തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി പുതിയ മാർഗനിർദേശം. ലക്ഷണങ്ങളുമായി എത്തുന്നവർക്ക് ആദ്യം തന്നെ രണ്ട് പരിശോധനകൾക്കുമുള്ള സാമ്പിൾ ശേഖരിക്കണമെന്നും നിർദ്ദേശം.
സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധന ഒരു ലക്ഷമാക്കുമെന്നും, ആർടി-പിസിആർ പരിശോധന 75 ശതമാനമാക്കുമെന്നുമായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ആർടി-പിസിആർ പരിശോധന കൂടിയില്ല. ഇതോടെയാണ് പരിശോധന മാർഗനിർദേശം പുതുക്കിയത്. പനി, ജലദോഷം അടക്കമുള്ള ലക്ഷണങ്ങളുള്ളവർക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശം. ആർടി-പിസിആർ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തിൽ ആദ്യം തന്നെ രണ്ട് സാംപിൾ ശേഖരിക്കണം.
ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഉടന്‍ തന്നെ രണ്ടാം സാംപിൾ ആർടി-പിസിആർ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്. പുതിയ നിർദ്ദേശം നടപ്പാകുന്നതോടെ ആർടി-പിസിആർ പരിശോധന കൂടുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം ആകെ രോഗികളുടെ എണ്ണം സംസ്ഥാനത്ത് പത്ത് ലക്ഷം കടന്നിരുന്നു. 2020 ജനുവരി 30 നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.ഒരു വർഷവും 15 ദിവസവും പിന്നിടുമ്പോളാണ് കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടക്കുന്നത്.
ആദ്യ എട്ട് മാസത്തിലാണ് ഒരു ലക്ഷം പേർ രോഗികളായതെങ്കിൽ പിന്നീങ്ങോട്ട് രോഗവ്യാപനം അതിരൂക്ഷമായി. ഇടയ്ക്ക് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടി. പ്രതിദിന പരിശോധന ഒരു ലക്ഷമായി ഉർത്തുമെന്ന പ്രഖ്യാപനം ഇപ്പോഴും നടപ്പായിട്ടില്ല.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 2884 കോവിഡ് കേസുകൾ
കേരളത്തില്‍ ഫെബ്രുവരി 15 ന് 2884 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന രണ്ട് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,06,27,542 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് കൂടി സ്ഥിരീകരണമുണ്ടായി. ഇതോടെ ആകെ മരണം 3998 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ് എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 6, കോഴിക്കോട് 5, കണ്ണൂര്‍ 4, എറണാകുളം 3, മലപ്പുറം 2, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട് 1 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.