‍ ഇടുക്കി, കോട്ടയം, ത്യശൂര്‍, പാലക്കാട് എന്നിവിടങ്ങളിലേയ്ക്കും കൊണ്ടുപോകും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ എത്തിച്ച വാക്‌സിന്‍ മറ്റു ജില്ലകളിലേയ്ക്കും നല്‍കും. നാളെ മുതല്‍ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം പുനരാരംഭിയ്ക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ ലഭ്യമാക്കാത്തതിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ വാക്‌സിന്‍ വിതരണം നിലച്ചിരുന്നു. രണ്ട് ദിവസങ്ങളായി കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ ഉണ്ടായിരുന്നില്ല. വാക്‌സിന്‍ ലഭിയ്ക്കാന്‍ വൈകുന്നതിനെത്തുടര്‍ന്ന് വേഗത്തില്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വാക്‌സിന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊണ്ടുവന്നിരുന്നില്ല. രേഖകള്‍ റെഡിയാകാതിരുന്നതിനാലാണ് ഇത് എത്തിയ്ക്കാന്‍ സാധിയ്ക്കാതിരുന്നത്.
18 വയസിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും ഈ മാസം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കാനാണ് സംസ്ഥാന ആരോഗ്യവകുപ്പ് ശ്രമിയ്ക്കുന്നത്. എന്നാല്‍ വാക്‌സിന്റെ വിതരണം മുടങ്ങിയതോടെ ഇത് വെല്ലുവിളിയായിട്ടുണ്ട്. ദിവസവും 4 ലക്ഷം ഡോസ് വാക്‌സിന്‍ വരെ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെറും പതിനായിരത്തില്‍ താഴെ വാക്‌സിന്‍ മാത്രമാണ് പല ജില്ലകളിലും ഉണ്ടായിരുന്നത്.
വാക്‌സിന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി; താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ്
രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനേഷനുള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിക്കാമെന്ന് കോടതി. കോവിന്‍ പോര്‍ട്ടലില്‍ ഇത് അനുസരിച്ചുള്ള മാറ്റങ്ങള്‍വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ല. വാക്‌സിന്‍ ഇടവേളയില്‍ ഇളവ് തേടി കിറ്റക്‌സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
നേരത്തെ വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രണ്ട് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. വിദേശത്ത് പോകുന്നവര്‍ക്ക് ഇളവ് അനുവദിച്ചത് അടിയന്തര സാഹചര്യം കണക്കിലെടുത്തെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ആദ്യ ഡോസ് വാക്‌സിന് ശേഷമുള്ള എണ്‍പത്തിനാല് ദിവസം ഇടവേളയില്‍ ഇളവ് ആവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചത്. തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനെടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസിന് അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കിറ്റെക്‌സിന്റെ ഹര്‍ജി.
വാക്‌സിന്‍ ഇടവേള കുറച്ച കോടതി നടപടി സ്വാഗതാര്‍ഹമെന്നു കിറ്റക്‌സ് പ്രതികരിച്ചു. വാക്‌സിന്‍ വൈകുന്നത് മൂലം സാധാരണക്കാര്‍ ബലിയാടാകുന്ന അവസ്ഥയെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു എം ജേക്കബ് പറഞ്ഞു. കോവിഡ് വ്യാപനം മൂലമുള്ള പ്രതിസന്ധി നേരിടാന്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ഏക പോംവഴി. ഇരു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വിധി സ്വാഗതാര്‍ഹം. വാക്സിനേഷന്‍ പൂര്‍ത്തിയാക്കാതെ ജീവിക്കാന്‍ വേണ്ടി പുറത്തിറങ്ങുന്ന ജനങ്ങളുടെ മേല്‍ പിഴ ചുമത്തുന്നതും കട കമ്പോളങ്ങള്‍ അടച്ചിടുന്നതും മനുഷ്യത്വ രഹിതമായ നടപടിയാണ്. എത്രയും വേഗം വാക്സിനേഷന്‍ പൂര്‍ത്തിയാക്കാതെ അടച്ചിട്ടും പിഴ ചുമത്തിയും ആളുകളെ ദ്രോഹിക്കുന്ന പ്രവൃത്തി ക്രൂരതയാണ്. വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ കഴിയാതെ പോയ സര്‍ക്കാരിന്റെ വീഴ്ചക്ക് സാധാരണക്കാരായ ജനങ്ങള്‍ ബലിയാടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.