നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ്; പത്താം തീയതിയ്ക്ക് ശേഷം കോവിഡ് വ്യാപനം കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്

  കോവിഡ്; പത്താം തീയതിയ്ക്ക് ശേഷം കോവിഡ് വ്യാപനം കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്

  ഈ ആഴ്ച പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40000 കടന്നേക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അപ്രതീക്ഷിതമായി കേസുകൾ ഉയർന്നേക്കും

  Image: ANI

  Image: ANI

  • Share this:
  തിരുവനന്തപുരം:കോവിഡ് വ്യാപനം അടുത്ത പത്ത് ദിവസത്തിന് ശേഷം കുറഞ്ഞ് തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. കോവിഡ് ആര്‍ ഘടകം അടിസ്ഥാനമാക്കിയുള്ള പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി വിളിച്ച ആരോഗ്യവിദഗ്ധരുടെ യോഗം ഇന്ന് ചേരും.
  നിലവില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ്. ഈയാഴ്ച തന്നെ 40000 പ്രതിദിന രോഗികള്‍ വരെയാകാമെന്നാണ് കണക്കുകൂട്ടല്‍. പത്താം തീയതിയോടെ ഓണക്കാലവുമായി ബന്ധപ്പെട്ട രോഗവ്യാപനം സ്ഥിരത കൈവരിക്കുമെന്നും പിന്നീട് കുറയുമെന്നുമാണ് നിഗമനം. ഒരാളില്‍ നിന്ന് എത്ര പേരിലേയ്ക്ക് രോഗം പകരുമെന്ന് കണക്കാക്കാന്‍ ഉപയോഗിക്കുന്നകോവിഡ് ആര്‍ ഘടകം വിലയിരുത്തിയാണ് പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്.
  തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അപ്രതീക്ഷിതമായി ആര്‍ ഘടകം വര്‍ധിച്ചു. തിരുവനന്തപുരത്ത് 1.7 ഉം കൊല്ലത്ത് 1.61 ഉം ആണ് പുതിയ ആര്‍ നിരക്ക്. ഈ ജില്ലകളില്‍ രോഗികളുടെ എണ്ണമുയര്‍ന്നേക്കും.
  വയനാട്, പത്തനംതിട്ട, എറണാകുളം ഇടുക്കി തിരുവനന്തപുരം കാസര്‍കോട് ജില്ലകളില്‍ ഇനി ആര്‍ ടി പി സി ആര്‍ പരിശോധന മാത്രമേ ഉണ്ടാകു. കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ച ജില്ലകളിലാണ് പുതിയ പരിശോധന നീക്കം. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്ര വ്യാ പന ശേഷിയുള്ള വൈറസ് വകഭേദം നേരിടാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത കൂട്ടും. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയും ബ്രിട്ടനുമുള്‍പ്പെടെ 8 രാജ്യങ്ങളില്‍ നി ന്നെത്തു വരെ കര്‍ശനമായി നിരീക്ഷിക്കും.

  നിലവിലെ പ്രതിരോധ നടപടികളിലും, ചികിത്സ രീതികളും പരിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് ചേരും. പ്രധാനപ്പെട്ട വൈറോളജിസ്റ്റുകള്‍, സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ കോവിഡുമായി ബന്ധപ്പെട്ട്പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ അഭിപ്രായങ്ങള്‍ അറിയിക്കും. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
  രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് കുറഞ്ഞിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രമുഖരുടെ അഭിപ്രായങ്ങള്‍ തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യസെക്രട്ടറി, കോവിഡ് വിദഗ്ധ സമിതി ചെയര്‍മാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
  ഈ ആഴ്ച അവസാനം നടക്കുന്ന അവലോകന യോഗത്തില്‍ ഇന്നത്തെ യോഗത്തലുണ്ടായ അഭിപ്രായങ്ങള്‍ ചര്‍ച്ചക്ക് വരും. നിലവിലുള്ള നിയന്ത്രണങ്ങള്‍ അപര്യാപ്തമാണെന്ന് വിലയിരുത്തലുണ്ടായാല്‍ അത് മാറ്റി പുതിയ നിയന്ത്രണ ഘടനയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നേക്കും.
  Published by:Jayashankar AV
  First published: