കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 31വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുന്നതടക്കമുള്ള കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവും കഴിഞ്ഞ ദിവസം രാത്രി ഇറങ്ങി. കടകൾ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ പിന്നീട് രാത്രി ഇറങ്ങിയ ഉത്തരവിൽ കടകൾ തുറന്നുപ്രവർത്തിക്കേണ്ട സമയം രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെയായി നിജപ്പെടുത്തിയിട്ടുണ്ട്. ഉത്തരവിൽ പറയുന്നത് ഇങ്ങനെ
മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 11 മുതല്‍ അഞ്ചു വരെ മാത്രമേ പ്രവർത്തിക്കൂ.
ബേക്കറികൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ, പാത്രക്കടകൾ, പാൽ, ബ്രെഡ്, പഴം-പച്ചക്കറി, മുട്ട, ഇറച്ചി, മത്സ്യം, തീറ്റകൾ എന്നിവ വിൽക്കുന്ന കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ.
എടിഎമ്മുകൾ, പെട്രോൾ പമ്പ്, എൽപിജി വിതരണം എന്നിവ പ്രവർത്തിക്കും.
1955ലെ അവശ്യസാധന നിയമത്തിന്റെ പരിധിയിൽ വരുന്ന സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജലം, വൈദ്യുതി, ടെലികോം തുടങ്ങിയ അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കും.
സെബിയുടെ നിയന്ത്രണത്തിലുള്ള ഓഹരി വിപണികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടാകില്ല.
ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങളിൽ എന്നിവയുടെ പ്രവർത്തനം ചരക്ക് നീക്കത്തിന് മാത്രം.
സെക്യൂരിറ്റി സർവീസുകൾ പ്രവർത്തിക്കും.
കുടിവെള്ള കമ്പനികൾ, വിതരണം എന്നിവ പ്രവർത്തിക്കും.
മാസ്കുകൾ, സാനിറ്റൈസറുകൾ, മരുന്നുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന സ്ഥാപനങ്ങളും പ്രവർത്തിക്കും.
പൊതുസ്ഥലത്ത് അഞ്ചുപേരിൽ അധികം കൂട്ടംകൂടാൻ പാടില്ല.
വീടുകളിൽ ക്വാറന്റൈനിൽ കഴിയാനുള്ള നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി. ഇവരെ സർക്കാർ ക്വാറന്റൈൻ സംവിധാനങ്ങളിലേക്ക് മാറ്റും.
സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റുകൾ, ജില്ലാ ഡയറക്ടറേറ്റുകൾ, സബ് ഡിവിഷണൽ ഓഫീസുകൾ, പൊലീസ്, സൈനിക വിഭാഗങ്ങൾ, അർധ സൈനിക വിഭാഗങ്ങൾ, ആരോഗ്യവകുപ്പ്, ഫയർസർവീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വൈദ്യുതി, കുടിവെള്ള വിതരണം, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളിൽ വകുപ്പ് മേധാവികൾ തീരുമാനിച്ച എണ്ണം ജീവനക്കാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കും.
മാർച്ച് 10ന് ശേഷം വിദേശരാജ്യങ്ങളിൽ നിന്നു മടങ്ങിവന്നവർ ജില്ലാ ഭരണകൂടത്തെയോ ജില്ലാ പൊലീസ് അധികാരികളേയോ ബന്ധപ്പെടണം. ഇതു ചെയ്യാത്തവരെ നിയമനടപടി നേരിടേണ്ടിവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.