ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. അടുത്തിടെയുണ്ടായ കോവിഡ് വര്‍ദ്ധനവിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാരും മധ്യപ്രദേശ് സര്‍ക്കാരും കൊറോണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച രാത്രി മുതല്‍ ഏപ്രില്‍ 19 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രതിദിന കോവിഡ് കേസുകളിലുണ്ടായ വര്‍ദ്ധനവില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നു.
ചൊവ്വാഴ്ച ഇന്ത്യയില്‍ 1,61,736 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ബാധിച്ച് 879 മരണങ്ങളും രേഖപ്പെടുത്തി. മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹരിയാനയില്‍ തിങ്കളാഴ്ച മുതല്‍ രാത്രി 9നും രാവിലെ 5നും ഇടയിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും അതിനുശേഷം രാത്രി കര്‍ഫ്യൂ നീട്ടുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു. ഹരിയാനയില്‍ തിങ്കളാഴ്ച 3,818 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു മാസത്തിനിടെ ഉയര്‍ന്ന കണക്കാണിത്.
മധ്യപ്രദേശില്‍ തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഈ സമയത്ത് എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്നും ബാലബട്ട്, നര്‍സിംഗ്പുര്‍, സിയോണി ജില്ലകളിലും ജബല്‍പുര്‍ നഗരത്തിലും ഏപ്രില്‍ 22 വരെ പത്തു ദിവസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. തിങ്കളാഴ്ച സംസ്ഥാനത്ത് 51,751 പുതിയ കോവിഡ് കോസുകളും 258 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് നിലവില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കോവിഡ് 19 ടാസ്ക് ഫോഴ്സുമായി ചേര്‍ന്ന് നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതില്‍ ഏപ്രില്‍ 14ന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം ഉത്തര്‍പ്രദേശില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 18 വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹിയിലും കോവിഡ് വ്യാപനം ആശങ്കജനകമായി തുടരുന്ന സാഹചര്യമാണ്. ഏപ്രില്‍ 30 വരെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥിതി വഷളാവുകയാണെങ്കില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.