ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ചികിത്സയ്ക്കായി ഡി. ആര്‍. ഡി. ഒ വികസിപ്പിച്ചെടുത്ത 2-ഡിജി മരുന്നിന്റെ വിൽപന ആരംഭിച്ചു. ഡോ റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഇന്ത്യൻ വിപണിയില്‍ ഇറക്കുന്ന ഈ മരുന്നിന് ഓരോ പാക്കറ്റിനും 990 രൂപയാണ് വില. പരീക്ഷണങ്ങളിൽ ഈ മരുന്നിന്‍റെ ഉപയോഗം കോവിഡില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ചെടുത്ത ഈ മരുന്ന് കോവിഡ് ചികിത്സയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻമാസ്) വികസിപ്പിച്ചെടുത്ത 2-ഡിജി, 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് എന്ന ഈ മരുന്ന് ഡിആർഡിഒയും ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയുടെ സഹകരണത്തോടെയാണ് പുറത്തിറക്കുന്നത്. 2020 ഏപ്രിലിൽ ആരംഭിച്ച ലബോറട്ടറി പരീക്ഷണങ്ങളുടെ ഫലമാണ് ഈ മരുന്ന് കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്നും വൈറൽ വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്നും കണ്ടെത്തി. 2-ഡിജി പൊടി രൂപത്തിൽ ഉള്ള മരുന്നാണ്. ഇത് വെള്ളത്തിൽ ലയിപ്പിച്ചു വായിലൂടെയാണ് കഴിക്കേണ്ടത്.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) മെയ് ഒന്നിന് 2 ഡിജിക്ക് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയതായി പ്രതിരോധ മന്ത്രാലയം ഈ മാസം ആദ്യം അറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും മെയ് 17 ന് മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കി.
Also Read-
മുംബൈയിലെ 50 ശതമാനം കുട്ടികളിലും കോവിഡ് ആന്‍റിബോഡി; സെറോ പഠനംകോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളെ വേഗത്തിൽ രോഗമുക്തി നേടാൻ ഈ മരുന്ന് സഹായിക്കുമെന്നും അനുബന്ധ ഓക്സിജൻ ആശ്രിതത്വം കുറയ്ക്കുമെന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗികളുടെ വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞുകൂടിയാണ് ഇത് പ്രവർത്തിക്കുന്നത്, വൈറൽ സിന്തസിസും ഊർജ്ജ ഉൽപാദനവും നിർത്തി വൈറസ് വളർച്ച തടയുന്നു. “വൈറസ് ബാധിച്ച കോശങ്ങളിൽ ഇത് ശേഖരിക്കപ്പെടുന്നത് ഈ മരുന്നിനെ കൂടുതൽ ഫലപ്രദമാക്കുന്നു” എന്ന് മന്ത്രാലയം പറഞ്ഞു. 2-ഡിജി ചികിത്സിച്ച രോഗികളിൽ ഉയർന്ന അനുപാതം “ആർടി-പിസിആർ നെഗറ്റീവ് ഫലം” കാണിക്കുന്നതായി വ്യക്തമായിട്ടുണ്ട്. “2 ഡിജി മരുന്ന് കോവിഡ് -19 രോഗികൾക്ക് വളരെയധികം പ്രയോജനപ്രദമാണെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
കോവിഡ് ബാധിച്ച് മിതമായതും കഠിനവുമായ ലക്ഷണങ്ങളുള്ള കേസുകളിൽ 2-ഡിജി ഉപയോഗിക്കാൻ അനുവദിക്കുന്നു. ഇത് ഒരു അനുബന്ധ തെറാപ്പിയായി ഉപയോഗിക്കണം, അതായത് അത്തരം രോഗികൾക്ക് പ്രാഥമിക ചികിത്സാരീതിക്ക് ഇത് സഹായകമാകും. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കോവിഡ് -19 ന്റെ ഏറ്റവും പുതിയ ക്ലിനിക്കൽ മാനേജുമെന്റ് മാർഗ്ഗനിർദ്ദേശത്തിൽ 2-ഡിജി മരുന്നിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല.
ഗ്ലൂക്കോസിന്റെ അനലോഗ് ആയ ഒരു ജനറിക് തന്മാത്രയിൽ നിന്നാണ് 2-ഡിജി വികസിപ്പിച്ചതെന്നും അതിനാൽ "എളുപ്പത്തിൽ ഉൽപാദിപ്പിക്കാനും രാജ്യത്ത് ധാരാളം ലഭ്യമാക്കാനും കഴിയും" എന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.