നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത് 21 പേര്‍: 28 പേര്‍ ചികിത്സയില്‍ തുടരുന്നതായി ആരോഗ്യ വകുപ്പ്

    സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത് 21 പേര്‍: 28 പേര്‍ ചികിത്സയില്‍ തുടരുന്നതായി ആരോഗ്യ വകുപ്പ്

    28 പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് 21 പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. തിരുവനന്തപുരം ജില്ലയില്‍ 5 പേരാണ് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചത്. എറണാകുളത്ത് നാല് പേര്‍ മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. 28 പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് ആകെ 110 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുന്നുണ്ട്.

      ബ്ലാക്ക്ഫംഗസ്' എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസ്, മണ്ണില്‍ കാണപ്പെടുന്ന ഒരു പൂപ്പല്‍, ചീഞ്ഞ ഇലകള്‍ പോലുള്ള ജൈവവസ്തുക്കള്‍ എന്നിവ മൂലമാണ് ഉണ്ടാകുന്നതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അഭിപ്രായപ്പെടുന്നു. ഫംഗസിന്റെ അണുക്കള്‍ ശ്വസിക്കുന്നതിലൂടെയാണ് ആളുകള്‍ക്ക് പലതരം ബ്ലാക്ക്ഫംഗസ് രോഗം വരുന്നത്. എയര്‍ ഹ്യുമിഡിഫയറുകള്‍ അല്ലെങ്കില്‍ മലിനജലം അടങ്ങിയ ഓക്‌സിജന്‍ ടാങ്കുകള്‍ വഴിയാണ് ആശുപത്രികളിലും വീടുകളിലും ഫംഗസ് വ്യാപിപ്പിക്കുന്നത്.

      വളരെയധികം ആക്രമണകാരിയായ ഒരു ഫംഗസാണ് 'ബ്ലാക്ക്ഫംഗസ്' എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസ്. ശരീരത്തിലെ ഫംഗസ് ബാധിച്ച് കോശങ്ങള്‍ നീക്കം ചെയ്യുന്നതിന്, രോഗ ബാധ ആദ്യമേ കണ്ടുപിടിക്കേണ്ടതുണ്ട്. ചില സമയങ്ങളില്‍ ഫംഗസ് തലച്ചോറിലേക്ക് എത്തുന്നത് തടയാന്‍ ശസ്ത്രക്രിയ വിദഗ്ധര്‍ക്ക് ചിലപ്പോള്‍ രോഗികളുടെ മൂക്ക്, കണ്ണുകള്‍ അല്ലെങ്കില്‍ താടിയെല്ല് വരെ നീക്കം ചെയ്യേണ്ടി വരും.
      സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്ന കണക്കനുസരിച്ച് ഫംഗസ് ബാധിക്കുന്നവരുടെ ശരാശരി മരണനിരക്ക് 54 ശതമാനമാണ്.

      രോഗം ബാധിച്ചുകഴിഞ്ഞാല്‍ ആളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കും. എങ്കിലും ഇതൊരു പകര്‍ച്ചവ്യാധിയല്ലെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. ഇന്ത്യയില്‍ സാധാരണയായി പ്രതിവര്‍ഷം ഏതാനും ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സാധാരണയായി ശരീരത്തിന്റെ പ്രതിരോധം ഫംഗസിനെ പുറന്തള്ളുന്നു. രോഗപ്രതിരോധ ശേഷി വളരെ ദുര്‍ബലമായവരെ മാത്രമാണ് ഫംഗസ് ബാധിക്കുകയുള്ളൂ. ഉദാഹരണത്തിന് അവയവമാറ്റ ശസ്ത്രക്രിയ അല്ലെങ്കില്‍ കാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ക്ക് ബ്ലാക്ക്ഫംഗസ് ഒരു മാരക രോഗമാണ്.

      സംസ്ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കി; സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകള്‍

      വാക്സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ രീതി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ വാക്സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറപ്പെടുവിച്ചിട്ടുണ്ട്.

      സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കുന്നതാണ്. സെന്റിനല്‍, റാണ്ടം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളും പരിശോധനകള്‍ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തുന്നതാണ്. എല്ലാ ജില്ലകളും റാണ്ടം സാമ്പിളുകള്‍ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

      80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നതാണ്. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുന്നത്.

      ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാണ്ടം പരിശോധനയ്ക്കും ആന്റിജന്‍ മതിയാകും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. 80 ശതമാനത്തിന് താഴെ ആദ്യ ഡോസ് വാക്സിന്‍ നല്‍കിയ തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ പഴയ രീതി തുടരുന്നതാണ്.
      Published by:Jayashankar AV
      First published:
      )}