കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണ്. നാടിൻ്റെ ആരോഗ്യ സംരക്ഷണത്തിനായി ജീവൻ പണയപ്പെടുത്തിയാണ് ഓരോ ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണിപോരാളികളായി മാറിയിട്ടുള്ളത്. അട്ടപ്പാടിയിൽ വനത്തിനുള്ളിൽ കഴിയുന്ന ആദിവാസി ഊരിലേക്ക് കോവിഡ് പരിശോധനയ്ക്കായി പോവുന്ന ആരോഗ്യ പ്രവർത്തകരുടെ യാത്ര കാണേണ്ട കാഴ്ചയാണ്. അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പർ താമസിക്കുന്ന മുരുഗള ആദിവാസി ഊരിലേക്കാണ് ആരോഗ്യ പ്രവർത്തകരുടെ സാഹസിക യാത്ര. വനത്തിലൂടെ ഒഴുകുന്ന ഭവാനിപുഴ മുറിച്ചുകടന്നു വേണം ഈ ഊരുകളിലെത്താൻ.
പുതൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. സുകന്യ, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ വാസു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സൈജു, ഡ്രൈവർ സജേഷ് എന്നിവരാണ് സാഹസികമായി വനത്തിലൂടെ യാത്ര നടത്തി ഊരിലെത്തിയത്. ഒറ്റപ്പെട്ടുകിടക്കുന്ന ഊരിൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിയ്ക്കാനായിരുന്നു സന്ദർശനം. ഊരുകളിൽ ആൻ്റിജൻ ടെസ്റ്റ് വഴിയാണ് കോവിഡ് പരിശോധന നടത്തിയത്.
Also Read-
കേരളത്തിൽ കോവിഡ് വാക്‌സിന്‍ നിർമ്മാണം ആരംഭിക്കാനുള്ള സാധ്യത തേടും; മുഖ്യമന്ത്രിമെയ് 21നാണ് ഡോക്ടർ സുകന്യയും സംഘവും മുരുഗള ഊരിൽ സന്ദർശനം നടത്തിയത്. മുരുഗള ഊരിന് രണ്ടു കിലോമീറ്റർ അകലെ വരെ മാത്രമേ വാഹനം എത്തു. പിന്നീട് ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴ മുറിച്ചു കടന്ന് വനത്തിലൂടെ നടക്കണം. പുഴയിൽ ഒഴുക്കിന് ശക്തിയുള്ളതിനാൽ അപകട സാധ്യതയേറെയാണ്. വന്യമൃഗങ്ങളും ഏറെയുള്ള സ്ഥലമാണ്. സുരക്ഷിതരായി ഊരിലെത്തിയ ആരോഗ്യ പ്രവർത്തകർ മുപ്പത് പേരിൽ ആൻ്റിജൻ പരിശോധന നടത്തി. പോസിറ്റീവായ ഏഴു പേരെ പുതൂർ ഡൊമിസിലറി കെയർ സെൻ്ററിലേക്ക് മാറ്റി. മറ്റുള്ളവരോട് സുരക്ഷിതരായി ഇരിക്കണമെന്നും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം നൽകിയുമാണ് ആരോഗ്യ പ്രവർത്തകർ മടങ്ങിയത്.
കോവിഡ് രോഗിയെ ചുമന്ന് കാടിറക്കി.രണ്ടാഴ്ച മുൻപാണ് അട്ടപ്പാടിയിലെ ഏറ്റവും ഉൾവനത്തിലുള്ള ഊരിൽ നിന്നും കോവിഡ് രോഗിയെ മുളയിൽ തുണികെട്ടി അതിലിരുത്തി ചുമന്ന് കൊണ്ടു വന്നത്. മേലേ തുടുക്കി ഊരിലെ മല്ലികയെയാണ് ഇത്തരത്തിൽ വനത്തിലൂടെ ചുമന്ന് കൊണ്ടുവന്ന് വാഹനത്തിൽ കയറ്റിയത്. മെയ് 8 നായിരുന്നു സംഭവം. കോട്ടത്തറ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മല്ലികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവർ ആരോഗ്യ പ്രവർത്തകരെ അറിയിയ്ക്കാതെ ആശുപത്രിയിൽ നിന്നും ഊരിലേക്ക് പോയി. തുടർന്നാണ് ആരോഗ്യ പ്രവർത്തകർ മേലേ തുടുക്കി ഊരിലെത്തിയത്.
![]()
വാഹന സൗകര്യം ഇല്ലാത്ത ഈ ഊരിലേക്ക് എത്തിപ്പെടുകയെന്നത് ഏറെ കഠിനമാണ്. കടുകുമണ്ണ ഊരിന് താഴെ വരെ മാത്രമേ വാഹനം എത്തു. പിന്നീട് മൂന്ന് കിലോമീറ്ററോളം നടന്ന് വേണം മേലേ തുടുക്കി ഊരിലെത്താൻ. ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാവാതെ പോന്ന മല്ലികയെ ആരോഗ്യ പ്രവർത്തകർ കണ്ടെങ്കിലും അവർ ക്ഷീണിതയായിരുന്നു. തുടർന്ന് ഊരുകാരുടെ സഹായത്തോടെ മുളയിൽ തുണികെട്ടി മഞ്ചലുണ്ടാക്കിയാണ് വാഹനം നിൽക്കുന്ന സ്ഥലത്തെത്തിച്ചത്.
മൂന്ന് കിലോമീറ്ററോളം ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന വഴിയിലൂടെ ചെങ്കുത്തായ ചരിഞ്ഞ സ്ഥലങ്ങളിലൂടെയാണ് ഊരുകാർ മല്ലികയെ ചുമന്ന് വാഹനത്തിൽ കയറ്റിയത്. മല്ലിക കോവിഡ് നെഗറ്റീവായി ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി. വനത്തിലൂടെ സാഹസിക യാത്ര നടത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് നാടിൻ്റെ കയ്യടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.