കന്യാകുമാരി: കോൺഗ്രസിന്‍റെ മുതിർന്ന നേതാവും എം.പിയുമായ എച്ച് വസന്ത് കുമാർ(70) കോവിഡ് ബാധിച്ചു മരിച്ചു. കന്യാകുമാരിയിൽനിന്നുള്ള ലോക്സഭാ അംഗമായിരുന്ന എച്ച് വസന്ത് കുമാർ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ച് വെള്ളിയാഴ്ച വൈകിട്ട് 6.56 നാണ് അന്തരിച്ചത്. കോവിഡ് ബാധിതനായിരുന്ന വസന്ത് കുമാർ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വീട്ടുപകരണങ്ങളായ വസന്ത് ആന്റ് കോയുടെ സ്ഥാപനകനായിരുന്ന എച്ച് വസന്ത് കുമാറിനെ കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഓഗസ്റ്റ് 10 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുതവണ എംഎൽഎ ആയിരുന്ന വസന്തകുമാർ 2006 ൽ നംഗുനേരി നിയോജകമണ്ഡലത്തിൽ നിന്നാണ് ആദ്യമായി തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷം 2016ലും അദ്ദേഹം നിയമസഭാംഗമായി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കന്യാകുമാരി പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചു വിജയിച്ചതോടെ അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന പൊൻ രാധാകൃഷ്ണനെ വൻ ഭൂരിപക്ഷത്തിലാണ് വസന്ത് കുമാർ പരാജയപ്പെടുത്തിയത്.
മുൻ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കുമാരി അനന്തന്റെ സഹോദരനായിരുന്നു എച്ച് വസന്ത് കുമാർ. തെലങ്കാന ഗവർണർ തമിഴ്സായ് സൗന്ദരരാജൻ അദ്ദേഹത്തിന്റെ മരുമകളാണ്.
എച്ച് വസന്തകുമാറിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.
തിരുവനന്തപുരം: കന്യാകുമാരിയില്‍ നിന്നുള്ള ലോക്‌സഭാംഗവും തമിഴ്‌നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ എച്ച് വസന്തകുമാറിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. താനുമായി വളരെ അടുത്ത സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ് എച്ച് വസന്തകുമാര്‍. അദ്ദേഹത്തിന്റെ സഹോദരനും, തമിഴ്‌നാട് മുന്‍ പി സി സി പ്രസിഡന്റുമായിരുന്ന കുമരി അനന്തനുമായും വളരെയേറെ സൗഹൃദം ഉണ്ടായിരുന്നു. വസന്തകുമാറിന്റെ നിര്യാണത്തിലൂടെ കരുത്തനായ നേതാവിനെയാണ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.