• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Covid 19| സംസ്ഥാനത്തെ കോവിഡ് പരിശോധനാ രീതി മാറ്റണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന

Covid 19| സംസ്ഥാനത്തെ കോവിഡ് പരിശോധനാ രീതി മാറ്റണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന

പരിശോധന കോവിഡ് രോഗിയുമായി കോൺടാക്ടിൽ ഉള്ളവർക്ക് പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കെജിഎംഒഎ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കോവിഡ് പരിശോധന രീതി വിപരീത ഫലം ഉണ്ടാക്കിയേക്കുമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ.  സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്. എന്നാൽ നിലവിലെ സമൂഹ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നമ്മുടെ അടിസ്ഥാന സൗകര്യം കൂടെ പരിഗണിക്കുമ്പോൾ ഇതിൻ്റെ പ്രായോഗികതയിലും ശാസ്ത്രീയതയിലും എതിർപ്പുണ്ട്. ആർടിപിസിആർ ടെസ്റ്റിംഗ് സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോൾ ചെയ്യുന്നത്. പരിശോധന ഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ കൂട്ട പരിശോധനയുടെ ഫലം ഇപ്പാഴും പൂർണ്ണമായും ലഭ്യമായിട്ടില്ല. ചികിത്സാർത്ഥം നിർബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭ്യമാകുന്നില്ല. ഇത് പ്രതികൂലമായി ബാധിക്കുന്നു എന്നും കെജിഎംഒഎ അറിയിച്ചു

പരിശോധന സാമ്പിൾ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പിൽ പരിമിതമാണ്. ഈ വസ്തുതകൾ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം നമ്മുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. ഈ വസ്തുതകൾ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുടെ സമ്പർക്കത്തിലുള്ളവരിലേയ്ക്കും നിശ്ചിത ഗ്രൂപ്പിലേയ്ക്കും നിജപ്പെടുത്തണം. മുഴുവൻ ജനങ്ങളും രോഗവ്യാപനം തടയുന്ന പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുന്നു എന്ന് കർശനമായി ഉറപ്പു വരുത്തുകയുമാണ് ഈ പാൻഡമിക്കിൻ്റെ ഇന്നത്തെ അവസ്ഥയിൽ നിർബന്ധമായും ചെയ്യേണ്ടതെന്നും കത്തിൽ പറയുന്നു

മറ്റ് നിർദ്ദേശങ്ങൾ

 • വീട്ടിലെ ചികിത്സ പ്രോത്സാഹിപ്പിക്കുകയും വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി ക്വറന്റീൻ സെന്റർ പോലുള്ള തുടങ്ങുകയും വേണം.

 • പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററുകൾ, സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ എന്നിവ തുടങ്ങുമ്പോൾ അടുത്ത ആറ് മാസത്തേക്കെങ്കിലും താൽക്കാലിക നിയമനം വഴി ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകൾ തദ്ദേശഭരണ വകുപ്പിനാകണം.

 • ഓരോ ജില്ലകളിലും നിശ്ചിത എണ്ണം സിഎഫ്എൽടിസി കൾ തുടങ്ങുകയും ഓരോ സിഎഫ്എൽടിസിയും കിടക്കകൾ പൂർണമായും ഉപയോഗപ്പെടുത്തിയതിന് ശേഷം മാത്രം പുതിയവ തുടങ്ങുന്നുള്ളു എന്ന് ഉറപ്പു വരുത്തണം.

 • എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം.

 • അർഹതപ്പെട്ടവർക്ക് കാസ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം. ‌

 • സംസ്ഥാനത്ത് ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക.

 • കോവിഡ് വാക്സിനേഷൻ വേഗത്തിൽ പരമാവധി പേരിലേക്ക് എത്തിക്കണം.

 • വാർഡ് തല സമിതികൾ വഴി ഓരോ വാർഡിലും വാക്സിനർഹരായവരെ രജിസ്റ്റർ ചെയ്യണം.

 • കൂടുതൽ വാക്സിനേഷൻ മെഗാക്യാമ്പുൾ സംഘടിപ്പിക്കണം.

 • മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ രൂപീകരിക്കുക.

 • വാക്സിനേഷൻ സെന്ററുകളുടെ വിവരവും ലഭ്യമായ വാക്സിൻ്റെ കാര്യം ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം.

 • സ്വകാര്യ സ്ഥാപനങ്ങളിൽ സർവ്വീസ് ചാർജ് മാത്രം ഈടാക്കി വാക്സിൻ സൗജന്യമാക്കണം.

 • വാക്സിൻ സ്വീകാര്യത വർദ്ധിപ്പിക്കാൻ പൊതു ജനങ്ങളിൽ അവബോധമുണ്ടാക്കണം.

 • വാക്സിനേഷൻ വ്യാപിപ്പിക്കുന്നതിനായി കൂടുതൽ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ കോവിഡ് ബ്രിഗേഡിൻ്റെ കീഴിൽ നിയമിക്കണം.

 • എല്ലാ തരം ആൾക്കൂട്ടങ്ങളും നിയമപരമായി തന്നെ നിയന്ത്രിക്കണം.

 • ആരോഗ്യജീവനക്കാർക്കുള്ള നിർദ്ദേശങ്ങളും ഓർഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടർ തലത്തിൽ നിന്നു തന്നെ ഉണ്ടാവുകയും, അതു എല്ലാജില്ലകളിലും ഒരു പോലെ പ്രാവർത്തികമാക്കുകയും ചെയ്യണം.

 • ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ പൊതുജനാരോഗ്യ സംബന്ധമായ വിഷയങ്ങളിലുള്ള ചർച്ചയിലും നയരൂപീകരണത്തിലും പരിഗണിക്കപ്പെടണം.

 • കടുത്ത മാനസിക സമ്മർദ്ദത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക്പി ന്തുണയേകുന്ന തരത്തിലുള്ള സമീപനമായിരിക്കണം അധികാരികളിൽ നിന്ന് ഉണ്ടാകേണ്ടത് എന്ന് സംഘടന ആവശ്യപ്പെടുന്നു.

 • വൈറസിൻറെ ജനിതക ശ്രേണീകരണം, ഗവേഷണം തുടങ്ങിയവ നടത്തുകയും അവയുടെ ഫലം ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകുകയും വേണമെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ നിർദ്ദേശിക്കുന്നു

Published by:Rajesh V
First published: