HOME » NEWS » Corona » IF INPATIENTS NEED MEDICINE THE POLICE WILL TAKE IT HOME

വിളിക്കൂ 112-ലേക്ക്; കിടപ്പുരോഗികൾക്ക് മരുന്ന് ആവശ്യമുണ്ടെങ്കിൽ പൊലീസ് വീട്ടിലെത്തിക്കും

കിടപ്പിലായ രോഗികള്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ആവശ്യമുള്ള പക്ഷം എത്തിച്ചു നൽകാനായി 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാമെന്ന് സംസ്ഥാന പോലീസ് മേധാവി

News18 Malayalam | news18-malayalam
Updated: May 5, 2021, 11:01 PM IST
വിളിക്കൂ 112-ലേക്ക്; കിടപ്പുരോഗികൾക്ക് മരുന്ന് ആവശ്യമുണ്ടെങ്കിൽ പൊലീസ് വീട്ടിലെത്തിക്കും
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പൊലീസ് സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്ബറില്‍ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പിന്നാലെ ഡിജിപിയും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. വീടുകളില്‍ തന്നെ കിടപ്പിലായ രോഗികള്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ആവശ്യമുള്ള പക്ഷം എത്തിച്ചു നൽകാനായി 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സാധാരണ തരത്തിലുള്ള മരുന്നുകള്‍ എത്തിക്കാനായി ഈ സേവനം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയ വഴി കോവിഡ് അവബോധം വളര്‍ത്താന്‍ സമയബന്ധിതമായി ഇടപെടുന്നതിന് സ്‌റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഫേസ്ബുക്ക് പേജ്, മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകള്‍ എന്നിവകള്‍ ബോധവത്ക്കരണത്തിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടുതൽ ആളുകൾ ആശുപത്രികളിലേക്ക് എത്താനും അഡ്മിറ്റ് ആകാനും തിരക്കുകൂട്ടുന്നു  എന്നാണ് താഴെക്കിടയിൽ നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ.  ആളുകൾ കോവിഡ് ഉണ്ട്‌ എന്നത് കൊണ്ട് മാത്രം ആശുപത്രിയിൽ എത്തണമെന്നില്ല. കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും മറ്റ് അസുഖങ്ങൾ ഇല്ലാത്തവരും വീട്ടിൽ തന്നെ കഴിഞ്ഞാൽ മതി. അവർക്കുള്ള മറ്റ് സംവിധാനങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്. വാർഡ്‌തല സമിതികളും സജീവമാണ്. അങ്ങനെ വീട്ടിൽ തന്നെ കാര്യമായ അസുഖങ്ങൾ ഇല്ലാത്തവർ കഴിഞ്ഞാൽ മാത്രമേ ഗുരുതരമായ രോഗം ഉള്ളവരെ ചികിൽസിക്കാൻ ആശുപത്രികൾക്ക് കഴിയൂ. സ്വകാര്യ ആശുപത്രികളും ഈ കാര്യത്തിൽ ജാഗ്രത കാണിച്ചേ മതിയാകൂ. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യാവൂ. അല്ലാതെ വരുന്നവരെ മുഴുവൻ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതി ഉണ്ടായാൽ നേരത്തെ സൂചിപ്പിച്ചത് പോലെ ഗുരുതര രോഗമുള്ളവർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും.

പെരുന്നാളിന്  മുമ്പുള്ള വെള്ളിയാഴ്ചയാണ് വരാനുള്ളത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ്  കഴിഞ്ഞ റമദാൻ കാലം കടന്നു പോയത്. എല്ലാവരും മികച്ച ജാഗ്രത കാട്ടി. ഇത്തവണ  സ്ഥിതി കൂടുതൽ ഗുരുതരമായതിനാൽ മുൻകാലങ്ങളിലേതു പോലെയോ അതിനേക്കാൾ കൂടുതലോ നിയന്ത്രണങ്ങൾ പാലിക്കണം. കഴിഞ്ഞ തവണ എല്ലാവരും നന്നായി സഹകരിച്ചു - അത് പോലെ ഇത്തവണയും ജാഗ്രതയോടെ നിലകൊള്ളണം എന്നഭ്യർത്ഥിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 18,868 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 9,697 പേർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. പിഴയായി 54,36,200 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.
Published by: Anuraj GR
First published: May 5, 2021, 11:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories