നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • കോവിഡിന് ശേഷമുള്ള ക്ഷീണവും ശ്വാസതടസവും ഒരു വർഷം വരെ നീണ്ടു നിൽക്കും എന്ന് പഠനം

    കോവിഡിന് ശേഷമുള്ള ക്ഷീണവും ശ്വാസതടസവും ഒരു വർഷം വരെ നീണ്ടു നിൽക്കും എന്ന് പഠനം

    രോഗനിര്‍ണയം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം മൂന്ന് രോഗികളില്‍ ഒരാള്‍ക്ക് ഇപ്പോഴും ശ്വാസതടസ്സം ഉണ്ടെന്നാണ് ഗവേഷണ ഫലം പറയുന്നത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കോവിഡ് -19 ബാധിതനായി, ഒരു വര്‍ഷത്തിന് ശേഷവും ക്ഷീണവും ശ്വാസതടസ്സവും ഇപ്പോഴും രോഗികളെ ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കോവിഡ് പകര്‍ച്ചവ്യാധിയുടെ ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ നടത്തിയ ഒരു പുതിയ ചൈനീസ് പഠനത്തെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

      കോവിഡ് ബാധിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതിലെ പകുതിയോളം രോഗികളും ഇപ്പോഴും കുറഞ്ഞത് ഒരു രോഗലക്ഷണമെങ്കിലും അനുഭവിക്കുന്നുണ്ട്. രോഗമുക്തനായി 12 മാസങ്ങള്‍ക്ക് ശേഷവും അവര്‍ക്ക് ക്ഷീണം അല്ലെങ്കില്‍ പേശി ബലഹീനത ഉണ്ടാകുന്നുണ്ടെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

      'ലോങ് കോവിഡ്' എന്നറിയപ്പെടുന്ന ഈ അവസ്ഥയെക്കുറിച്ച് ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ ഗവേഷണ ഫലം പറയുന്നത്, രോഗനിര്‍ണയം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം മൂന്ന് രോഗികളില്‍ ഒരാള്‍ക്ക് ഇപ്പോഴും ശ്വാസതടസ്സം ഉണ്ടെന്നാണ്. രോഗം ഗുരുതരമായി ബാധിക്കുന്ന രോഗികളില്‍ ആ സംഖ്യ ഇതിലും കൂടുതലാണ്.



      'തെളിയിക്കപ്പെട്ട ചികിത്സകളോ പൂര്‍വ സ്ഥിതിയിലേക്ക് എത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഇല്ലാത്തതിനാൽ ലോങ് കോവിഡ്, സാധാരണ ജീവിതം പുനരാരംഭിക്കാനുള്ള ആളുകളുടെ കഴിവിനെയും അവരുടെ പ്രവര്‍ത്തന ശേഷിയെയും ബാധിക്കുന്നുണ്ട്. നിരവധി രോഗികള്‍ക്ക്, കോവിഡ് -19 ല്‍ നിന്ന് പൂര്‍ണ്ണമായ വീണ്ടെടുക്കല്‍ നടത്താൻ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ടെന്നും ' പഠനത്തോടൊപ്പം പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ലാന്‍സെറ്റ് പറയുന്നു.

      ചൈനീസ് നഗരമായ വുഹാനില്‍ 2020 ജനുവരി മുതല്‍ മെയ് വരെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഏകദേശം 1300 പേരിലാണ് പഠനം നടത്തിയത്. ഇതുവരെ ലോകമെമ്പാടുമുള്ള 214 മില്യൺ ആളുകളെ ബുദ്ധിമുട്ടിച്ച ഈ പകര്‍ച്ചവ്യാധി പടർന്നു പിടിച്ച ആദ്യ സ്ഥലമാണ് വുഹാന്‍. നാല് ദശലക്ഷത്തിലധികം പേര്‍ ഇതുവരെ കോവിഡ് കാരണം മരണപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അസുഖ ബാധിതര്‍ കൂടിക്കൊണ്ടിരിക്കുകയാണ്.

      കുറഞ്ഞത് ഒരു ലക്ഷണമെങ്കിലുമുള്ള നിരീക്ഷിക്കപ്പെട്ട രോഗികളുടെ എണ്ണം ആറുമാസത്തിനുശേഷം 68 ശതമാനവും, 12 മാസത്തിനുശേഷം 49 ശതമാനമായി കുറഞ്ഞു. ശ്വാസകോശ സംബന്ധമായ അസ്വസ്ഥത ആറ് മാസത്തിന് ശേഷം 26 ശതമാനം രോഗികളില്‍ കണ്ടെത്തി. 12 മാസത്തിന് ശേഷം ഇത് 30 ശതമാനമായി വര്‍ദ്ധിച്ചു.

      കോവിഡിന് ശേഷം ക്ഷീണം അല്ലെങ്കില്‍ തുടര്‍ച്ചയായ പേശികളുടെ ബലഹീനത അനുഭവിക്കുന്നത് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകൾക്കാണ്. 43 ശതമാനം സ്ത്രീകളെയാണ് ആ രോഗലക്ഷണങ്ങള്‍ ബാധിച്ചിരിക്കുന്നത്. ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദ രോഗത്തിനുള്ള സാധ്യത ഇരട്ടിയാണെന്നും കണ്ടെത്തി.

      രോഗനിര്‍ണയത്തിന് മുമ്പ് ജോലി ചെയ്ത 88 ശതമാനം രോഗികളും ഒരു വര്‍ഷത്തിന് ശേഷം ജോലിയില്‍ തിരിച്ചെത്തിയെന്ന് പഠനത്തില്‍ പറയുന്നു. കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പിന്തുണ നല്‍കാന്‍ വിവിധ രാജ്യങ്ങളിലെ അധികൃതര്‍ തയ്യാറാകണമെന്ന് മുന്‍പ് നടത്തിയ ചില ഗവേഷണങ്ങളും പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

      'ആധുനിക മെഡിക്കല്‍ രംഗത്തിന് ലോങ് കോവിഡ് ഒരു വെല്ലുവിളിയാണ്,' അതിനാല്‍ ഈ അവസ്ഥ മനസിലാക്കാനും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിനും കൂടുതല്‍ ഗവേഷണം വേണമെന്നും എഡിറ്റോറിയലില്‍ ആവശ്യപ്പെടുന്നുണ്ട്.
      Published by:user_57
      First published:
      )}