HOME » NEWS » Corona » COVID VACCINE THE SECOND BATCH OF SPUTNIK VACCINE HAS ARRIVED IN INDIA

Covid Vaccine | സ്പുട്‌നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി

ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുള്ള വാക്‌സിനാണ് സ്പുട്‌നിക്.

News18 Malayalam | news18-malayalam
Updated: May 16, 2021, 4:34 PM IST
Covid Vaccine | സ്പുട്‌നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി
News18
  • Share this:
ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വിയുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. ഞായറാഴ്ച രാജീവ് ഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയെന്ന് സ്പുട്‌നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. വിമാനത്തില്‍ വാക്‌സിന്‍ ബോക്‌സുകള്‍ ഇറക്കുന്നതിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തു. നേരത്തെ സ്പുട്‌നിക് കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് മെയ് ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. 1,50,000 ഡോസ് സ്പുട്‌നിക് വാക്‌സിനായിരുന്നു അന്ന് എത്തിച്ചിരുന്നത്.

ഇറക്കുമതി ചെയ്ത സ്പുട്‌നിക് വാക്‌സിന്റെ ഒരു ഡോസിന് രാജ്യത്ത് 995 രൂപ ഈടാക്കേണ്ടിവരുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറി അറിയിച്ചിരുന്നു. രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന് വില കുറയുമെന്ന് അറിയിച്ചിട്ടുണ്ട്.

Also Read-Covid 19 | കോവിഡ് വ്യാപനം; ഹരിയാനയില്‍ ലോക്ഡൗണ്‍ മെയ് 24 വരെ നീട്ടി

ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുള്ള വാക്‌സിനാണ് സ്പുട്‌നിക്. കോവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്തി സ്പുട്‌നിക് വാക്‌സിനുണ്ട്. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുടിനിക് വി.

രണ്ടാമത്തെ ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്‌നിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കോവിഡിനെതിരായി റഷ്യന്‍-ഇന്ത്യന്‍ സംയുക്ത പോരാട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 51 ലക്ഷം ഡോസ് വാക്സിന്‍ കൂടി നല്‍കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1.84 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ സ്റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 20 കോടിയിലിധികം വാക്സിന്‍ ഡോസുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി സൗജന്യമായി നല്‍കിയിട്ടുണ്ട്.

Also Read-ബ്ലാക്ക് ഫംഗസ്: കോവിഡ് രോഗികളിൽ കണ്ടെത്താനും ചികിൽസക്കും മാർഗരേഖയുമായി ആരോഗ്യവകുപ്പ്

ഇതില്‍ പാഴായതടക്കം മെയ് 14 വരെ ഉപയോഗിച്ചത് 18,43,67,772 ഡോസുകളാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റയില്‍ പറയുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിലവിലെ സ്ഥിതി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ എത്രത്തോളം സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് പരിശോധിക്കാന്‍ അടിയന്തര ഓഡിറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ചില സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തിയാണിത്. വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.
Published by: Jayesh Krishnan
First published: May 16, 2021, 4:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories