HOME » NEWS » Corona »

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ സർവകാല റെക്കോഡിൽ; സമ്പൂർണ്ണ ലോക്ക്ഡൗണിനൊരുങ്ങി സംസ്ഥാനങ്ങൾ

നിലവിലെ കണക്കുകൾ അനുസരിച്ച് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 72% മഹാരാഷ്ട്ര, ഛത്തീസ്ഗ്ഡ്, ഉത്തർപ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.

News18 Malayalam | news18-malayalam
Updated: April 11, 2021, 2:28 PM IST
രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ സർവകാല റെക്കോഡിൽ; സമ്പൂർണ്ണ ലോക്ക്ഡൗണിനൊരുങ്ങി സംസ്ഥാനങ്ങൾ
Covid 19
  • Share this:
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരുലക്ഷത്തിലധികം കോവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇക്കഴി‍ഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ മാത്രം ഒന്നരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് ഒറ്റദിവസത്തിനിടെ 1,52,879 പേർക്കാണ് കോവി‍ഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം സ്ഥിരീകരിച്ച ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിനകണക്കാണിത്.

ഇന്ത്യയില്‍ ഇതുവരെ 1,33,58,805 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,33,58,805 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 11,08,087 ആക്ടീവ് കേസുകളാണുള്ളത്. ആക്ടീവ് കേസുകളും മരണനിരക്കും വർധിച്ച് വരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 839 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 1,69,275 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

Also Read-കോവിഡ് രണ്ടാംതരംഗം ഇല്ലാതാക്കാന്‍ വിമാനത്താവളത്തിൽ മന്ത്രിയുടെ പൂജ; വീഡിയോ വൈറൽ

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യങ്ങളിലൊന്നാണ് രാജ്യത്ത് നടപ്പാക്കപ്പെടുന്നത്. ഇതുവരെ പത്തുകോടിയിലധികം പേർ രാജ്യത്ത് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച് 85 ദിവസത്തിനിടെയാണ് രാജ്യത്ത് ഇത്രയധികം പേർക്ക് വാക്സിൻ നല്‍കിയത്. ഇതോടെ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

വാക്സിനേഷൻ ദൗത്യം വിജയകരമായി നടക്കുമ്പോഴും രോഗം വ്യാപനം ആശങ്ക ഉയർത്തി തുടരുകയാണ്. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുന്ന സാഹചര്യമാണുള്ളത്. നിലവിലെ കണക്കുകൾ അനുസരിച്ച് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 72% മഹാരാഷ്ട്ര, ഛത്തീസ്ഗ്ഡ്, ഉത്തർപ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. രാത്രി കര്‍ഫ്യു, വാരാന്ത്യ ലോക്ക് ഡൗൺ തുടങ്ങി ജനങ്ങളുടെ സഞ്ചാരം കുറച്ച് രോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്.



എന്നാൽ രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതായും റിപ്പോർട്ടുകൾ എത്തുന്നുണ്ട്. കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ രൂക്ഷമായി ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ എന്ന നിര്‍ദേശം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നോട്ട് വച്ചിരുന്നു. പതിനഞ്ച് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ എന്ന നിർദേശമാണ് സർവകക്ഷി യോഗത്തിൽ അദ്ദേഹം മുന്നോട്ട് വച്ചത്. പ്രതിപക്ഷ പാർട്ടികൾ കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ലോക്ക് ഡൗൺ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കോവിഡ് 19 ടാസ്ക് ഫോഴ്സുമായി ഉദ്ധവ് ഇന്ന് ചർച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും നിർണായക തീരുമാനം.

രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഛത്തീസ്ഗഡിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ കൂടിയാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 29 ജില്ലകളിൽ 13 ഇടത്തും നിലവിൽ ലോക്ക് ഡൗൺ നിലവിലുണ്ട്.
Published by: Asha Sulfiker
First published: April 11, 2021, 2:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories