കോവിഡ് മഹാമാരി രാജ്യത്ത് താണ്ഡവമാടുമ്പോൾ കോവിഡ് കാപ്പ വേരിയന്റിന്റെ രണ്ട് കേസുകൾ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തു. അതേസമയം ദിയോറിയയിലും ഗോരഖ്പൂരിലും ഡെൽറ്റ പ്ലസ് വകഭേദവും കണ്ടെത്തി. ഇന്ത്യയിൽ ഡെൽറ്റ വേരിയന്റ് മൂലം വർദ്ധിച്ചു വരുന്ന കോവിഡ് കേസുകൾക്കിടയിൽ കോവിഡിന്റെ മറ്റ് വകഭേദങ്ങൾ കാര്യങ്ങൾ കൂടുതൽ ആശങ്കാജനകമാക്കിയിരിക്കുകയാണ്. കോവിഡിന്റെ പുതുതായി കണ്ടെത്തിയ നാല് വകഭേദങ്ങളാണ് ഇപ്പോൾ ആരോഗ്യ വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഈ വേരിയന്റുകളെക്കുറിച്ച് കൂടുതൽ അറിയാം.
ഡെൽറ്റഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയന്റാണ് രാജ്യത്തെ വലിയ തോതിൽ ബാധിച്ച കോവിഡ് രണ്ടാം തരംഗം വഷളാകാൻ പ്രധാന കാരണം. ഈ വേരിയന്റ് കോവിഡ് കേസുകളും മരണങ്ങളും ഗണ്യമായി വർദ്ധിക്കാൻ കാരണമായി. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ യഥാർത്ഥ വൈറസിനെ അപേക്ഷിച്ച് ഈ വകഭേദങ്ങൾക്കെതിരെ വാക്സിനുകളുടെ ശക്തി എട്ട് മടങ്ങ് കുറവാണെന്ന് അടുത്തിടെ ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഈ വേരിയന്റിന് അസുഖം കൂടുതൽ പേരിലേക്ക് പകർത്താനുള്ള കഴിവ് കൂടുതലാണെന്ന് കരുതപ്പെടുന്നു. കൂടാതെ രോഗികളിൽ കൂടുതൽ പേർക്കും കടുത്ത ലക്ഷണങ്ങൾ ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. യുകെ, ഇസ്രായേൽ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഈ വേരിയന്റ് വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകളുണ്ട്. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേലിലെ സമീപകാല കേസുകളിൽ 90 ശതമാനവും ഡെൽറ്റ വേരിയന്റ് കാരണമാണ്.
ഡെൽറ്റ പ്ലസ്ഡെൽറ്റ അല്ലെങ്കിൽ B.1.617.2 വേരിയന്റിനുണ്ടായ മ്യൂട്ടേഷൻ മൂലമാണ് പുതിയ ഡെൽറ്റ പ്ലസ് വേരിയൻറ് രൂപപ്പെട്ടിരിക്കുന്നത്. ഇത് ഇന്ത്യയിലാണ് ആദ്യം കണ്ടെത്തിയത്. കോവിഡ് -19 ന്റെ 'ഡെൽറ്റ പ്ലസ്' വേരിയന്റ് മൂലമുള്ള ചില കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസിനെതിരായ സംസ്ഥാനത്തിന്റെ പോരാട്ടത്തെ ഇത് വൻതോതിൽ തകർക്കുമെന്ന് കരുതപ്പെടുന്നു. ഈ വകഭേദം സംസ്ഥാനത്ത് മൂന്നാമത്തെ തരംഗത്തിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ യുകെ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, പോളണ്ട്, ജപ്പാൻ, നേപ്പാൾ, ചൈന, റഷ്യ എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക പഠനങ്ങൾ അനുസരിച്ച് സാധാരണയുണ്ടാകുന്ന വരണ്ട ചുമ, പനി, ക്ഷീണം, ശരീര വേദന, ചർമ്മത്തിലെ തിണർപ്പ്, കാൽവിരലുകൾ, കൈവിരലുകൾ എന്നിവയുടെ നിറം മാറൽ, തൊണ്ടവേദന, ചെങ്കണ്ണ്, രുചിയില്ലായ്മ, മണമില്ലായ്മ, വയറിളക്കം, തലവേദന, നെഞ്ചുവേദന, ശ്വാസതടസ്സം , സംസാരിക്കാൻ കഴിയാതെ വരിക എന്നിവയ്ക്കുപുറമേ ഡെൽറ്റ പ്ലസ് രോഗികൾക്ക് വയറുവേദന, ഓക്കാനം, വിശപ്പ് കുറവ്, ഛർദ്ദി, സന്ധി വേദന, കേൾവിക്കുറവ് തുടങ്ങിയവ ലക്ഷണങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തൽ.
കാപ്പകാപ്പ വേരിയന്റ് B .1.167.1 എന്നും അറിയപ്പെടുന്നു. വൈറസിന് ഡബിൾ മ്യൂട്ടേഷൻ സംഭവിച്ച വേരിയന്റാണിത്. ഇത് കൂടുതൽ അപകടസൂചനകൾ ഉയർത്തുന്നുണ്ട്. അതിവേഗം വ്യാപിക്കുന്ന ബ്രസീലിയൻ, ദക്ഷിണാഫ്രിക്കൻ വേരിയന്റുകളിൽ തിരിച്ചറിഞ്ഞ E484K മ്യൂട്ടേഷന് സമാനമായ E484Q മ്യൂട്ടേഷനാണ് ഈ വേരിയന്റിൽ സംഭവിച്ചിരിക്കുന്നത്. രോഗപ്രതിരോധ വ്യവസ്ഥയുടെ സ്വാഭാവിക പ്രതിരോധശക്തിയെ തകർക്കുന്ന L452R മ്യൂട്ടേഷനും ഈ വകഭേദത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ലാംഡകോവിഡിന്റെ ലാംഡ വേരിയന്റിനെക്കുറിച്ച് ഇപ്പോഴും പരിശോധനകൾ നടന്നു വരികയാണ്. ഇതുവരെ ഇന്ത്യയിൽ ഈ വകഭേദം കണ്ടെത്തിയിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിവരം. 2020 ഓഗസ്റ്റിലാണ് പെറുവിൽ ഈ വകഭേദത്തെ കണ്ടെത്തിയത്. അതിനുശേഷം ഇത് പ്രധാനമായും ലാറ്റിനമേരിക്കയടക്കം 29 രാജ്യങ്ങളിലേക്ക് വ്യാപിച്ചു.. L452Q, F490S എന്നിവയിൽ കാര്യമായ മാറ്റങ്ങൾ ഉള്ളതിനാൽ, ഈ വേരിയൻറ് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാൽ ഈ വേരിയൻറ് കൂടുതൽ കഠിനമായ രോഗത്തിന് കാരണമാകുന്ന ഒന്നാണെന്നോ രോഗപ്രതിരോധം ഫലപ്രദമല്ലാത്തതാണെന്നോ നിലവിൽ യാതൊരു തെളിവുകളൊന്നുമില്ലെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധർ പറയുന്നു.
B.11.318യും B.1.617.3 ഉംഇത് ഡെൽറ്റ വേരിയന്റായ B.1.617.2 ന്റെ ഒരു വകഭേദമായി കണക്കാക്കപ്പെടുന്നു. ഇത് ഇന്ത്യയിലെ മാരകമായ രണ്ടാമത്തെ തരംഗത്തിന് കാരണമായിരുന്നു. എന്നാൽ ഇതുവരെ, ഒരു ആരോഗ്യ വിദഗ്ധരും B.1.617.3 വേരിയന്റിനെ ആശങ്കയുണ്ടാക്കുന്ന ഒരു വകഭേദമായി തരംതിരിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബി 11.318 വേരിയന്റിൽ കാപ്പയ്ക്ക് സമാനമായ E484K എന്ന മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.