Covid 19 | സംസ്ഥാനത്ത് രണ്ടു കോടി ഡോസ് കോവിഡ് വാക്സിൻ നൽകി; ഇന്ന് കുത്തിവെച്ചത് 3.59 ലക്ഷം പേർക്ക്

സംസ്ഥാനത്ത് ഇന്ന് 4 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 1,35,440 ഡോസ്, എറണാകുളത്ത് 1,57,460 ഡോസ്, കോഴിക്കോട് 1,07,100 ഡോസ് എന്നിങ്ങനെ കോവീഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,01,39,113 ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതോടെ സംസ്ഥാനത്ത് 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. 18 വയസിന് മുകളിലുള്ള 52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 79 ശതമാനം പേര്‍ക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേര്‍ക്ക് (47,44,870) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. തുള്ളിയും പാഴാക്കാതെ വാക്‌സിന്‍ നല്‍കിയ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

    സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 1,04,71,907 സ്ത്രീകളും, 96,63,620 പുരുഷന്‍മാരുമാണ് വാക്‌സിനെടുത്തത്. 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍ 25 ശതമാനം പേര്‍ക്ക് (37,01,130) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവര്‍ക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാല്‍ 3,05,308 പേര്‍ക്കാണ് (2 ശതമാനം) രണ്ടാം ഡോസ് എടുക്കാനായത്.

    2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ജീവനക്കാര്‍, ഫീല്‍ഡ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് മുന്നണി പോരാളികള്‍ക്കും ഏകദേശം 100 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

    സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് ഏറ്റവുമധികം പേര്‍ക്ക് (5,15,241) വാക്‌സിന്‍ നല്‍കിയത്. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. ഇനിയും കൂടുതല്‍ വാക്‌സിനെത്തിയാല്‍ ഇതുപോലെ വാക്‌സിന്‍ നല്‍കാന്‍ സാധിക്കുന്നതാണ്.

    Also Read- കോവിഡ് മൂന്നാം തരംഗം; അതീവ ജാഗ്രത പാലിക്കണം; 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണീറ്റുകള്‍ സജ്ജമാക്കും; ആരോഗ്യ മന്ത്രി

    സംസ്ഥാനത്ത് ഇന്ന് 3,59,517 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇന്ന് 1,546 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,280 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 266 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്.

    സംസ്ഥാനത്ത് ഇന്ന് 4 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 1,35,440 ഡോസ്, എറണാകുളത്ത് 1,57,460 ഡോസ്, കോഴിക്കോട് 1,07,100 ഡോസ് എന്നിങ്ങനെ കോവീഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. സംസ്ഥാനത്ത് ഇതുവരെ 1,82,61,470 ഡോസ് വാക്‌സിനാണ് ലഭ്യമായത്.

    അതേസമയം സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്.
     കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി.

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3360, തൃശൂര്‍ 2680, പാലക്കാട് 1587, കോഴിക്കോട് 2090, എറണാകുളം 2025, കൊല്ലം 1366, കണ്ണൂര്‍ 1176, ആലപ്പുഴ 1106, കോട്ടയം 1045, തിരുവനന്തപുരം 879, കാസര്‍ഗോഡ് 693, പത്തനംതിട്ട 602, വയനാട് 515, ഇടുക്കി 363 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
    Published by:Anuraj GR
    First published:
    )}