Covid 19 | ജെഎൻയുവിലെ കോവിഡ് നിയന്ത്രണങ്ങൾ ഓഗസ്റ്റ് 9 വരെ നീട്ടി

കൊറോണ മഹാമാരിയുടെ വ്യാപനം മൂലം, തുടര്‍ന്നുള്ള ഉത്തരവുകള്‍ ഇറങ്ങുന്നതുവരെ ബി ആര്‍ അംബേദ്കര്‍ സെന്‍ട്രല്‍ ലൈബ്രറി അടച്ചിടും.

JNU Extends Covid-19 Related Restrictions till August 9

JNU Extends Covid-19 Related Restrictions till August 9

 • Share this:
  ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) യിലെ കോവിഡ് -19 അനുബന്ധ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 9 വരെ നീട്ടി ഉത്തരവായി. കൊറോണ മഹാമാരിയുടെ വ്യാപനം മൂലം, തുടര്‍ന്നുള്ള ഉത്തരവുകള്‍ ഇറങ്ങുന്നതുവരെ ബി ആര്‍ അംബേദ്കര്‍ സെന്‍ട്രല്‍ ലൈബ്രറി അടച്ചിടും. എല്ലാ ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും ജൂലൈ 26 മുതല്‍ സ്ഥിരമായി അതത് ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

  താപ്തി, പൂര്‍വ, പൂര്‍വാഞ്ചല്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ ഷോപ്പുകള്‍ക്കൊപ്പംവ്യക്തിഗത ഷോപ്പുകളും രാവിലെ 10 നും രാത്രി 8 നും ഇടയില്‍ പ്രവര്‍ത്തിക്കുന്നതാണ്. കാന്റീനുകള്‍ക്കും ഇതേ കാലയളവില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. 50 ശതമാനം ശേഷിയില്‍ മാത്രമേ കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

  എല്ലാ രീതിയിലുമുള്ള കൊറോണ വൈറസ് പ്രോട്ടോക്കോളും പാലിക്കണമെന്നും ക്യാമ്പസില്‍ ഉണ്ടാകുന്ന സമയമത്രയും എപ്പോഴും മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കാന്റീനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടയുടമകളോടും ഉദ്യോഗസ്ഥരോടും സര്‍വകലാശാല അഭ്യര്‍ത്ഥിച്ചു. സാമൂഹിക അകലം പാലിക്കല്‍, എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കല്‍, നിരന്തരം സാനിറ്റൈസര്‍ ഉപയോഗിക്കല്‍ എന്നിങ്ങനെയുള്ള കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഉചിതമായ പെരുമാറ്റം പിന്തുടരണമെന്ന വ്യവസ്ഥയിലാണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കുന്നത്.

  കുടുംബാംഗങ്ങള്‍ കോവിഡ് പോസിറ്റീവായവരോ ഹോം ക്വാറന്റൈനില്‍ ഉള്ളവരോ ആയ വിദ്യാര്‍ത്ഥികളും ജീവനക്കാരും ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സെക്യുരിറ്റിയേയോ അഡ്മിനിസ്‌ട്രേഷനേയോ അറിയിക്കേണ്ടതാണ്. അവര്‍ ഇതുമായി ബന്ധപ്പെട്ട പ്രസക്തമായ രേഖകള്‍ എത്രയും വേഗം സമര്‍പ്പിക്കേണ്ടതുണ്ട്. കാമ്പസില്‍ താമസിക്കുന്നവര്‍ ആവശ്യമായ നിര്‍ദ്ദേശം കിട്ടുന്നതുവരെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  Also Read-Covid 19 സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 8,718 പേര്‍ക്കെതിരെ കേസ്; 1842 പേര്‍ അറസ്റ്റില്‍

  കോവിഡ്-19 സംബന്ധിച്ച് സര്‍വകലാശാല പുറപ്പെടുവിച്ച ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഏതൊരാള്‍ക്കുമെതിരെ 2005 ലെ ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും, ഐപിസി സെക്ഷന്‍ 188,ഒപ്പം ബാധകമായ മറ്റ് നിയമങ്ങള്‍ എന്നിവ പ്രകാരവും കേസ് ചാര്‍ജ്ജു ചെയ്യുന്നതായിരിക്കും.

  ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) ഇന്ത്യയിലെ ന്യൂഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന ഒരു പൊതു കേന്ദ്ര സര്‍വ്വകലാശാലയാണ്. 1969 ല്‍ സ്ഥാപിതമായ ഈ സര്‍വകലാശാല ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലാണ് അറിയപ്പെടുന്നത്. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്കും സ്വതന്ത്രമായ സര്‍ഗ്ഗാത്മകസൃഷ്ടികള്‍ക്കും അപ്ലൈഡ് സയന്‍സുകള്‍ക്കും ഗവേഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനും ഏറെ പേരുകേട്ട ശ്രേഷ്ഠമായ കലാലയമാണ്.

  ഇന്ത്യയുടെ പ്രസിഡന്റാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ സ്ഥിരം സന്ദര്‍ശകന്‍. ചാന്‍സലര്‍ സര്‍വകലാശാലയുടെ നാമമാത്രമായി പ്രാധാന്യമുള്ള തലവനും വൈസ് ചാന്‍സലര്‍ സര്‍വകലാശാലയുടെ ഭരണ നിര്‍ വഹണ അധികാരങ്ങളുള്ള മേധാവിയുമാണ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്കനുസരിച്ചാണ് ഇരുവരെയും പ്രസിഡണ്ട് നിയമിക്കുന്നത്. കോടതി, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, ധനകാര്യ സമിതി എന്നിവയാണ് സര്‍വകലാശാലയുടെ മറ്റ് ഭരണാധികാരികള്‍.

  രാഷ്ട്രീയ പ്രാധാന്യമുള്ള പല വിഷയങ്ങള്‍ക്കുമെതിരെ ചടുലമായ പ്രതികരണ സ്വഭാവം കൊണ്ട് വളരെ ശ്രദ്ധനേടുന്ന ഒരു കലാലയമാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല.
  Published by:Jayashankar AV
  First published:
  )}