ഭോപ്പാലിൽ നിന്നുള്ള ഒരു മനുഷ്യൻ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ തന്റെ ഓട്ടോറിക്ഷ ഒരു ആംബുലൻസാക്കി മാറ്റി. തന്റെ പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതിനെ തുടർന്ന് അടിയന്തിര വാഹനങ്ങളുടെ ലഭ്യത കുറഞ്ഞതിനാലാണ് ജാവേദ് എന്ന ഓട്ടോറിക്ഷ ഡ്രൈവർ തന്റെ വാഹനം ആംബുലൻസാക്കി ജനങ്ങളെ സേവിക്കാൻ തീരുമാനിച്ചത്.
കോവിഡ് ബാധ സ്ഥിരീകരിച്ച ഒരുപാട് രോഗികളെ ജാവേദ് ഇപ്പോൾ ആശുപത്രിയിൽ എത്തിക്കുകയും അവർക്ക് ആവശ്യമായ സേവനങ്ങൾ സൗജന്യമായി നൽകുകയും ചെയ്യുന്നു. തന്റെ ഈ ചെറിയ ആംബുലൻസിൽ സാനിറ്റൈസർ, ഒരു ഓക്സിജൻ സിലിണ്ടർ, പി പി ഇ കിറ്റ്, അവശ്യം വേണ്ട ചില മരുന്നുകൾ എന്നിവയും ജാവേദ് കരുതിയിട്ടുണ്ട്.
"സമൂഹമാധ്യമങ്ങളിലും പത്ര മാധ്യമങ്ങളിലും ആംബുലൻസിന്റെ ലഭ്യതക്കുറവ് മൂലം കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ചുള്ള വാർത്തകൾ വായിച്ചിരുന്നു. അതുകൊണ്ടാണ് ഈ തീരുമാനം എടുത്തത്", വാർത്താ ഏജൻസിയായ എ എൻ ഐയോട് സംസാരിക്കവെ ജാവേദ് പറഞ്ഞു. "ഈ കാര്യത്തിന് വേണ്ടി ഞാൻ ഭാര്യയുടെ സ്വർണാഭരണങ്ങൾ വിറ്റ്പണം കണ്ടെത്തി. ഒരു ഓക്സിജൻ റീഫിൽ സെന്ററിന്മുന്നിൽ വരി നിന്ന് സിലിണ്ടറിൽ ഓക്സിജൻ നിറയ്ക്കുന്നു. സമൂഹമാധ്യമങ്ങളിൽ എന്റെ കോൺടാക്ട് നമ്പർ നൽകിയിട്ടുണ്ട്. ആംബുലൻസ് സൗകര്യം ഇല്ലാത്തവർക്ക് എന്നെ വിളിക്കാം. ഞാൻ ആംബുലൻസ് സർവീസ് തുടങ്ങിയിട്ട് ഇപ്പോൾ 15-20 ദിവസങ്ങൾ കഴിഞ്ഞു. ഇതുവരെ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഒമ്പത് രോഗികളെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചു.", ജാവേദ് ഖാൻ കൂട്ടിച്ചേർത്തു.
Also Read-
കോവിഡ് രോഗികൾക്ക് സഹായമെത്തിക്കാ൯ ഇ൯സ്റ്റഗ്രാം അക്കൗണ്ട് എ൯ജിഒക്ക് കൈമാറി ജോണ് അബ്രഹാം
ഭാര്യയുടെ സ്വർണ നെക്ക്ലെയ്സ് വിറ്റു കിട്ടിയ 5,000 രൂപ ഉപയോഗിച്ചാണ് ജാവേദ് ഒരു ഓക്സിജൻ സിലിണ്ടർ വാങ്ങുകയും ഓട്ടോറിക്ഷയിൽ ഒരു ആംബുലൻസിന് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയതും. സ്വന്തം പണം ഉപയോഗിച്ചാണ് അദ്ദേഹം ഓരോ തവണയും ഓക്സിജൻ സിലിണ്ടർ നിറയ്ക്കുന്നത്. "ഗോവിന്ദ്പുരഎന്ന സ്ഥലത്ത് ഒരു ഫാക്റ്ററി ഉണ്ട്. അവിടെ നിന്നാണ് ഞങ്ങൾക്ക് ഓക്സിജൻ നിറച്ചുകിട്ടുന്നത്. ഒരു തവണ സിലിണ്ടറിൽ ഓക്സിജൻ നിറയ്ക്കാൻ ഏതാണ്ട് 4-5 മണിക്കൂർ നേരം വരി നിൽക്കേണ്ടി വരാറുണ്ട്. 450-550 രൂപയാണ് ഒരു തവണ ഓക്സിജൻ നിറയ്ക്കുന്നതിന്നൽകേണ്ട തുക", ജാവേദ് വിശദീകരിച്ചു.
ജാവേദിന്റെ നന്മ നിറഞ്ഞ ഈ പ്രവൃത്തിയെഅഭിനന്ദിച്ചു കൊണ്ട് നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ രേഖപ്പെടുത്തുന്നത്. ഈ ഓട്ടോറിക്ഷ ഡ്രൈവറുടെ നിസ്വാർത്ഥമായ സേവനം എല്ലാവർക്കും ഒരു മാതൃകയാണെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.
"അദ്ദേഹമാണ് ശരിയായ ഹീറോ. അദ്ദേഹത്തെയുംകുടുംബത്തെയുംദൈവം അനുഗ്രഹിക്കട്ടെ" എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് ഈ വാർത്തയോട് പ്രതികരിച്ചുകൊണ്ട്കമന്റ് ചെയ്തത്. മറ്റൊരു വ്യക്തി ജാവേദിന്റെ കോൺടാക്ട് നമ്പർ നൽകണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് കമന്റ് നൽകിയിട്ടുണ്ട്. പ്രശംസയ്ക്ക്പുറമെ ഈ മനുഷ്യസ്നേഹിയ്ക്ക്ബഹുമതികളും ലഭിക്കണമെന്നആഗ്രഹവും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.
Keywords: Covid 19, Bhopal, Autoriksha Driver, Ambulance
കോവിഡ് 19, ഭോപ്പാൽ, ഓട്ടോറിക്ഷ ഡ്രൈവർ, ആംബുലൻസ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.