HOME » NEWS » Corona » DOCTOR WORKING IN COVID WARD DIES BY SUICIDE NEW

Covid 19| ഡൽഹിയിൽ കോവിഡ് രോഗബാധിതരെ ചികിത്സിച്ചിരുന്ന ഡോക്ടർ ജീവനൊടുക്കി

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഡോക്ടർ കടുത്ത സമ്മർദത്തിലായിരുന്നെന്നാണ് വിവരം

News18 Malayalam | news18-malayalam
Updated: May 2, 2021, 6:22 AM IST
Covid 19| ഡൽഹിയിൽ കോവിഡ് രോഗബാധിതരെ ചികിത്സിച്ചിരുന്ന ഡോക്ടർ ജീവനൊടുക്കി
ഡോ. വിവേക് റായ്
  • Share this:
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടർ ജീവനൊടുക്കി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഡോക്ടർ കടുത്ത സമ്മർദത്തിലായിരുന്നെന്നാണ് വിവരം. വിവേക് റായ് എന്ന ഡോക്ടറാണ് വീട്ടിൽ ആത്മഹ്യ ചെയ്തത്.

ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശിയായ വിവേക് നൂറുകണക്കിന് കോവിഡ് രോഗികളെ പരിചരിച്ചിരുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ തലവൻ ഡോ. രവി വങ്കേഡ്കർ ട്വിറ്ററിൽ കുറിച്ചു. ഒരു മാസമായി വിവേക് ആശുപത്രിയിലെ കോവിഡ് രോഗികളെ ചികിത്സിക്കുകയായിരുന്നു. ഒരു ദിവസം ഗുരുതരാവസ്ഥയിലുള്ള ഏഴോ എട്ടോ രോഗികളെയാണ് പരിചരിച്ചിരുന്നത്. രോഗികൾ മരണപ്പെടുന്നതിനെ തുടര്‍ന്ന് ഡോക്ടർ വിഷാദത്തിലായിരുന്നെന്നാണ് വിവരം.

റസിഡന്റ് ഡോക്ടറായ വിവേകിന്റെ ഭാര്യ രണ്ട് മാസം ഗർഭിണിയാണ്. ഡോക്ടറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി മാൾവിയാ നഗർ പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം എയിംസിലേക്കു കൊണ്ടുപോയി. പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം,മരിച്ചത് ഡൽഹി മാക്സ് സാകേത് ആശുപത്രിയിലെ ഡോ. വിവേക് നാങ്ഗിയ ആണെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. ഇത് തെറ്റാണെന്ന് വ്യക്തമാക്കി ഡോ. വിവേക് നാങ്ഗിയ തന്നെ രംഗത്ത് വന്നു.

മെഡിക്കൽ ഓക്‌സിജന്റെ അഭാവം മൂലം ഡൽഹിയിലെ ബാത്ര ആശുപത്രിയിൽ ശനിയാഴ്ച ഒരു ഡോക്ടർ ഉൾപ്പെടെ എട്ട് പേർ മരിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ സംഭവമുണ്ടാകുന്നത്. എട്ടു പേരിൽ ആറുപേരെ ആശുപത്രിയിലെ ഐസിയുവിലും (തീവ്രപരിചരണ വിഭാഗത്തിലും) രണ്ടുപേരെ വാർഡുകളിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗ്യാസ്ട്രോഎൻട്രോളജി യൂണിറ്റ് മേധാവി ഡോ. ആർ കെ ഹിംതാനിയാണ് മരിച്ചത്.

നഗരത്തിലെ ഓക്സിജൻ പ്രതിസന്ധിയെക്കുറിച്ച് തുടർച്ചയായ പതിനൊന്നാം ദിവസവും ആശുപത്രി അധികൃതർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു - 230 ഓളം പേർക്ക് ഒരു മണിക്കൂറിലധികം ഓക്സിജൻ ഇല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. "ഞങ്ങൾക്ക് 11.45 ന് ഓക്സിജൻ തീർന്നു. 1.30 നാണ് ഓക്സിജൻ വിതരണം നടന്നത്. ഒരു മണിക്കൂർ 20 മിനിറ്റ് സമയം ഓക്സിജൻ ഇല്ലാത്ത അവസ്ഥയിലായിരുന്നു," ആശുപത്രി കോടതിയെ അറിയിച്ചു.

രാവിലെ മുതല്‍ തന്നെ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി നിലനിന്നിരുന്നു. 307 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ക്ക മാത്രമാണ് ഓക്‌സിജന്‍ നല്‍കാന്‍ കഴിഞ്ഞതെന്നും അധികൃതര്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് ബത്രയില്‍ ഇതേ സ്ഥിതിവിശേഷം ഉണ്ടാകുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണി വരെ രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Rajesh V
First published: May 2, 2021, 6:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories