ഇന്റർഫേസ് /വാർത്ത /Corona / മുംബൈയിലെ ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ; കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യം

മുംബൈയിലെ ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ; കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ആവശ്യം

ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രം

ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രം

വാക്സിൻ സ്വീകരിച്ചതിന് ശേഷം 30 മിനിറ്റ് നേരത്തെ നിരീക്ഷണ കാലയളവും അവിടെ തങ്ങളുടെ വാഹനങ്ങളിൽ ഇരുന്ന് തന്നെ ഗുണഭോക്താക്കൾക്ക് പൂർത്തിയാക്കാവുന്നതാണ്

  • Share this:

രാജ്യത്തെമ്പാടും കോവിഡ് വാക്സിനേഷൻ ഡ്രൈവുകൾ നടന്നുകൊണ്ടിരിക്കെ ഭിന്നശേഷിയുള്ള ആളുകൾക്കും പ്രായമായവർക്കും വേണ്ടി മുംബൈയിൽ ആരംഭിച്ച ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രങ്ങൾ ജനപ്രശംസ നേടുകയാണ്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വരി നിൽക്കാതെയും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാതെയും വാക്സിൻ സ്വീകരിക്കാൻ കഴിയുന്ന ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഒരു ട്വീറ്റിലൂടെ പങ്കുവെച്ചു.

നിരവധി ആളുകളാണ് ബി എം സി അധികൃതരുടെ ഈ സംരംഭത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നത്. വ്യവസായ പ്രമുഖനായ ആനന്ദ് മഹീന്ദ്ര ഈ ഡ്രൈവ് ഇൻ വാക്സിനേഷൻ സെന്ററിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ബിഎംസിയെ അഭിനന്ദിക്കുകയും ചെയ്തു.

"മുംബൈയിലെ ആദ്യത്തെ ഡ്രൈവ് ഇൻ വാക്സിനേഷൻ സെന്റർ ദാദറിൽ. ബിഎംസിയ്ക്കും കമ്മീഷണർ ഇഖ്ബാൽ സിങ് ചാഹലിനും അഭിനന്ദനങ്ങൾ. തുടർന്നും മുന്നിൽ നിന്ന് നയിക്കുക," എന്നാണ് ആനന്ദ് മഹീന്ദ്ര വീഡിയോയ്ക്ക് ക്യാപ്ഷനായി എഴുതിയത്. ഈ ട്വീറ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്.

ദാദര്‍ വെസ്റ്റിലെ ശിവാജി പാര്‍ക്കിന് സമീപമുള്ള കോഹിനൂര്‍ പാർക്കാണ് ഡ്രൈവ്-ഇൻ വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. രണ്ട് ബൂത്തുകള്‍ക്കായി 60 മുതല്‍ 70 വരെ വാഹനങ്ങള്‍ക്ക് ക്യൂ നില്‍ക്കാന്‍ പാര്‍ക്കിംഗ് സ്ഥലത്ത് മതിയായ ഇടമുണ്ട്. ഇതിനോടടുത്ത് ഒരു രജിസ്‌ട്രേഷന്‍ സ്റ്റാളും സ്ഥാപിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ ക്യൂവില്‍ കാത്തിരിക്കുമ്പോള്‍ കേന്ദ്രത്തിലെ ജീവനക്കാർക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മെയ് 3-ന് പ്രവർത്തനം ആരംഭിച്ച ഈ ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രത്തിൽ ആകെ ഏഴ് ബൂത്തുകളാണ് ഉള്ളത്. ജനസാന്ദ്രതയുള്ള നഗരത്തില്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി വീടുകളില്‍ കുത്തിവയ്ക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യവും ബി എം സി പരിഗണിക്കുന്നുണ്ട്.

മികച്ച പ്രതികരണമാണ് ഈ ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രത്തിന് വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചതിന് ശേഷം 30 മിനിറ്റ് നേരത്തെ നിരീക്ഷണ കാലയളവും അവിടെ തങ്ങളുടെ വാഹനങ്ങളിൽ ഇരുന്ന് തന്നെ ഗുണഭോക്താക്കൾക്ക് പൂർത്തിയാക്കാവുന്നതാണ്. നഗരത്തിലെ പ്രധാന ഷോപ്പിങ് മാളുകളുടെ പാർക്കിങ് സ്‌പേസുകളിൽ ഇതുപോലെ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

അതിനിടെ 45 വയസിന് മുകളിൽ പ്രായമുള്ളവർ വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതിനായി കോവിൻ ആപ്പിൽ മുൻകൂറായി രജിസ്റ്റർ ചെയ്തിരിക്കണമെന്ന് ബിഎംസി അറിയിച്ചു. വാക്സിനേഷൻ പ്രക്രിയ വേഗത്തിലും സുഗമമായും നടത്താനാണ് ഇതെന്നും അവർ അറിയിച്ചു.

18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷനും മുംബൈയിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ലഭ്യമായ വാക്സിന്റെ അളവ് കുറവായതിനാൽ തെരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളിൽ മാത്രമേ 18 വയസ് കഴിഞ്ഞവർക്ക് വാക്സിൻ നൽകുന്നുള്ളൂ. അവർ കോവിൻ ആപ്പിൽ നിർബന്ധമായും മുൻ‌കൂർ രജിസ്‌ട്രേഷൻ നടത്തണം. ഈ പ്രായവിഭാഗത്തിലുള്ളവർക്ക് മെയ് 1-നു ശേഷം ബിഎംസി പ്രതിദിനം സ്ലോട്ടുകൾ ലഭ്യമാക്കുന്നുണ്ട്. അതിന്റെ കൂടുതൽ വിവരങ്ങൾ മുൻസിപ്പൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Keywords: Covid 19, Covid Vaccine, Drive-in Vaccination Center, Mumbai, BMC, കോവിഡ് 19, കോവിഡ് വാക്സിൻ, ഡ്രൈവ് ഇൻ വാക്സിനേഷൻ കേന്ദ്രം, മുംബൈ, ബി എം സി

First published:

Tags: Covid 19 Vaccination, Covid Vaccination, Nation-Wide Vaccination Campaign