ചെന്നൈ:
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന
തമിഴ്നാട് കൃഷി മന്ത്രി ആർ ദൊരൈക്കണ്ണ് അന്തരിച്ചു. 72 വയസായിരുന്നു. ശനിയാഴ്ച രാത്രി 11.15-ഓടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ശ്വാസംമുട്ടലിനെത്തുടർന്ന് ഒക്ടോബർ 13-നാണ് ദുരൈക്കണ്ണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം വില്ലുപുരത്തെ സർക്കാർ മെഡിക്കൽ കോളജിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് അനുശോചനം രേഖപ്പെടുത്തി. ലാളിത്യം, വിനയം ഭരണ നൈപുണ്യം കാർഷിക സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള പ്രതിബദ്ധത എന്നിവയ്ക്ക് പേരുകേട്ടയാളായിരുന്നു ദൊരൈക്കണ്ണ് എന്ന് ഗവർണർ അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഗവർണർ വ്യക്തമാക്കി.
തഞ്ചാവൂരിലെ പാപനാശം നിയോജക മണ്ഡലത്തിൽ നിന്ന് 2006 മുതൽ പാപനാശം നിയമസഭാംഗമാണ്. 2016-ലെ വിജയത്തെത്തുടർന്ന് ജയലളിത സർക്കാരിൽ കൃഷിമന്ത്രിയായി സ്ഥാനമേറ്റു. പിന്നീട് എടപ്പാടി പളനിസ്വാമി മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായി.
കോവിഡിനൊപ്പം ന്യുമോണിയയും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി ആശുപത്രി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെത്തുടർന്ന് അന്തിമോപചാരം അർപ്പിക്കാൻ സേലത്തേക്ക് പോകുന്നതിനിടെയാണ് ദുരൈക്കണ്ണിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. തുടർന്ന് വില്ലുപുരത്തെ സർക്കാർ മെഡിക്കൽ കോളജിലും അവിടെ നിന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.