ന്യൂഡൽഹി: രാജ്യത്ത് ആശ്വാസം പകര്‍ന്ന് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 153,485 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 48 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,80,47,534 ആയി. ഇതിൽ 2,56,92,342 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 20,26,092 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.
രോഗികളുടെ എണ്ണത്തിൽ ഏപ്രിൽ 13 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയതെങ്കിലും മരണനിരക്ക് ഉയർന്ന് നില്‍ക്കുന്നത് ആശങ്ക തന്നെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂവായിരത്തോളം കോവിഡ് മരണങ്ങളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3,128 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,29,100 ആയി ഉയർന്നു.
കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. മെയ് 30 വരെ രാജ്യത്ത് 34,48,66,883 കോവിഡ് പരിശോധനകളാണ് നടന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 16,83,135 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.
രാജ്യത്ത് കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് കണക്കിൽ മുന്നിൽ നിൽക്കുന്നത്. മഹാരാഷ്ട്ര (5,731,815), കർണാടക (2,587,827), കേരളം (2,514,279), തമിഴ്നാട് (2,068,580), ഉത്തർപ്രദേശ് (1,690,060), ആന്ധ്ര (1,685,142) എന്നിങ്ങനെയാണ് കണക്കുകൾ. അതുപോലെ തന്നെ
കോവിഡ് വ്യാപനം രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 34,022,118 കേസുകളുമായി യുഎസ് ആണ് ഒന്നാം സ്ഥാനത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.