Covid 19 | 85ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ; പ്രതിദിന കണക്കിൽ കേരളത്തെ പിന്തള്ളി ഡൽഹി
Covid 19 | 85ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ; പ്രതിദിന കണക്കിൽ കേരളത്തെ പിന്തള്ളി ഡൽഹി
നിലവിൽ പ്രതിദിന കണക്കിൽ മുന്നില്‍ നിൽക്കുന്ന ഡൽഹിയാണ് ആശങ്ക ഉയർത്തുന്നത്. കോവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നു പോകുന്ന ഡൽഹിയിൽ നിലവിൽ മോശം സാഹചര്യമാണെന്നാണ് കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചത്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർ 86 ലക്ഷത്തിലേക്കടുക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 45,903 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതർ 85,53,657 ആയി ഉയർന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 79,17,373 പേര് രോഗമുക്തി നേടിയിട്ടുണ്ട്. പ്രതിദിനകണക്കിൽ രോഗബാധിതരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 92.56% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നവരുടെ എണ്ണവും നിലവിൽ ആറു ലക്ഷത്തിൽ താഴെയാണ്. തുടർച്ചയായ പതിനൊന്നാം ദിവസമാണ് ഈ എണ്ണം ആറുലക്ഷത്തിൽ താഴെത്തന്നെയായി തുടരുന്നത്. നിലവിൽ 5,09,673 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ആകെ രോഗബാധിതരുടെ 5.96% മാത്രമാണിത്. മരണനിരക്കിലും കുറച്ചുനാളുകളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. 1.48% ആണ് നിലവിലെ മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 490 മരണങ്ങൾ ഉൾപ്പെടെ ആകെ 1,26,611 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കോവിഡ് സാമ്പിൾ പരിശോധനകളും രാജ്യത്ത് വളരെ കൂടുതലാണ്. പ്രതിദിനം പത്തുലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഇതുവരെ 11,85,72,192 സാമ്പിളുകൾ പരിശോധിച്ചുവെന്നാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞു വരികയാണെങ്കിലും ചില സംസ്ഥാനങ്ങൾ ആശങ്ക ഉയർത്തുന്നുണ്ട്.
നിലവിൽ പ്രതിദിന കണക്കിൽ മുന്നില്‍ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഡൽഹിയാണ് ആശങ്ക ഉയർത്തുന്നത്. കോവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നു പോകുന്ന ഡൽഹിയിൽ നിലവിൽ മോശം സാഹചര്യമാണെന്നാണ് കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചത്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 7745 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 438529 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.