HOME » NEWS » Corona » CPM PANCHAYAT MEMBER TAKES COVID PATIENTS TO HOSPITAL RAFEEQ BECAME A STAR

കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച് സിപിഎം പഞ്ചായത്ത് അംഗം; നാട്ടിൽ താരമായി റഫീഖ്

രോഗികളായതിനാല്‍ ഓട്ടോറിക്ഷയോ ടാക്സിയോ ഇവരെ കൊണ്ടുപോകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് റഫീഖ് മുന്നോട്ടുവന്നത്.

News18 Malayalam | news18-malayalam
Updated: April 22, 2021, 9:54 AM IST
കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച് സിപിഎം പഞ്ചായത്ത് അംഗം; നാട്ടിൽ താരമായി റഫീഖ്
Rafeeq CPM
  • Share this:
തിരുവനന്തപുരം: കോവിഡ് ബാധിതരെ പരിശോധനാ കേന്ദ്രത്തിൽ എത്തിക്കാൻ ആരും മുന്നോട്ടു വരാതായതോടെ സ്വയം ഡ്രൈവറായി ഒരു പഞ്ചായത്ത് അംഗം. തിരുവനന്തപുരം അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ തിരുവെള്ളൂര്‍ വാര്‍ഡ് അംഗം അഡ്വക്കേറ്റ് റഫീഖാണ് കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവറായി രംഗത്തെത്തിയത്.

കോവിഡ് ബാധിച്ച രോഗിയുള്ള വീട്ടിലെ മറ്റ് അംഗങ്ങൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് പരിശോധന കേന്ദ്രത്തിലേക്ക് കൊണ്ടുപോകേണ്ടി വന്നത്. എന്നാൽ പരിശോധനയ്ക്ക് പോകാനായി, വാഹനം അന്വേഷിച്ചെങ്കിലും ആരും തയ്യാറായില്ല. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ അഡ്വ. റഫീഖ് സ്വയം വാഹനമോടിച്ച്‌ വീട്ടുകാരെ പരിശോധനാകേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു.

വീട്ടിലെ അംഗങ്ങൾക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് ആരോഗ്യകേന്ദ്രത്തിലെ നിർദേശാനുസരണമാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി പോകാൻ തയ്യാറായത്. എന്നാൽ രോഗികളായതിനാല്‍ ഓട്ടോറിക്ഷയോ ടാക്സിയോ ഇവരെ കൊണ്ടുപോകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് റഫീഖ് മുന്നോട്ടുവന്നത്. പി. പി. ഇ കിറ്റും മാസ്കും ഗ്ലൗസും ധരിച്ച്‌ രോഗികളുടെ വാഹനത്തിന് ഡ്രൈവറായി റഫീഖ് മാറി.

ആണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ റഫീഖ്, വഞ്ചിയൂര്‍ കോടതിയിലെ അഡ്വക്കേറ്റും ഡി. വൈ. എഫ്. ഐ മേഖലാ സെക്രട്ടറിയും സി. പി. എം കണിയാപുരം ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.

അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read- വാക്സിൻ കൂടുതൽ ഫലപ്രദം; കോവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ 0.05 ശതമാനത്തിൽ താഴെ

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,45,93,000 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5000 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3958, കോഴിക്കോട് 2590, തൃശൂര്‍ 2262, കോട്ടയം 1978, തിരുവനന്തപുരം 1524, മലപ്പുറം 1804, കണ്ണൂര്‍ 1363, ആലപ്പുഴ 1155, പാലക്കാട് 505, കൊല്ലം 933, പത്തനംതിട്ട 783, ഇടുക്കി 736, കാസര്‍ഗോഡ് 651, വയനാട് 529 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 36, കണ്ണൂര്‍ 21, തിരുവനന്തപുരം 10, കാസര്‍ഗോഡ് 9, തൃശൂര്‍ 8, പാലക്കാട് 6, കൊല്ലം 3, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5431 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 552, കൊല്ലം 450, പത്തനംതിട്ട 449, ആലപ്പുഴ 487, കോട്ടയം 379, ഇടുക്കി 142, എറണാകുളം 700, തൃശൂര്‍ 452, പാലക്കാട് 208, മലപ്പുറം 165, കോഴിക്കോട് 788, വയനാട് 89, കണ്ണൂര്‍ 439, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,35,631 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,54,102 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,237 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,05,836 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,401 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2580 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 511 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Published by: Anuraj GR
First published: April 22, 2021, 9:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories