• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • കോവിഡിനെ പ്രതിരോധിക്കാൻ മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കണോ? ബൂസ്റ്റർ ഡോസ് ചർച്ചയാകുന്നു

കോവിഡിനെ പ്രതിരോധിക്കാൻ മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കണോ? ബൂസ്റ്റർ ഡോസ് ചർച്ചയാകുന്നു

എന്തുകൊണ്ട് മൂന്നാമത്തെ ഡോസ്? ചർച്ചയ്ക്കു പിന്നിൽ

എന്തുകൊണ്ട് മൂന്നാമത്തെ ഡോസ്?

എന്തുകൊണ്ട് മൂന്നാമത്തെ ഡോസ്?

 • Last Updated :
 • Share this:
  കോവിഡ് ഡെൽറ്റ വേരിയൻറ് ലോകമെമ്പാടും അതിവേഗം വ്യാപിക്കുമ്പോൾ, മൂന്നാമത്തെ 'ബൂസ്റ്റർ' ഡോസിന്റെ സാധ്യത ചർച്ചയാകുന്നു. വലിയൊരു വിഭാഗം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയ രാജ്യങ്ങൾ പോലും മൂന്നാമത്തെ ഡോസ് വാക്സിനെക്കുറിച്ച് ചർച്ച ചെയ്യുന്നതായാണ് വിവരം. ഈ വർഷാവസാനത്തോടെ വിവിധ രാജ്യങ്ങൾക്ക് മൂന്നാമത്തെ വാക്സിൻ ഡോസ് നൽകേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് കൃത്യമായി അറിയാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. നിരവധി രാജ്യങ്ങളിൽ ആദ്യ ഡോസ് വാക്സിൻ പോലും ആളുകൾക്ക് ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് മൂന്നാമത്തെ ഡോസിനെക്കുറിച്ചുള്ള ചർച്ചകൾ പല വികസിത രാജ്യങ്ങളിലും ചർച്ചയാകുന്നത്.

  എന്തുകൊണ്ട് മൂന്നാമത്തെ ഡോസ്?

  ഈ മാസം ആദ്യം വാക്സിൻ നിർമ്മാതാക്കളായ ഫൈസർ / ബയോൺടെക് തങ്ങളുടെ വാക്സിന്റെ മൂന്നാമത്തെ ഡോസ് നൽകുന്നതിനെക്കുറിച്ച് യുഎസിനോടും യൂറോപ്യൻ അധികൃതരോടും അനുവാദം വാങ്ങിയിരുന്നു. രണ്ട് ഡോസുകൾ നൽകിയതിനേക്കാൾ ശക്തമായ പ്രതിരോധശേഷി ആളുകളിൽ ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിൻ കടുത്ത കോവിഡ് രോഗത്തിൽ നിന്ന് കുറഞ്ഞത് ആറുമാസത്തേക്ക് സംരക്ഷണം ഉറപ്പു നൽകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഉയർന്നു വരുന്ന വേരിയന്റുകളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ കാലക്രമേണ വാക്സിന്റെ ഫലപ്രാപ്തിയിൽ കുറവുണ്ടാകുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.

  “ഫൈസർ/ബയോ‌ൺടെക്ക് നിങ്ങൾക്ക് കൂടുതൽ പ്രതിരോധത്തിനായി മൂന്നാം-ഡോസുമായി വരാനുള്ള തയ്യാറെടുപ്പിലാണെന്ന് ” ചൊവ്വാഴ്ച സി‌എൻ‌ബി‌സിയിൽ സംസാരിച്ച വൈറ്റ് ഹൗസ് മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ആന്റണി ഫൗസി പറഞ്ഞു. എന്നാൽ ബൂസ്റ്റർ ഡോസ് ഒരു അത്യാവശ്യമാണ്, എല്ലാവർക്കും ഉടൻ ബൂസ്റ്റർ ലഭിക്കും എന്ന തരത്തിൽ കാര്യങ്ങൾ റിപ്പോ‍ർട്ട് ചെയ്യരുതെന്നും ഫൗസി പറഞ്ഞു. കാരണം ഒരു ഡോസ് വാക്സിൻ പോലും ലഭിക്കാത്ത നിരവധിയാളുകളുണ്ടെന്ന് ഫൗസി കൂട്ടിച്ചേ‍ർത്തു.

  അധികൃത‍ർ പറയുന്നത് എന്ത്?

  ഇതിനകം രണ്ട് ഡോസ് ലഭിച്ച എല്ലാവർക്കും മൂന്നാമത്തെ ഡോസ് ഇതുവരെ മെഡിക്കൽ ഏജൻസികൾ ശുപാർശ ചെയ്തിട്ടില്ല. മൂന്നാമത്തെ ഡോസ് ആവശ്യമുണ്ടോ എന്ന് പറയാൻ ഇനിയും സമയമെടുക്കുമെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോളും പറയുന്നു.

  “വാക്സിനേഷൻ പ്രചാരണങ്ങളിൽ നിന്നും നിലവിലുള്ള പഠനങ്ങളിൽ നിന്നും മതിയായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല, വാക്സിനുകളിൽ നിന്നുള്ള സംരക്ഷണം എത്രത്തോളം നിലനിൽക്കുമെന്ന് മനസിലാക്കാൻ വിശദമായ പഠനം ആവശ്യമാണ്. വേരിയന്റുകളുടെ വ്യാപനവും കണക്കിലെടുക്കേണ്ടി വരും,” ഇരു സംഘടനകളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

  മൂന്നാമത്തെ ഡോസ് ശുപാർശ ചെയ്യുന്നതിനെ ന്യായീകരിക്കുന്നതിന് മതിയായ തെളിവുകൾ ഇപ്പോൾ നിലവിലുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന്
  ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി ഡയറക്ടർ ഡിഡിയർ ഹൗസിൻ പറഞ്ഞു.

  ഭൂരിഭാഗം രാജ്യങ്ങളിലും പൂർണ്ണമായി രണ്ട് ഡോസ് കുത്തിവയ്പ് സ്വീകരിച്ച ആളുകളുടെ എണ്ണം വളരെ ചെറിയ ശതമാനം മാത്രമാണെന്നിരിക്കെ മൂന്നാമത്തെ ഡോസിനെക്കുറിച്ച് സംസാരിക്കുന്നത് വാക്സിനുകൾ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

  എന്നാൽ ചില പൗരന്മാർക്ക് ഓഗസ്റ്റ് ആദ്യം മുതൽ മൂന്നാമത്തെ ഡോസ് സ്വീകരിക്കാൻ കഴിയുമെന്ന് ഹംഗറി പ്രസിഡന്റ് വിക്ടർ ഓർബൻ പറഞ്ഞു. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വാക്സിൻ വിതരണത്തിന്റെ കാര്യത്തിൽ ഹംഗറി വ്യത്യസ്ത തീരുമാനമാണ് എടുത്തിരുന്നത്. മോഡേണ, ഫൈസർ / ബയോൺടെക്, അസ്ട്രസെനെക്ക, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയ്ക്ക് പകരം ചൈനീസ്, റഷ്യൻ വാക്സിനുകളാണ് ഹം​ഗറിയിൽ വ്യാപകമായി ഉപയോഗിക്കാൻ അംഗീകാരം നൽകിയത്.

  ദുർബലരായ ആളുകൾക്ക് ഫലപ്രദമാണോ?

  എല്ലാവ‍ർക്കും മൂന്നാമത്തെ ഡോസ് വിതരണം ഉടൻ നടക്കാൻ സാധ്യതയില്ലെങ്കിലും നിരവധി രാജ്യങ്ങൾ ഇതിനകം തന്നെ ചില ആളുകൾക്ക് മൂന്നാം ഡോസുകൾ നൽകാൻ തുടങ്ങി. രോഗപ്രതിരോധ ശേഷി ദുർബലമായ വ്യക്തികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, കാൻസർ അല്ലെങ്കിൽ വൃക്കസംബന്ധമായ പ്രശ്നങ്ങൾ എന്നിവ നേരിടുന്നവ‍ർ തുടങ്ങിയ രോ​ഗികൾക്കാണ് മൂന്നാം ഡോസ് നൽകിയ തുടങ്ങിയിരിക്കുന്നത്. ഇവ‍ർക്ക് രോഗകാരികളോടുള്ള സ്വാഭാവിക രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതായത് വാക്സിൻ എടുക്കുന്നത് വഴി ഉത്തേജിപ്പിക്കുന്ന രോഗപ്രതിരോധ പ്രതികരണത്തിന്റെ ശക്തി കുറവായിരിക്കും.

  ഫ്രാൻസിനൊപ്പം ഇസ്രായേലും ഈ ആഴ്ച മുതൽ ഇത്തരത്തിൽ ചില ആളുകൾക്ക് മൂന്നാം ഡോസ് നൽകാൻ തുടങ്ങി. “രണ്ട് ഡോസുകൾ ഉത്തേജിപ്പിച്ച രോഗപ്രതിരോധ പ്രതികരണം രോഗപ്രതിരോധ ശേഷിയില്ലാത്ത വ്യക്തികളിൽ പര്യാപ്തമല്ലെന്ന് സമീപകാല ഡാറ്റകൾ വ്യക്തമാക്കുന്നതായി ” ഫ്രാൻസിന്റെ വാക്സിൻ കമ്മിറ്റി മെയ് മാസത്തിൽ പറഞ്ഞിരുന്നു.

  “സമീപകാല ആഴ്ചകളിൽ ധാരാളം കേസുകൾ” ചൂണ്ടിക്കാണിച്ചുകൊണ്ട് ഇസ്രായേൽ തീരുമാനത്തെ ന്യായീകരിച്ചു, രോഗ പ്രതിരോധ ശേഷിയില്ലാത്ത രോഗികൾക്ക് ഉണ്ടാകുന്ന അപകടസാധ്യത കുറയ്ക്കാനാണ് ഈ രാജ്യങ്ങൾ മൂന്നാമത്തെ ഡോസ് നൽകി തുടങ്ങിയത്.

  പ്രായമായവർക്ക് മൂന്നാം ഡോസ് ആവശ്യമാണോ?

  ഈ വർഷം ആദ്യം പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകൾക്കായി സെപ്റ്റംബർ മുതൽ 'ബൂസ്റ്റർ കാമ്പെയ്ൻ' ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ് തിങ്കളാഴ്ച വാക്സിനേഷന്റെ കാര്യത്തിൽ ഒരു പടി കൂടി മുന്നോട്ട് പോയി. 80 വയസ്സിന് മുകളിലുള്ളവർക്ക് മൂന്നാമത്തെ ഡോസ് വാക്സിൻ വിതരണം ആരംഭിക്കുകയാണെന്ന് ഫ്രാൻസിലെ വാക്സിനേഷൻ കൗൺസിൽ ഈ മാസം ആദ്യം അറിയിച്ചിരുന്നു.

  “ഈ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നതിനുള്ള ശാസ്ത്രീയ ഡാറ്റ ഇപ്പോഴും പരിമിതമാണ്, എന്നാൽ പ്രായമായവരിൽ ആന്റിബോഡി അളവ് കുറയുന്നതും രോഗപരിചരണ സംവിധാനത്തിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കപ്പെടാതിരിക്കാനും പഠനങ്ങൾ കണക്കിലെടുക്കുമ്പോൾ മൂന്നാമത്തെ ഡോസ് ന്യായമാണെന്ന് തോന്നുന്നതായി” കൗൺസിൽ വ്യക്തമാക്കി. മഹാമാരി എങ്ങനെ മുന്നേറുന്ന എന്നതിനെ ആശ്രയിച്ചായിരിക്കും ചെറുപ്പക്കാർക്ക് മൂന്നാം ഡോസ് വാക്സിൻ ലഭിക്കാൻ സാധ്യത.
  Published by:user_57
  First published: