HOME » NEWS » Corona » KOHLI AND ANUSHKA DONATE RS 2 CRORE TO COVID 19 RELIEF WORK JK INT

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ സംഭാവന നല്‍കി കോഹ്ലിയും അനുഷ്‌കയും

എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും വീഡിയോയും പുറത്ത് വിട്ടു

News18 Malayalam | news18-malayalam
Updated: May 7, 2021, 3:18 PM IST
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ സംഭാവന നല്‍കി കോഹ്ലിയും അനുഷ്‌കയും
Virat Kohli, Anushka Sharma
  • Share this:
രാജ്യത്ത് കോവിഡ് ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപയുടെ ധനസഹായം നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയും രംഗത്തെത്തിയിരിക്കുന്നു. ധനശേഖരണ പ്ലാറ്റ്‌ഫോം ആയ കെറ്റോ ഇന്ത്യ വഴി ഏഴ് കോടി രൂപ സമാഹരിക്കാനാണ് കോഹ്ലിയും അനുഷ്‌കയും ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഐ പി എല്‍ സീസണ്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് നിര്‍ത്തി വെച്ചതിന്റെ തൊട്ട് പിന്നാലെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന ചെയ്ത് കോഹ്ലിയും അനുഷ്‌കയും രംഗത്തെത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ കോഹ്ലി ചൊവ്വാഴ്ച മുംബൈയിലേക്ക് മടങ്ങിയിരുന്നു.

കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സമയത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക് 2 കോടി രൂപ നല്‍കിയതിനോടൊപ്പം തന്നെ കെറ്റോയില്‍ '#ഇന്‍ദിസ്ടുഗദര്‍' എന്ന പേരില്‍ ഒരു ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ടെന്ന് ഇരുവരും സാമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും വീഡിയോയും പുറത്ത് വിട്ടു.

Also Read- COVID 19| 24 മണിക്കൂറിൽ രാജ്യത്ത് 4,14,188 കോവിഡ് രോഗികൾ; മരണം 3,915

'രാജ്യം ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. ഈ സമയം നമ്മള്‍ ഒരുമിച്ച് നിന്ന് കഴിയാവുന്നത്ര ധനസമാഹരണം നടത്തേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ മനുഷ്യര്‍ അനുഭവിക്കുന്ന ഈ ദുരിതം കണ്ട് ഞെട്ടുകയാണ് ഞാനും അനുഷ്‌കയും. എത്രത്തോളം പേരെ സഹായിക്കാന്‍ കഴിയുമോ അത്രത്തോളം പേരെ സഹായിക്കാനാണ് ശ്രമിച്ചിരുന്നത്.എന്നാലിപ്പോള്‍ ഇതിന് മുന്‍പ് നമ്മള്‍ നല്‍കിയ സഹായങ്ങള്‍ക്കെല്ലാം അപ്പുറം ഇപ്പോള്‍ നല്‍കണം'- കോഹ്ലി പറഞ്ഞു.



കെറ്റൊയിലൂടെ നടത്തുന്ന ഏഴ് ദിവസം നീണ്ട ധനസമാഹരണത്തിലൂടെ ഏഴ് കോടി രൂപയാണ് ഇരുവരും ലക്ഷ്യമിടുന്നത്. തുക ആക്ട് ഗ്രാന്റ്‌സിലേക്കാണ് നല്‍കുക. ഈ സംഘടനയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണവും, ബോധവല്‍ക്കരണ ക്ലാസുകളും, ടെലിമെഡിസിന്‍ സൗകര്യങ്ങളും നടക്കുന്നുണ്ട്. കോവിഡ് ഒന്നാം ഘട്ടത്തില്‍ ഇരുവരും ചേര്‍ന്ന് 3 കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ പ്രതിദിനം നാലു ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് രോഗബാധ മൂലമുള്ള മരണനിരക്ക് നാലായിരത്തിനോടടുത്തു. കഴിഞ്ഞ 24 മണിക്കൂറുകളില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 3915 പേരാണ്.

ക്രിക്കറ്റ് രംഗത്തു നിന്ന് ഒട്ടേറെ പേര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവുമായി രംഗത്തെത്തിയിരുന്നു. ഒട്ടേറെ വിദേശ താരങ്ങളും ഇന്ത്യയില്‍ ഓക്‌സിജന്‍ വിതരണത്തിനായി സംഭാവനകള്‍ നല്‍കിയിരുന്നു. അപ്പോഴും വിരാട് കോഹ്ലിയെപോലെ സമൂഹമാധ്യമങ്ങളില്‍ വളരെയേറെ സ്വാധീനമുള്ള വ്യക്തികള്‍ മുന്നോട്ട് വരാതിരുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Published by: Jayesh Krishnan
First published: May 7, 2021, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories