നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് വ്യാപനം: പരമാവധി പേരെ പരിശോധിക്കാനുള്ള പദ്ധതിയുമായി ആരോഗ്യ വകുപ്പ്

  കോവിഡ് വ്യാപനം: പരമാവധി പേരെ പരിശോധിക്കാനുള്ള പദ്ധതിയുമായി ആരോഗ്യ വകുപ്പ്

  കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്.

  • Share this:
   തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരമാവധി പേരെ പരിശോധിക്കുന്നത് ഊര്‍ജിത പദ്ധതിയുമായി ആരോഗ്യ വകുപ്പ്.കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്. വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കുമെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചും പരമാവധി പേരെ പരിശോധിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, കച്ചവടക്കാര്‍, വിവിധ ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തും. പരിശോധനയ്ക്കായി അവരവര്‍ തന്നെ മുന്‍കയ്യെടുക്കേണ്ടതാണ്. തുടക്കത്തിലേ രോഗം കണ്ടെത്തിയാല്‍ തങ്ങളേയും കുടുംബത്തേയും ഒരുപോലെ രക്ഷിക്കാനാകും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

   ക്ലസ്റ്റര്‍ മേഖലയില്‍ നേരിട്ടെത്തിയും ക്യാമ്പുകള്‍ മുഖേനയും സാമ്പിള്‍ കളക്ഷന്‍ നടത്തുന്നതാണ്. കാലതാമസമില്ലാതെ പരിശോധനാ ഫലം നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരും പരിശോധന നടത്തേണ്ടതാണ്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും ഗുരുതര രോഗമുള്ളവരും ചെറിയ ലക്ഷണമുണ്ടെങ്കില്‍ പോലും പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ പെട്ടന്ന് ഗുരുതരമാകുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. വിവാഹം, ശവസംസ്‌കാരം തുടങ്ങി പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധന നടത്തും.

   ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്റിജന്‍ പരിശോധന നടത്താനാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 120 ഓളം ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നുണ്ട്. 14 മൊബൈല്‍ ലാബുകള്‍ മുഖേനയും കോവിഡ് പരിശോധന നടത്തിവരുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു.

   പരിശോധനയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. കേസുകള്‍ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിദിന പരിശോധന 1,99,456 വരെ (03.08.2021) വര്‍ധിപ്പിച്ചിരുന്നു.സര്‍ക്കാര്‍ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകള്‍ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമായ ലബോറട്ടറി ഡയഗ്‌നോസിസ് ആന്റ് മാനേജ്മെന്റ് സിസ്റ്റം (എല്‍.ഡി.എം.എസ്.) പോര്‍ട്ടല്‍ വഴിയാണ് ഏകോപിപ്പിക്കുന്നത്. ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമും സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂമും ഇത് ക്രോഡീകരിക്കുന്നു. മൊബൈലിലൂടെ പരിശോധനാ ഫലം ജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള സംവിധാനവും ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

   വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം :അധ്യാപക ദിനത്തിന് മുമ്പായി എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കണം

   അധ്യാപക ദിനത്തിന് മുമ്പായി രാജ്യത്തെ എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അധ്യാപകര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം 2 കോടി അധിക വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.അധ്യാപകരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. പരാമവധി അധ്യാപകര്‍ക്ക് സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണം അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂള്‍ അടഞ്ഞുകിടക്കുകയാണ്.പ്രദേശിക അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം പരിശോധിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.

   ഗുജറാത്തില്‍ സെപ്തംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനം നേരിയ രീതിയില്‍ കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. 6,7,8 ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ തുറക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചത്. അനിന് ശേഷം ഈ വര്‍ഷം ജനുവരിയില്‍ 10,12 ക്ലാസുകള്‍ വീണ്ടും തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടക്കുകയായിരുന്നു.തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളാണ് തുറക്കുക. കോവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
   Published by:Jayashankar AV
   First published:
   )}