അമേരിക്കയിലെ മയാമി സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ കോവിഡ് -19 അണുബാധ പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തി. പഠനത്തിൽ പങ്കെടുത്ത ഒരു പുരുഷന് കോവിഡ് -19 വൈറസ് അണുബാധ മാറിയെങ്കിലും അദ്ദേഹത്തിന്റെ വൃഷണങ്ങളിൽ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി കണ്ടെത്തി. അതു പോലെതന്നെ ഗവേഷണവുമായി സഹകരിച്ച വേറെ രണ്ട് പുരുഷന്മാരിൽ കോവിഡ് -19 രോഗമുക്തിക്ക് ശേഷം ലൈംഗിക ഉദ്ധാരണക്കുറവ് അനുഭവപ്പെട്ടതായും കണ്ടെത്തി. എന്നിരുന്നാലും, ഗവേഷണം ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണ്, അതിനാൽത്തന്നെ ഗവേഷണത്തിന് ശേഖരിച്ച മാതൃകകളും ചെറിയ അളവുകളിലുള്ളതായിരുന്നു.
പഠനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, ശാസ്ത്രജ്ഞർ കോവിഡ് -19 അണുബാധ മൂലം മരിച്ച ആറ് പുരുഷന്മാരുടെ വൃഷണകോശങ്ങളെ വിശകലനം ചെയ്തിരുന്നു. അവരിൽ ഒരാളുടെ വൃഷണങ്ങളിൽ കോവിഡ് -19 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഗവേഷകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആറുപേരിൽ മറ്റ് മൂന്ന് പേർക്കും അണുബാധയ്ക്ക് ശേഷം ബീജത്തിന്റെ അളവിൽ കുറവ് വന്നിട്ടുണ്ട്. അതുപോലെ, കോവിഡ് -19 അണുബാധയെ അതിജീവിച്ച മറ്റൊരു പുരുഷനിൽ, അണുബാധ മാറിയെങ്കിലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം അയാളുടെ വൃഷണങ്ങളിൽ ഉണ്ടായിരുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. പുരുഷലിംഗം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുന്ന രണ്ട് രോഗികളിൽ നിന്ന് ശാസ്ത്രജ്ഞർ അവരുടെ ലൈംഗിക അവയവ കോശത്തിന്റെ മാതൃക എടുത്ത് വിശകലനം ചെയ്തിരുന്നു. അണുബാധയിൽ നിന്ന് മുക്തി നേടി ഒൻപത് മാസത്തിന് ശേഷവും അവരുടെ ലിംഗത്തിൽ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ വൈറസ് സാന്നിദ്ധ്യം കാരണം, പുരുഷന്റെ പ്രത്യുത്പാദന ഭാഗത്തേക്കുള്ള രക്ത വിതരണം കുറയുമെന്നും ഗവേഷകർ കണ്ടെത്തി. രോഗശാന്തി ലഭിച്ചതിന് ശേഷവും ഈ വൈറസ് പ്രഭാവം രണ്ട് പുരുഷന്മാരിലും കടുത്ത ഉദ്ധാരണക്കുറവിന് കാരണമായിത്തീർന്നു.
മയാമി സർവകലാശാലയിലെ യൂറോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ രഞ്ജിത്ത് രാമസാമിയുടെ അഭിപ്രായത്തിൽ, കോവിഡ് -19 വൈറസ് പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാനുള്ള ആദ്യപടിയായാണ് ഗവേഷണം നടത്തുന്നത്. വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്തിൽ മെയ് 7ന് പ്രസിദ്ധീകരിച്ച പഠനത്തിന്റെ രചയിതാക്കളിൽ ഒരാളാണ് രാമസാമി. മനുഷ്യ ലിംഗത്തിൽ കൊറോണ വൈറസിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിനായി നടത്തുന്ന ആദ്യ പഠനമാണിതെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
“പഠനത്തിൽ ഉരുത്തിരിഞ്ഞിരിക്കുന്ന കണ്ടെത്തലുകൾ തീർത്തും അതിശയം നിറഞ്ഞത് എന്ന് പറയാനാവില്ല. എല്ലാത്തിനുമുപരി, മറ്റ് പല വൈറസുകൾ വൃഷണങ്ങളെ ആക്രമിക്കുകയും ബീജ ഉൽപാദനത്തെയും ഫലഭൂയിഷ്ഠതയെയും ബാധിക്കുമെന്ന് ശാസ്ത്രജ്ഞർക്ക് നേരത്തെതന്നെ അറിയാമായിരുന്നു,” രാമസാമി തന്റെ പ്രസ്താവനയിൽ പറഞ്ഞു. മുണ്ടിനീര്, സിക വൈറസ് തുടങ്ങിയുടെ ആക്രമണവും പുരുഷ ബീജോത്പാദനത്തെ സാരമായി ബാധിക്കാറുണ്ട്.
ഗവേഷകരുടെ അഭിപ്രായത്തിൽ, കോവിഡ് -19 വൈറസ് പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തിൽ കാര്യമായ അപകടങ്ങൾ ഉണ്ടാക്കുന്നുവെങ്കിലും, പ്രതിരോധ വാക്സിനുകൾ പുരുഷ പ്രത്യുത്പാദന സംവിധാനത്തിന് പൂർണ്ണമായും സുരക്ഷിതമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19