കെ എം എംഎല്ലിന്റെ പഴയ പ്ലാന്റ് നവീകരിച്ചാൽ 30 ടൺ മെഡിക്കൽ ഓക്സിജൻ ലഭിക്കും: മന്ത്രി ഇ.പി ജയരാജൻ

കൊല്ലം ചവറ കെ എം എം എല്ലിലെ പഴയ പ്ലാന്‍റ് നവീകരിച്ചാൽ 30 ടൺ മെഡിക്കൽ ഓക്സിജൻ ഉൽപാദിപ്പിക്കാനാകുമെന്നാണ് ഇ.പി ജയരാജൻ പറയുന്നത്.

ഇ.പി ജയരാജൻ

ഇ.പി ജയരാജൻ

 • Share this:
  തിരുവനന്തപുരം: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്നതിനിടെ വർദ്ധിച്ചുവരുന്ന ഓക്സിജൻ ആവശ്യം നേരിടാൻ നിർദേശവുമായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. കൊല്ലം ചവറ കെ എം എം എല്ലിലെ പഴയ പ്ലാന്‍റ് നവീകരിച്ചാൽ 30 ടൺ മെഡിക്കൽ ഓക്സിജൻ ഉൽപാദിപ്പിക്കാനാകുമെന്നാണ് ഇ.പി ജയരാജൻ പറയുന്നത്. ഇക്കാര്യം പരിശോധിക്കാൻ കെ എം എം എല്ലിന്റെ എം ഡിയ്ക്ക് നിർദ്ദേശം നൽകിയതായും ഇതുമായി ബന്ധപ്പെട്ട് നടപടികൾ സജീവമാക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതുകയും ചെയ്തതായും ഇ. പി ജയരാജൻ പറഞ്ഞു.

  ആരോഗ്യരക്ഷയിൽ ഓക്സിജന്റെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്. ഓക്സിജൻ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്. കൊവിഡ് ചികിൽസയ്ക്ക് ആവശ്യമായ ഓക്സിജൻ കൈവശമുള്ള ഏക സംസ്ഥാനം കേരളമാണ്. എൽ ഡി എഫ് ഗവൺമെന്റ് സ്വീകരിച്ച ക്രിയാത്മക നടപടികളാണ് സ്ഥിതി ഭദ്രമാക്കിയത്. നിലവിൽ കൂടുതൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയുമാണ്. കൊല്ലം ചവറയിലെ കേരള മിനറൽസ് ആന്റ് മെറ്റൽസിലെ പഴയ ഓക്സിജൻ പ്ലാന്റ് നവീകരിക്കാനുള്ള സാധ്യതകൾ തേടുന്നത് അതിന്റെ ഭാഗമാണ്. ഇക്കാര്യം പരിശോധിക്കാൻ കെ എം എം എല്ലിന്റെ എം ഡിയ്ക്ക് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് നടപടികൾ സജീവമാക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതുകയും ചെയ്തു.

  1984ല്‍ ആണ് കെ എം എം എല്ലിൽ ആദ്യ ഓക്സിജൻ പ്ലാന്റ് നിര്‍മ്മിച്ചത്. 50 ടണ്‍ ആയിരുന്നു ഉൽപ്പാദനശേഷി. കാലക്രമേണ അത് 30 ടണ്ണായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് എൽ ഡി എഫ് ഗവൺമെന്റ് മുൻകൈ എടുത്ത് ആധുനിക പ്ലാൻറ് സ്ഥാപിച്ചത്. ഈ പ്ലാന്റിൽ 10 ശതമാനം മാത്രമേ മെഡിക്കൽ ആവശ്യത്തിനുള്ള ദ്രവീകൃത ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കഴിയൂ. 90 ശതമാനം വ്യവസായ ആവശ്യത്തിനുള്ള ഓക്സിജനാണ് ഉൽപ്പാദിപ്പിക്കുന്നത്.

  Also Read-Explained | ഓക്സിജൻ കോൺസൺട്രേറ്ററിന് ആവശ്യക്കാർ വർദ്ധിച്ചത് എന്തുകൊണ്ട്? സിലിണ്ടറുകളിൽ നിന്ന് അവ വ്യത്യസ്തമാവുന്നതെങ്ങനെ?

  പഴയ പ്ലാൻറ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നില്ല. സാങ്കേതികവിദ്യയില്‍ മാറ്റം വരുത്തിയാൽ ദ്രവീകൃത ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന തരത്തിലേക്ക് ഈ പ്ലാന്റിനെ സജ്ജമാക്കാനാകും. പുതിയ കണ്‍ട്രോള്‍ സംവിധാനം ഉള്‍പ്പടെ 25 കോടിയോളം രൂപ മുതല്‍ മുടക്കിയാല്‍ ദിവസവും 30 ടണ്‍ മെഡിക്കല്‍ ഓക്‌സിജൻ ഇവിടെ ഉൽപ്പാദിപ്പിക്കാം. 15 മാസമാണ് ഇതിന് വേണ്ടി വരിക. ഇത്തരത്തില്‍ പൊതുമേഖലയില്‍ മെഡിക്കല്‍ ഓക്‌സിജന് മാത്രമായി ഒരു പ്ലാന്റ് സജ്ജമായാൽ ആരോഗ്യമേഖലയ്ക്ക് വലിയ സഹായമാകും. ഭാവിയിലെ പ്രതിസന്ധി ഘട്ടങ്ങൾ അതിജീവിക്കാനും കരുത്തുപകരും.

  സംസ്ഥാനത്ത് 510 മെട്രിക് ടൺ കരുതൽ ഓക്സിജൻ

  പ്രതിദിന രോഗികളുടെ എണ്ണം 30,000ന് മുകളില്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ തുടര്‍ച്ചയായാണ് ഈ യോഗം കൂടിയത്.

  സംസ്ഥാനത്ത് പ്രതിദിനമുള്ള ഓക്‌സിജന്റെ ഉത്പാദനം, വിതരണം, ഉപയോഗം, ആസന്നമായിരിക്കുന്ന രോഗികളുടെ എണ്ണത്തിലുള്ള ക്രമാനുഗതമായ വര്‍ധനവിന് ആനുപാതികമായുള്ള മുന്നൊരുക്കങ്ങള്‍ എന്നിവ പ്രത്യേകമായി യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 220 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാണ്. കോവിഡ് ചികിത്സയ്ക്കും കോവിഡ് ഇതര ചികിത്സയ്ക്കുമായി ഏകദേശം 100 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഉപയോഗിക്കേണ്ടി വരുന്നത്. വിതരണ ശേഷം ഓക്‌സിജന്‍ ഉത്പാദന കേന്ദ്രത്തില്‍ 510 മെട്രിക് ടണ്ണോളം ഓക്‌സിജന്‍ കരുതല്‍ ശേഖരമായുണ്ട്. ഏത് പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കാന്‍ പറ്റുന്ന തരത്തില്‍ കരുതല്‍ ശേഖരം 1000 മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുന്നതിന്റെ വിവിധ സാധ്യതകള്‍ യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു.
  Published by:Anuraj GR
  First published:
  )}