ഇന്റർഫേസ് /വാർത്ത /Corona / Covid Vaccine | കോവിഡ് വാക്‌സിന്‍ ഇനി വാട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാം

Covid Vaccine | കോവിഡ് വാക്‌സിന്‍ ഇനി വാട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യാം

WhatsApp

WhatsApp

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ വര്‍ഷത്തോടു കൂടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്

  • Share this:

കോവിഡ് വാക്‌സിനിനായുള്ള സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും. സ്ലോട്ട് കിട്ടാന്‍ വിഷമിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന ഈ സൗകര്യം ഏര്‍പ്പെടുത്തിയതായി ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ വര്‍ഷത്തോടു കൂടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയിലാണ് വാട്‌സാപ്പ് മുഖേനയും വാക്‌സിന്‍ ബുക്ക് ചെയ്യാനുളള സൗകര്യം ഏര്‍പ്പെടുത്തിയതെന്നും മിനിറ്റുകള്‍ക്കുള്ളില്‍ വാക്‌സിന്‍ ഇനി മുതല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.

നേരത്തെ വക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പിലൂടെ ലഭ്യമാകുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

അതേ സമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി 4,29,618 പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,170 സര്‍ക്കാര്‍ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1513 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ 2,62,33,752 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. അതില്‍ 1,92,89,777 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 69,43,975 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 54.49 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.62 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 67.21 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 24.20 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നും 15 ലക്ഷം സിറിഞ്ചും മുംബൈയില്‍ നിന്നും 5 ലക്ഷം സിറിഞ്ചും ലഭ്യമായിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

First published:

Tags: Covid Vaccination, Health minister, Whatsapp