HOME » NEWS » Corona » COVID SPREAD PRIME MINISTER HELD TALKS WITH THE CHIEF MINISTERS OF THE FOUR STATES

Covid 19 | കോവിഡ് വ്യാപനം; പ്രധാനമന്ത്രി നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചത്

News18 Malayalam | news18-malayalam
Updated: May 16, 2021, 6:13 PM IST
Covid 19 | കോവിഡ് വ്യാപനം; പ്രധാനമന്ത്രി നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി
PM Narendra Modi.
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചത്. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി.

കോവിഡ് സാഹചര്യത്തെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചു പ്രധാനമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. വാക്‌സിന്‍ പാഴക്കാല്‍ എങ്ങനെ തടയാമെന്നതിനെക്കുറിച്ചു പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം ഛത്തീസ്ഗഢില്‍ പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമമായി കുറയുന്നുണ്ടന്നും സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചു. സംസ്ഥാനത്ത് ആവശ്യമായ വാക്‌സിനുകള്‍ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Also Read-Covid 19 | കോവിഡ് ബാധിച്ചു സഹോദരങ്ങൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു

അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

ഗ്രാമങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതിന്റെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സൗകര്യങ്ങള്‍ ഐസലേഷന്‍, സ്‌ക്രീനിങ്, ക്വാറന്റൈന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഗ്രാമ-ഗോത്ര മേഖലകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഗ്രാമ-ഗോത്ര പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി ആരോഗ്യ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രാഥമിക തലത്തിലുള്ള ആരോഗ്യ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Published by: Jayesh Krishnan
First published: May 16, 2021, 6:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories