• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ'; രൂക്ഷമാകില്ലെന്ന് കാൺപുർ ഐഐടി

'കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ'; രൂക്ഷമാകില്ലെന്ന് കാൺപുർ ഐഐടി

ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ കാലളവിലായിരിക്കും കോവിഡിന്‍റെ മൂന്നാമത്തെ തരംഗം രാജ്യത്ത് എത്തുന്നതെന്ന് പഠനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ലഖ്‌നൗ: കോവിഡ് മൂന്നാം തരംഗം ഒക്ടോബർ മാസത്തിൽ ഇന്ത്യയിൽ വ്യാപിക്കുമെന്ന് പുതിയ പഠനം. അതേസമയം രണ്ടാം തരംഗം പോലെ മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കാൺപുർ ഐ ഐ ടി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഐ ഐ ടിയിലെ ഗണിതശാസ്ത്ര വിശകലന സംവിധാനമായ സൂത്രത്തിന്‍റെ സഹായത്തോടെ നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രൊഫ. മനീന്ദ്ര അഗർവാളാണ് ഇതുസംബന്ധിച്ച പഠനത്തിന് നേതൃത്വം നൽകിയത്.

    ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ കാലളവിലായിരിക്കും കോവിഡിന്‍റെ മൂന്നാമത്തെ തരംഗം രാജ്യത്ത് എത്തുന്നതെന്ന് മനീന്ദ്ര അഗർവാൾ വ്യക്തമാക്കി. മൂന്നാം തരംഗത്തെ വിലയിരുത്തുന്നതിനായി കഴിഞ്ഞ ഒരു മാസത്തിനിടെ ഞങ്ങളുടെ മോഡലിലൂടെ പല തലതത്തിലും രീതിയിലുമുള്ള വിശകലനങ്ങളും കണക്കുകൂട്ടലുകളും നടത്തിയതായി മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി.

    ഈ പഠനത്തിൽ വ്യക്തമായ പ്രധാനപ്പെട്ട കാര്യം, മൂന്നാം തരംഗം രണ്ടാമത്തെ തരംഗത്തെപ്പോലെ രൂക്ഷമാകില്ല എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്ന പുതിയ വേരിയന്‍റ് ഓഗസ്റ്റ് അവസാനത്തോടെ വന്നാൽ മാത്രമായിരിക്കും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ മൂന്നാമത്തെ തരംഗം രാജ്യത്ത് വരിക. കോവിഡ് മൂന്നാമത്തെ തരംഗം ആദ്യ തരംഗത്തിന് തുല്യമായിരിക്കുമെന്നും പഠനത്തിൽ വ്യക്തമായതായി മനീന്ദ്ര അഗർവാൾ പറഞ്ഞു.

    Also Read- കോവിഡിനെ പ്രതിരോധിക്കാൻ മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കണോ? ബൂസ്റ്റർ ഡോസ് ചർച്ചയാകുന്നു

    ആദ്യ തരംഗത്തിൽ രോഗബാധിതരായവർ മൂന്നാം തരംഗത്തിൽ വീണ്ടും കോവിഡിന്‍റെ പിടിയിൽ അകപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ആദ്യ തരംഗത്തിൽ രോഗബാധിതരായ അഞ്ചു മുതൽ 20 ശതമാനം പേർക്ക് പ്രതിരോധ ശേഷി നഷ്ടപ്പെടാനാണ് സാധ്യതയെന്നും പഠനസംഘം വിലയിരുത്തുന്നു. പുതിയ വകഭേദങ്ങൾ നിലവിലുള്ള വാക്സിനുകളെ മറികടക്കുമെന്ന ആശങ്കയും നിലവിലുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഒക്ടോബറിൽ മൂന്നാം തരംഗ സാധ്യത പഠന റിപ്പോർട്ട് മുന്നോട്ടു വെക്കുന്നത്.

    സംസ്ഥാനത്ത് 18ന് മുകളിലുള്ള പകുതിപ്പേർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകി; ഇതുവരെ വാക്സിൻ നൽകിയത് 1.66 കോടി പേർക്ക്

    സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് 19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,20,10,450 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 46,79,150 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

    രാജ്യത്താകെ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 50.04 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. കൂടുതല്‍ വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.
    Published by:Anuraj GR
    First published: