HOME » NEWS » Corona »

Covid 19 | ഡൽഹിയിൽ കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിക്കാൻ സന്നദ്ധ പ്രവർത്തകരുടെ 'ഘർ കാ ഖാന' പദ്ധതി

'വീട്ടിൽത്തന്നെ പാചകം ചെയ്ത ഭക്ഷണം എന്റെ വീട്ടിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക്' എന്നതാണ് അവരുടെ ലക്‌ഷ്യം

News18 Malayalam | news18-malayalam
Updated: April 19, 2021, 10:21 AM IST
Covid 19 | ഡൽഹിയിൽ കോവിഡ് രോഗികൾക്ക് ഭക്ഷണമെത്തിക്കാൻ സന്നദ്ധ പ്രവർത്തകരുടെ 'ഘർ കാ ഖാന' പദ്ധതി
(പ്രതീകാത്മക ചിത്രം)
  • Share this:
എല്ലാ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ച കുടുംബങ്ങളോടുള്ള കരുതൽ എന്ന നിലയിൽ അവരുടെ വീട്ടുപടിക്കൽ ഭക്ഷണം എത്തിക്കാനുള്ള ശ്രമത്തിലാണ് യുവാക്കളും സ്ത്രീകളും വ്യവസായികളും രാഷ്ട്രീയപ്രവർത്തകരും ഉൾപ്പെട്ട സംഘം. ഡൽഹിയിലെ യൂത്ത് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന 27 സന്നദ്ധ പ്രവർത്തകർ ദക്ഷിണ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിലായി ഭക്ഷണ വിതരണം ആരംഭിച്ചു കഴിഞ്ഞു. വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണമാണ് ഇവർ കോവിഡ് രോഗികൾക്ക് വേണ്ടി വിതരണം ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായാണ് എല്ലാ അംഗങ്ങൾക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആർക്കും ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലുള്ള കുടുംബങ്ങൾ ഉണ്ടെന്ന കാര്യം ശ്രദ്ധയിൽ പെട്ടതെന്ന് യൂത്ത് വെൽഫെയർ അസോസിയേഷന്റെ അധ്യക്ഷൻ രാഘവ്പൽ മണ്ഡൽ ഐഎഎൻഎസിനോട് സംസാരിക്കവെ പറഞ്ഞു. അതിനെത്തുടർന്നാണ് എല്ലാ അംഗങ്ങളും കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് വേണ്ടി അവരുടെ വീട്ടുപടിക്കൽ ഭക്ഷണം എത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സന്നദ്ധ പ്രവർത്തകരുടെ ആ സംഘം ഭോജൻ സേവ എന്ന പേരിലാണ് കോവിഡ് രോഗികൾക്കായി ഈ സേവനം ആരംഭിച്ചത്. 'വീട്ടിൽത്തന്നെ പാചകം ചെയ്ത ഭക്ഷണം എന്റെ വീട്ടിൽ നിന്ന് നിങ്ങളുടെ വീട്ടിലേക്ക്' എന്നതാണ് അവരുടെ മോട്ടോ. കോവിഡ് രോഗികൾക്ക് എന്താവശ്യം ഉണ്ടായാലും യൂത്ത് വെൽഫെയർ അസോസിയേഷനെ ബന്ധപ്പെടാമെന്നും മണ്ഡൽ പറഞ്ഞു.

ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ വീടുകളിൽ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നത്. തുടർന്ന് കോവിഡ് സ്ഥിരീകരിച്ച കുടുംബങ്ങളിലേക്ക് അത് എത്തിക്കുകയാണ് ചെയ്യുന്നത്.

"ഇന്നലെ എന്റെ വീട്ടിൽ പാചകം ചെയ്ത ഭക്ഷണം ഞങ്ങൾ 12 കോവിഡ് രോഗികളിലേക്കെത്തിച്ചു. സംഘടനയുടെ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടിൽ നിന്നുള്ള ഭക്ഷണം 13 രോഗികൾക്ക് വിതരണം ചെയ്യാനും ഞങ്ങൾക്ക് കഴിഞ്ഞു. രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യാനായി പ്രത്യേക അടുക്കളകൾ ഞങ്ങൾ ആരംഭിച്ചിട്ടില്ല. ഞങ്ങളുടെ വീടുകളിൽ തന്നെ അധികമായി ഭക്ഷണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്," മണ്ഡൽ കൂട്ടിച്ചേർത്തു. ഗ്രീൻപാർക്ക്, സഫ്ദർജംഗ്, ലജ്പത് നഗർ, ഗ്രെയ്റ്റർ കൈലാഷ്, ഡിഫൻസ് കോളനി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഈ സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടക്കുന്നുണ്ട്.

അപ്രതീക്ഷിതമായി ഉണ്ടായ ഈ കോവിഡ് പ്രതിസന്ധി നേരിടാനായി സമാനമായ രീതിയിൽ ആവശ്യമുള്ളവർക്ക് സഹായങ്ങൾ എത്തിക്കാൻ കൂടുതൽ ആളുകൾ സന്നദ്ധരായി രംഗത്തെത്തണമെന്നും സംഘടനയുടെ അധ്യക്ഷനായ രാഘവ് മണ്ഡൽ പറയുന്നു. സ്ത്രീകളുടെ ആരോഗ്യത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന മറ്റൊരു സന്നദ്ധ സംഘടനയായ എ എ എസ് ഫൗണ്ടേഷൻ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി 200-ലധികം കോവിഡ് രോഗികൾക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. "എല്ലാ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ച കുടുംബങ്ങൾക്ക് ബന്ധപ്പെടാനായി ഞങ്ങൾ ഒരു ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്. ഷാലിമാർ ബാഗിന്റെ സമീപ പ്രദേശങ്ങളിലായി ദിവസവും 200-ൽപ്പരം കുടുംബങ്ങൾക്ക് ഞങ്ങൾ ഭക്ഷണമെത്തിക്കുന്നുണ്ട്", എ എ എസ് ഫൗണ്ടേഷന്റെ അധ്യക്ഷ രേഖ ഗുപ്ത ഐഎഎൻഎസിനോട് പറഞ്ഞു.

Keywords: Covid 19, Delhi, Food Delivery, Volunteerism
കോവിഡ് 19, ഡൽഹി, ഭക്ഷണ വിതരണം, സന്നദ്ധ പ്രവർത്തനം
Published by: user_57
First published: April 19, 2021, 10:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories