അന്തരിച്ച നടൻ റിസബാവ കോവിഡ് പോസിറ്റീവ് ; പൊതുദർശനം ഒഴിവാക്കി

റിസബാവയുടെ സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ നടക്കും. മൃതദേഹം ആശുപത്രിയില്‍ നിന്നും നേരിട്ട് ഖബ്ര്‍സ്ഥാനിലേക്ക് കൊണ്ടുപോകും.

Rizabawa

Rizabawa

 • Share this:
  കൊച്ചി: അന്തരിച്ച നടൻ റിസബാവയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് 19 ഫലം പോസിറ്റീവായത്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. സന്ധ്യയോടെയാണ് കോവിഡ് പരിശോധനാ ഫലം ലഭിച്ചത്. റിസബാവയുടെ സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ നടക്കും. മൃതദേഹം ആശുപത്രിയില്‍ നിന്നും നേരിട്ട് ഖബ്ര്‍സ്ഥാനിലേക്ക് കൊണ്ടുപോകും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും റിസബാവയുടെ സംസ്‌കാരം നടത്തുകയെന്ന് അധികൃതർ അറിയിച്ചു.

  വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിസബാവ ഇന്ന് വൈകിട്ടോടെയാണ് അന്തരിച്ചത്. ഒട്ടേറെ സിനിമകളിൽ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചാണ് റിസാബാവ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷമാണ് റിസബാവയ്ക്ക് കരിയറിൽ ബ്രേക്കായത്.

  സിനിമയിലും സീരിയലിലുമായി നൂറ്റിയമ്പതോളം കഥാപാത്രങ്ങളെ അവതരിപ്പിച്ച റിസാബാവ, നായകവേഷത്തിലും അഭിനയിച്ചിട്ടുണ്ട്. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായാണ് റിസബാവ വേഷമിട്ടത്. എന്നാൽ നായകകഥാപാത്രങ്ങൾ പിന്നീട് റിസബാവയെ തേടി അധികം എത്തിയിട്ടില്ല. അങ്ങനെയാണ് മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിൽ റിസബാവ ചുവടുറപ്പിക്കുന്നത്. തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ റിസബാവ വില്ലനായി നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്.

  Also Read- RizaBawa | വില്ലനായി തിളങ്ങിയ നടൻ; ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി അവിസ്മരണീയ കഥാപാത്രം

  അനിയൻ ബാവ ചേട്ടൻ ബാവ എന്ന ഹിറ്റ് ചിത്രത്തിൽ വില്ലൻ വേഷമായിരുന്നെങ്കിലും ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് റിസബാവ തെളിയിച്ചു. ചമ്പക്കുളം തച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും റിസബാവ വില്ലനായി രംഗത്തെത്തി.

  Also See- റിസബാവയുടെ വേർപാട് വേദനയായി; താരത്തെ അനുസ്മരിച്ച് മലയാള സിനിമാലോകം

  ഏറ്റവും ഒടുവിൽ വൺ, പ്രൊഫസർ ഡിങ്കൻ, മഹാവീര്യർ എന്നീ ചിത്രങ്ങളിലാണ് റിസബാവ അഭിനയിച്ചത്. കൂടുതലായും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും സ്വഭാവനടനായും റിസബാവ തിളങ്ങി. അതിന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അംഗീകാരങ്ങൾ നേടിയ കലാകാരനാണ് റിസബാവ. നിരവധി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.

  വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.

  എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് റിസബാവ. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.
  Published by:Anuraj GR
  First published:
  )}