ന്യൂഡൽഹി: ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യത്തിന്റെ സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി ഇന്ത്യ. ഡിസംബർ 23 നാണ് ഇന്ത്യ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ വിലക്കിയത്. ഡിസംബർ 31 വരെയുണ്ടായിരുന്ന വിലക്ക് ജനുവരി ഏഴ് വരെയാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്.
യുകെയിൽ നിന്നെത്തിയ 20 പേർക്ക്
പുതിയ കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടിയിരിക്കുന്നതെന്ന് വ്യോമായന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.
രാജ്യത്ത് ആദ്യമായാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ബെംഗളൂരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ മൂന്നു പേർക്കും ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യുലർ ബയോളജി ലാബിൽ പരിശോധിച്ച രണ്ട് പേർക്കും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഒരാൾക്കുമാണ് രോഗ ബാധ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധിതരായി കണ്ടെത്തിയ എല്ലാവരെയും സിംഗിൾ റൂം ഐസൊലേഷനിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും ക്വറന്റീനിലാക്കിയിട്ടുണ്ട്.
You may also like:Covid 19| സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53
അതേസമയം, ജനിതക മാറ്റം സംഭവിച്ച വൈറസുകളാണെങ്കിലും ഇപ്പോൾ രാജ്യത്ത് പരീക്ഷണത്തിലുള്ള വാക്സിനുകൾ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിക്ക വാക്സിനുകളും വൈറസുകളിൽ ജനിതക മാറ്റമുണ്ടാക്കുമെന്ന് കണക്കാക്കിയാണ് വികസിപ്പിച്ചെടുക്കുന്നത്.
ഈ വൈറസുകൾ 70 ശതമാനം വേഗത്തിൽ വ്യാപിക്കുമെങ്കിലും ആശങ്കാകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും വിഷയത്തിൽ കടുത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ബുധനാഴ്ച്ച 20,550 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,02,44,853 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 1,48,439 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ 286 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.