കോവിഡ് മരണക്കണക്ക്: സമ്പൂർണ്ണ പട്ടിക തയ്യാറാക്കാൻ ഡിഎംഒ മാർ കൂടുതൽ സമയം ആവശ്യപ്പെട്ടെന്ന് ആരോഗ്യമന്ത്രി

രേഖപ്പെടുത്താത്ത കോവിഡ് മരണമുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി

ആരോഗ്യമന്ത്രി വീണ ജോർജ്

ആരോഗ്യമന്ത്രി വീണ ജോർജ്

  • Share this:
തിരുവനന്തപുരം: കോവിഡ് മരണ കണക്ക് സംബന്ധിച്ച സമ്പൂർണ്ണ പട്ടിക പുറത്ത് വിടുന്ന വിഷയത്തിൽ വീണ്ടും മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി. വലിയ വിവരമായതിനാൽ സംസ്ഥാന തലത്തിൽ പ്രസിദ്ധീകരിക്കുക പ്രായോഗികമല്ലെന്നും സംശയമുണ്ടെങ്കിൽ ഡിഎംഒ ഓഫീസിലെത്തിയാൽ കോവിഡ് മരണമാണോ അല്ലയൊ എന്ന് അറിയാനാകുമെന്നുമായിരുന്നു ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

പ്രതിപക്ഷം പ്രതിഷേധിച്ചതോടെ വേണമെങ്കിൽ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ആലോചിക്കാമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇന്ന് വീണ്ടും നിലപാട് മാറ്റി. കോവിഡ് മരണങ്ങൾ സംബന്ധിച്ച സമ്പൂർണ്ണ പട്ടിക തയാറാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർ കൂടുതൽ സമയം ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചു.

ഒരു മാസത്തിനകം സമ്പൂർണ്ണ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് സഭയെ അറിയിച്ചിട്ട് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്ന തൃപ്പൂണിത്തുറ എം.എൽ.എ. കെ. ബാബു സഭയിൽ ചോദിച്ചു. ഇതിന് മറുപടിയായിട്ടാണ് ഡിഎംഒ മാർ സമയം ചോദിച്ചെന്ന വിവരം ആരോഗ്യമന്ത്രി സഭയിൽ അറിയിച്ചത്.

മരണം വിട്ടു പോയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുന്ന നടപടി തുടരുകയാണ്. കോവിഡ് വന്ന് മരിച്ചയാളുടെ മരണം കോവിഡ് ആയി തന്നെ രേഖപ്പെടുത്തും. സംസ്ഥാനത്ത് കോവിഡ് രോഗം വന്നവർക്ക് വീണ്ടും രോഗം വരുന്ന തോത് കുറഞ്ഞു. വാക്സിനേഷൻ എടുത്ത ചിലർക്ക് രോഗം വന്നതായുള്ള റിപ്പോർട്ടുകളുണ്ടെന്നും ഇത് പരിശോധിച്ച് വരുന്നതായും ആരോഗ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയിൽ പറഞ്ഞു.

എന്നാൽ കോവിഡ് മരണം സംബന്ധിച്ച് കൃത്യമായ നിരക്ക് സർക്കാർ വ്യക്തമാക്കുന്നില്ലെന്നും വസ്തുതകൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണെന്നും പ്രതിപക്ഷം വീണ്ടും ആവർത്തിച്ചു. മരണക്കണക്ക് വീണ്ടും പരിശോധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നു. കൃത്യമായിട്ടാണോ പരിശോധിക്കുന്നത് എന്ന് അറിയാൻ പ്രതിപക്ഷം വീണ്ടും വിലയിരുത്തുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു.

അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, പാലക്കാട് 15, പത്തനംതിട്ട 10, കാസര്‍ഗോഡ് 9, എറണാകുളം 7, കൊല്ലം, കോഴിക്കോട് 6 വീതം, തൃശൂര്‍ 5, കോട്ടയം 4, തിരുവനന്തപുരം, മലപ്പുറം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1153, കൊല്ലം 1657, പത്തനംതിട്ട 418, ആലപ്പുഴ 721, കോട്ടയം 1045, ഇടുക്കി 305, എറണാകുളം 1544, തൃശൂര്‍ 2651, പാലക്കാട് 1574, മലപ്പുറം 3589, കോഴിക്കോട് 2244, വയനാട് 534, കണ്ണൂര്‍ 1449, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,77,788 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Summary: Health Minister says DMOs sought more time to furnish list of Covid mortality
Published by:user_57
First published:
)}