ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കോവിഡ് മുന്നണിപോരാളികള്ക്കിടയിലും വാക്സിന് സ്വീകരിച്ചവര്‍ കുറവാണെന്നത് ഗുരുതരമായ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് ആശങ്ക അറിയിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്സിന്റെ രണ്ടാമത്തെ ഡോസ് നല്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചവര്‍ കുറവാണെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് രാജേഷ് ഭൂഷണ് പറഞ്ഞു.
കോവിഡ് വ്യാപനത്തെ നേരിടുന്നതിനും വാക്സിനേഷന് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ വാക്സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം കുറവാണെന്ന് മന്ത്രാലയം പറഞ്ഞു. പുതിയ വാക്സിന് നയം പ്രകാരം ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 25 ശതമാനം സ്വകാര്യ മേഖലയ്ക്ക് വാങ്ങാന്‍ കഴിയുമെന്നും വാക്സിനേഷന് വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് സ്വകാര്യ മേഖല പിന്തുണ നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വാക്സിനേഷന് വേഗത്തിലാക്കുന്നതിനായി കോവിന്‍ പ്ലാറ്റ്ഫോമില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചു. വാക്സിന് കുത്തിവയ്പ്പ് എടുക്കുന്നവരുടെ പേര്, ജനിച്ച വര്‍ഷം, സ്ത്രിയോ പുരുഷനോ എന്ന കാര്യം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ തിരുത്തല്‍ വരുത്താം.
Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 14,424 കോവിഡ് കേസുകൾ; മരണം 194
അതേസമയം ഫൈസര്‍ ഉള്‍പ്പെടെയുള്ള വിദേശ വാക്സിന് നിര്‍മ്മാതക്കള്‍ക്ക് നിയമപരമായ ബാധ്യതകളില്‍ നിന്ന് സംരക്ഷണം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിന് ക്ഷാമം നേരിടുന്നതിനാല്‍ രാജ്യത്ത് കൂടുതല്‍ വാകിസിന് ലഭ്യമാക്കുന്നതിനായാണ് വിദേശ വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് നിയമപരമായ സംരക്ഷണം നല്കാന് ഇന്ത്യ തയ്യാറാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഏപ്രിലില്‍ ഫൈസര്‍, മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നീ വാക്സിന് നിര്‍മ്മാതക്കളെ ഇന്ത്യയിലേക്ക് വാക്സിന് വില്‍ക്കുന്നതിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി കമ്പനികള്‍ ഇതുവരെ കരാറില്‍ എത്തിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.