തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന് രജിസ്ട്രേഷനായി വേവ്: 'വാക്സിന് സമത്വത്തിനായി മുന്നേറാം' (WAVE: Work Along for Vaccine Equity) എന്ന പേരില്‍ വാക്സിനേഷന് രജിസ്ട്രേഷന് ക്യാമ്പയിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരെ വാക്സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. ആശാവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിച്ചാണ് ഈ ക്യാമ്പയിന് നടത്തുന്നത്. ഇതിനാവശ്യമായ ചെലവുകള്‍ കോവിഡ് ഫണ്ടുകളില്‍ നിന്ന് എന്‍എച്ച്എം വഴി നികത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ഡ് തലത്തിലായിരിക്കും രജിസ്ട്രേഷന് പ്രക്രിയ പ്രവര്‍ത്തിക്കുക. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടതാണ്. ഓരോ പഞ്ചായത്തിലും ഓരോ ആശാവര്‍ക്കര്‍മാര്‍ ഉള്ളതിനാല്‍ ആ പ്രദേശത്ത് വാക്സിന് കിട്ടാതെ പോയ ആള്‍ക്കാരെ കണ്ടെത്തിയാണ് രജിസ്ട്രേഷന് നടത്തുന്നത്. ആ വാര്‍ഡില്‍ വാക്സിനെടുക്കാത്ത 18 വയസിന് മുകളിലുള്ള എല്ലാവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആശാ വര്‍ക്കര്‍മാര്‍ ഉറപ്പ് വരുത്തും. ഇതുകൂടാതെ സ്മാര്‍ട്ട് ഫോണുള്ള വ്യക്തികളെ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ ആശാവര്‍ക്കര്‍മാര്‍ പ്രോത്സാഹിപ്പിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തി രജിസ്റ്റര്‍ ചെയ്യിപ്പിക്കേണ്ടത്. കോവിനില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്ന് കാണിക്കുന്ന ഒരു വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതാണ്.
ആ പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്ട്രേഷന് പ്രക്രിയ സുഗമമാക്കുന്നത്. ആവശ്യമെങ്കില്‍ ദിശ കോള്‍ സെന്ററില്‍നിന്ന് കൂടുതല്‍ സഹായം സ്വീകരിക്കാം. ജില്ലാ, ബ്ലോക്ക് ടാസ്ക് ഫോഴ്സും രജിസ്ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും. വാക്സിന് സ്റ്റോക്കിന്റെ ലഭ്യത അടിസ്ഥാനമാക്കി ഇവര്‍ക്ക് വാക്സിന് നല്‍കുന്നതാണ്. ജില്ലയില്‍ നിന്നോ പെരിഫറല്‍ തലത്തില്‍ നിന്നോ വാക്സിനേഷന്റെ ഷെഡ്യൂളിംഗ് നടത്തുകയും വ്യക്തികളെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്താന്‍ അറിയിക്കുകയും ചെയ്യും.
Also Read-
Covid 19 | Lambda variant | ഡെൽറ്റയേക്കാൾ അതിമാരകമായ ലാംഡ വകഭേദം; കോവിഡ് ഭീതി വിട്ടൊഴിയാതെ ലോകംഅതിനിടെ സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,48,690 ഡോസ് വാക്സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്സിന് രാത്രിയോടെ എത്തുന്നതാണ്. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കോവിഷീല്‍ഡ് വാക്സിനും 13,63,230 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 1,28,16,350 ഡോസ് വാക്സിന് കേന്ദ്രം നല്‍കിയതാണ്.
സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,51,18,109 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,13,54,565 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 37,63,544 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.