നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കം; മരുന്നുകളും സുരക്ഷാ സാമഗ്രികളും സംസ്ഥാനത്ത് നിര്‍മ്മിക്കും

  കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കം; മരുന്നുകളും സുരക്ഷാ സാമഗ്രികളും സംസ്ഥാനത്ത് നിര്‍മ്മിക്കും

  കോവിഡ് മൂന്നാം തരംഗത്തില്‍ ഗ്ലൗസ്, മാസ്‌ക്, പി. പി. ഇ. കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുമെന്ന് സർക്കാർ

  Image Facebook

  Image Facebook

  • Share this:
   തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടത്തി. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ. എം. എസ്. സി. എല്‍., കെ. എസ്. ഡി. പി. എല്‍. മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിയുണ്ടാക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് മൂന്നാം തരംഗത്തില്‍ ഗ്ലൗസ്, മാസ്‌ക്, പി. പി. ഇ. കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുന്നതിനാണ് ഇരു വകുപ്പുകളുടേയും സംയുക്ത യോഗം വിളിച്ചത്.

   ആരോഗ്യ മേഖലയ്ക്കാവശ്യമായ സുരക്ഷാ സാമഗ്രികളും മെഡിക്കല്‍ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പല വ്യവസായ ശാലകളും കോവിഡായതിനാല്‍ പൂട്ടിയതിനാല്‍ പല സുരക്ഷാ ഉപകരണങ്ങളുടേയും ലഭ്യതക്കുറവ് രണ്ടാം തരംഗത്തില്‍ ഉണ്ടായി. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ മേഖല ശക്തിപ്പെടുത്തി വരികയാണ്. ഇതോടൊപ്പം ആവശ്യമായ ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും മുന്‍കൂട്ടി ലഭ്യമാക്കണം. ഇത് കേരളത്തില്‍ നിന്നുതന്നെ ലഭ്യമാക്കിയാല്‍ ആഭ്യന്തര ഉത്പാദകര്‍ക്കും സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.

   സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്. കെ.എസ്.ഡി.പി.എല്‍. വഴി കൂടുതല്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാനായാല്‍ ചെലവ് കുറയ്ക്കാനും ആരോഗ്യ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

   Also Read- Covid 19 | 'കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനം'; രണ്ടാം തരംഗം പോലെ അപകടകരമാകില്ലെന്ന് ICMR

   മരുന്ന് നിര്‍മ്മാണത്തില്‍ വ്യവസായ വകുപ്പ് ഗൗരവമായി ചിന്തിക്കുന്ന സമയത്ത് ആരോഗ്യ വകുപ്പ് മുന്നോട്ട് വന്നത് സന്തോഷകരമായ കാര്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കോവിഡ് സുരക്ഷാ സാമഗ്രികള്‍ക്കൊപ്പം സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ കൂടി ഉത്പാദിപ്പിക്കാന്‍ കഴിയുമോ എന്ന പഠനം വ്യവസായ വകുപ്പില്‍ നടക്കുകയാണ്. കെ.എസ്.ഡി.പി.എല്‍. മരുന്ന് നിര്‍മ്മാണത്തില്‍ നല്ല രീതിയില്‍ മുന്നേറുകയാണ്.

   മെഡിക്കല്‍ ഉപകരണങ്ങളുടേയും ഡിവൈസുകളുടേയും ലഭ്യതയ്ക്കായി വ്യവസായ വകുപ്പ് മെഡിക്കല്‍ എക്യുപ്‌മെന്റ് ആന്റ് ഡിവൈസസ് പാര്‍ക്ക് തുടങ്ങാന്‍ പോകുകയാണ്. ഇതിലൂടെ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതാണ്. ഇതൊടൊപ്പം ഗുണമേന്മയും ഉറപ്പ് വരുത്തുന്നതാണ്. ഇരു വകുപ്പുകളും എല്ലാ തലങ്ങളിലും സഹകരണം ഉറപ്പുവരുത്തുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

   ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, വ്യവസായ വകുപ്പ് ഡയറക്ടര്‍ ഹരികിഷോര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍., കെ.എസ്.ഡി.ഡി.പി.എല്‍., കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
   Published by:Anuraj GR
   First published:
   )}